രചന : ജിജി കേളകം✍

മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് പി ചന്ദ്രകുമാർ.
അദ്ദേഹം പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആണ് ജനിച്ചത്. അച്ഛൻ കുമാരൻ നായർ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനോടൊപ്പം ഒരു വിഷവൈദ്യൻ കൂടിയായിരുന്നു. അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോൾ ചന്ദ്രകുമാർ കുറച്ചുകാലം വിഷചികിത്സ നടത്തിയിരുന്നു. പതിനാലു വയസ്സു പ്രായമേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ.. കഥകളി ആശാന്‍ കാവുങ്കല്‍ ശങ്കരന്‍കുട്ടി പണിക്കരുമായുള്ള ബന്ധം കഥകളിയോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം വര്‍ധിപ്പിച്ചു. കൊല്ലങ്കോട് കൊട്ടാരത്തില്‍ വിദേശികള്‍ക്കു മുന്നില്‍ കഥകളി അവതരിപ്പിക്കാന്‍ പണിക്കരാശാന്‍റെ ഒപ്പം കൂടുമായിരുന്നു.


വാസു ഫിലിംസ് കമ്പനി, വാസു സ്റ്റുഡിയോ എന്നിവയുടെ ഉടമയായിരുന്ന വാസുമേനോൻ ഒരിയ്ക്കൽ പാമ്പുകടിയേറ്റ് ചന്ദ്രകുമാറിന്റെ അടുത്ത് ചികിത്സ തേടിയിരുന്നു. ചന്ദ്രകുമാർ ഒരു കഥകളി നടൻ കൂടിയാണെന്ന് മനസ്സിലാക്കിയ വാസു മേനോൻ അദ്ദേഹത്തെ സിനിമയിലേയ്ക്ക് ക്ഷണിച്ചു. അത് ചന്ദ്രകുമാറിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി.


പി ഭാസ്ക്കരൻ സംവിധാനം ചെയ്ത “ഉമ്മാച്ചു” എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹസംവിധായകനായി 1971-ലായിരുന്നു ചന്ദ്രകുമാറിന്റെ തുടക്കം. അന്ന് 17 വയസ്സ് ആയിരുന്നു പ്രായം
അതിനു മുൻപ് ആ കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയത് ചേട്ടൻ പി ഗോപികുമാർ ആയിരുന്നു. അഷ്ടമംഗല്യം, ഹർഷബാഷ്പം, പിച്ചിപ്പൂ, മനോരഥം, കണ്ണുകൾ,അരയന്നം തുടങ്ങി പതിനൊന്നോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ചേട്ടന്റെയും ഭാസ്കരൻ മാഷുടെയും കളരിയിൽ നിന്നും വളർന്ന ചന്ദ്രൻ പിന്നീട്
പി വിജയൻ, കെ നാരായണൻ, എ.ബി രാജ്, ഹരിഹരൻ, ജേസി, പി ജി വിശ്വംഭരൻ, ഡോക്ടർ ബാലകൃഷ്ണൻ, അടൂർ ഭാസി, ഗോവിന്ദൻ തുടങ്ങിയവരുടെ ഒക്കെ സംവിധാന സഹായി ആയി പ്രവർത്തിച്ചു.


എറണാകുളം ജംഗ്‌ഷൻ, അഴിമുഖം,ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു,രാക്കുയിൽ, ലൗ മാര്യേജ്, കല്യാണണപ്പന്തൽ, രഹസ്യരാത്രി, ചന്ദനച്ചോല, ബാബുമോൻ, സിന്ദൂരം, രാജാങ്കണം,വീട് ഒരു സ്വർഗ്ഗം, രാജപരമ്പര, സത്യവാൻ സാവിത്രി, അവൾ വിശ്വസ്തയായിരുന്നു.. തുടങ്ങി ഒട്ടേറെ സിനിമകളിൽ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റ് ആയും വർക്ക് ചെയ്തു.


1977-ൽ തിക്കുറിശ്ശി ആദ്യ ക്ലാപ്പടിച്ച “മനസ്സൊരു മയിൽ” എന്ന ബ്ലാക്ക് & വൈറ്റ് ചിത്രത്തിലൂടെ പി ചന്ദ്രകുമാർ സ്വതന്ത്ര സംവിധായകനായി
അന്ന് അദ്ദേഹത്തിന് പ്രായം കഷ്ടിച്ച് 23 വയസ്സ്. പ്രിയ ഗുരുനാഥൻ ഡോക്ടർ ബാലകൃഷ്ണൻ തിരക്കഥ രചിച്ചു നിർമ്മിച്ച ഈ ചിത്രം സാമാന്യ വിജയം നേടി. വിൻസന്റ്,രാഘവൻ, തിക്കുറിശ്ശി, ശങ്കരാടി,പട്ടം സദൻ,കുതിരവട്ടം പപ്പു, ജയഭാരതി, പ്രവീണ, കെ പി എ സി ലളിത തുടങ്ങിയവരായിരുന്നു “മനസ്സൊരു മയിലിലെ” താരങ്ങൾ. പ്രശസ്ത ഛായാഗ്രാഹകൻ ആനന്ദക്കുട്ടന്റെ ആദ്യ ചിത്രം കൂടി ആയിരുന്നു ഇത്
രണ്ടാമത്തെ ചിത്രം മധു നായകനായ “ജലതരംഗം” ആയിരുന്നു. ഫാമിലി സെന്‍റിമെന്‍റ്സ് സിനിമയായിരുന്നു അത്. മധു, ഷീല, അടൂര്‍ഭാസി, സുമിത്ര, വിൻസെന്റ് എന്നിവര്‍ താരങ്ങൾ ആയ “ജലതരംഗം” ഒരു ഭേദപ്പെട്ട ചിത്രം ആയിരുന്നു.


ചന്ദ്രകുമാറിന്റെ മൂന്നാമത്തെ ചിത്രം, മധുവിന്റെ ഉമ സ്റ്റുഡിയോ നിർമ്മിച്ച “അസ്തമയം” ആയിരുന്നു. ആ ചിത്രം വൻ വിജയം കൈവരിച്ചു. സാറ തോമസിന്റെ നോവലിന്റെ ചലച്ചിത്ര ഭാഷ്യമായ ചിത്രത്തിൽ മധു, തിക്കുറിശ്ശി, ശങ്കരാടി, ജയൻ, ബഹദൂർ,കുഞ്ചൻ, ശാരദ, ജയഭാരതി,സുകുമാരി എന്നിവർ അണി നിരന്നു. ഈ ചിത്രത്തിന് വേണ്ടി, പിൽക്കാലത്തു പ്രശസ്തനായ സംവിധായകൻ അമ്പിളി തയ്യാറാക്കിയ പോസ്റ്ററുകൾ വളരെ ശ്രദ്ധിക്കപ്പെട്ടു.


ഉമ്മാച്ചു എന്ന ചിത്രം മുതൽ മധുവുമായി ചന്ദ്രകുമാർ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ചന്ദ്രകുമാർ സംവിധാനം ചെയ്ത 29 സിനിമകളിൽ മധു അഭിനയിയ്ക്കുകയും 6 ചിത്രങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.
തുടർന്നു ചന്ദ്രകുമാർ സോമൻ, കെ പി ഉമ്മർ, ശാരദ എന്നിവരെ വെച്ച് സംവിധാനം ചെയ്ത “അനുഭൂതികളുടെ നിമിഷവും” വിജയമായിരുന്നു. അതിന്റെ നിർമ്മാതാവ് ആർ എസ് പ്രഭുവിന്റെ ആറോളം ചിത്രങ്ങൾ പിന്നീട് സംവിധാനം ചെയ്തു. അതിൽ 1979 യിൽ പുറത്തിറങ്ങിയ സുകുമാരൻ നായകൻ ആയ “അഗ്നിവ്യൂഹം” വൻവിജയം നേടി.
മുൻനിരക്കാരായ താരങ്ങളെ ഒന്നിച്ചു അവതരിപ്പിക്കുന്നത് ചന്ദ്രകുമാറിന്റെ ശൈലി ആയിരുന്നു. മധു,സോമൻ, സുകുമാരൻ… പ്രേംനസീർ, ജയൻ, സുകുമാരൻ എന്നിങ്ങനെ ഒന്നാം നിരക്കാരെ അണി നിരത്തിയ ഒരു പിടി ചിത്രങ്ങൾ ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ 80കളിൽ പുറത്തിറങ്ങി. ശുദ്ധികലശം, പ്രഭാതസന്ധ്യ, അഗ്നിപർവ്വതം, എയര്‍ ഹോസ്റ്റസ്, കാവൽമാടം, ഏദൻ തോട്ടം, കാട്ടുക്കള്ളൻ, സംഭവം, നീയോ ഞാനോ, ഇതിലെ വന്നവർ,അധികാരം, ഞാന്‍ ഏകനാണ് തുടങ്ങി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.


1979 യിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ 9 ചിത്രങ്ങൾ റിലീസായി. അതിൽ പകുതിയിലേറെയും വിജയം ആയിരുന്നു.
പ്രേംനസീറിനെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രം ആയിരുന്നു “എയർഹോസ്റ്റസ്”. ഏറെ പുതുമകൾ അവകാശപ്പെടാൻ ഉണ്ടായിരുന്ന ഒരു ചിത്രം ആയിരുന്നു അത്. രജനി ശർമ്മ ആയിരുന്നു നായിക. ഗുൽഷൻ നന്ദയുടെ കഥയ്ക്ക് എസ്.എൽ പുരം ആയിരുന്നു തിരക്കഥ ഒരുക്കിയത്. ഓ എൻ വി – സലീൽ ചൗദരി ടീമിന്റെ രണ്ടു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ലാലു അലക്സ്‌, ജോസ് പ്രകാശ്, ജഗതി, കുഞ്ചൻ, നന്ദിത ബോസ്, ശുഭ എന്നിവർ അഭിനയിച്ച ചിത്രം വിജയം ആയിരുന്നു.
ജയനെ നായകനാക്കി ചെയ്ത “ദീപ”വും “തടവറ”യും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചവ ആയിരുന്നു. നവംബറിൽ ദീപത്തിന്റ പ്രദർശന വേളയിൽ ആയിരുന്നു കേരളക്കരയുടെ ഹൃദയം പിളർന്ന ആ മരണ വാർത്ത അറിയിപ്പ് ഉണ്ടായത്.


പിൽക്കാലത്തു *പ്രശസ്തനായ സംവിധായകൻ സത്യൻ അന്തിക്കാട് ഇരുപത്തൊന്നു ചിത്രങ്ങളിൽ പി ചന്ദ്രകുമാറിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു
സ്വന്തം നാട്ടുകാരൻ കൂടിയായ എം കെ മോഹനൻ (മോമി) ചന്ദ്രകുമാറിന്റെ പതിനഞ്ചോളം ചിത്രങ്ങൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു.
പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ ആദ്യ ഗാനം (രജനീ പറയൂ… ) പി ചന്ദ്രകുമാറിന്റെ 1982 യിൽ പുറത്തിറങ്ങിയ ‘ഞാൻ ഏകനാണ്’ എന്ന ചലച്ചിത്രത്തിലെ ആയിരുന്നു. സത്യൻ അന്തിക്കാടിൻറ്റെ വരികൾക്ക് എം ജി രാധാകൃഷ്ണൻ ആയിരുന്നു സംഗീതം
ക്യാപ്റ്റൻ രാജുവിന്റെ ആദ്യത്തെ നായക തുല്യ കഥാപാത്രം ആയിരുന്നു രതിലയത്തിലെ (1983) അപ്പുക്കുട്ടൻ. തുടർന്നു ടി പി മാധവനുമൊത്തു ആന എന്ന ചിത്രം നിർമ്മിച്ചു. അത് അത്ര സാമ്പത്തിക വിജയം ആയില്ല. ലിസിയുടെ ആദ്യ ശ്രദ്ധിക്കപ്പെട്ട ചിത്രം ആയിരുന്നു “ആന”.


പിന്നീട് അങ്ങോട്ട് അദ്ദേഹം താരസിനിമകളില്‍ നിന്നു പിന്‍മാറിത്തുടങ്ങിയ കാലമായിരുന്നു. ഇംഗ്ലിഷ് സിനിമകള്‍ വിതരണം ചെയ്യുന്ന കമ്പനി തുടങ്ങി. കുറച്ചു കാലം രംഗത്ത് നിന്നും മാറി നിന്നു.
പി എം താജ് എന്ന തിരക്കഥാകൃത്തിനെ മലയാളത്തിനു പരിചയപ്പെടുത്തിയതും ചന്ദ്രകുമാറായിരുന്നു. ഈ ടീം ഏഴു ചിത്രങ്ങളിൽ ഒന്നിച്ചു. തീരെ പ്രതീക്ഷിക്കാതെ, ഞാൻ പിറന്ന നാട്ടിൽ, ഉയരും ഞാൻ നാടാകെ,
ഇത്രമാത്രം, കുറുക്കൻ രാജാവായി,പി സി 369, യാഗാഗ്നി തുടങ്ങിയവ.


‘യുനസ്കോ’ അവാർഡ് നേടിയ കെ.പാനൂരിൻറെ ‘കേരളത്തിലെ ആഫ്രിക്ക’ എന്ന കൃതിയെ ആസ്പദമാക്കി പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ‘ഉയരും ഞാൻ നാടാകെ’. മോഹൻലാൽ, വേണു നാഗവള്ളി, സോമൻ, ടി ജി രവി,കുതിരവട്ടം പപ്പു, മാധുരി, അരുണ എന്നിവർ താരങ്ങൾ ആയ ചിത്രം നല്ല അഭിപ്രായം നേടി. ഇതിലെ വി ടി മുരളി ആലപിച്ച ‘മാതള തേനുണ്ണാൻ… ‘ എന്ന ഗാനം ഏറെ ശ്രദ്ധേയം ആയിരുന്നു
1987യിൽ ചന്ദ്രകുമാർ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചു സംവിധാനം ചെയ്ത കാനന പശ്ചാത്തലത്തിലുള്ള ഗ്ലാമർ ചിത്രം ആയിരുന്നു “ജംഗിൾ ബോയ്”. ഇർഫാനും അഭിലാഷ യും ആയിരുന്നു പ്രധാന അഭിനേതാക്കൾ. വിജയകുമാർ, ടി ജി രവി, ബാലസിംഗ്, പട്ടം സദൻ തുടങ്ങിയവരും അണി നിരന്ന ചിത്രം അത്രയ്ക്കൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അതിനെ തുടർന്നു 1988-ൽ ചന്ദ്രകുമാർ ബൈബിൾ കഥയെ അടിസ്ഥാനമാക്കി “ആദ്യപാപം” എന്ന സിനിമ സംവിധാനം ചെയ്തു.


ബൈബിളിലെ പഴയനിയമത്തെ ബേസ് ചെയ്തു ഒരുക്കിയ ഈ പടത്തിൽ ആദവും ഔവ്വയും പുനസൃഷ്ടിക്കപ്പെട്ടു.
മലയാളത്തിൽ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു “ആദ്യപാപം”. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ്
സോഫ്റ്റ്പോൺ സിനിമ. വിമൽരാജും അഭിലാഷയും ആയിരുന്നു താരജോഡികൾ. 10 ലക്ഷത്തിൽ താഴെ മുതൽമുടക്കു ഉണ്ടായിരുന്ന ചിത്രം ഒരു കോടിയിലേറെ കളക്ഷൻ ആണ് നേടിയത്.
ശരിക്കും ഈ പടത്തിൽ നായികയായി അന്നത്തെ മോഡൽ ആയ ജൂഹിചൗളയെയാണ് തിരഞ്ഞെടുത്തത്. പക്ഷെ അത് നടന്നില്ല, ഇല്ലെങ്കിൽ ജൂഹിയുടെ ഫസ്റ്റ് മൂവി ഇത് ആവുമായിരുന്നു.


ആർ ബി ചൗധുരി ആയിരുന്നു നിർമ്മാതാവ്. മലയാളത്തിലെ വിജയം തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും കടന്നു ചെന്നു. എല്ലായിടത്തും സംവിധായകൻ പി ചന്ദ്രകുമാർ. ആദ്യപാപത്തിനു ശേഷം എല്ലാവരും ചന്ദ്രകുമാറിൽ നിന്നും മോഹിച്ചത് ഇത്തരം ചിത്രങ്ങൾ മാത്രം. സിനിമയില്‍ പണം മുടക്കി തകര്‍ന്നു നിന്ന ചില നിര്‍മാതാക്കള്‍ വന്ന് അവരെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും അത്തരം സിനിമകളെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു അദ്ദേഹം.
അങ്ങനെ എത്തിയ ചിത്രങ്ങൾ ആയിരുന്നു..


കല്പന ഹൗസ്,തടവറയിലെ രാജാക്കന്മാർ, കാനനസുന്ദരി, രതിഭാവം,റോസ ഐ ലവ് യു, ആലസ്യം, അഗ്നിശലഭങ്ങൾ
തിരശ്ശീലയ്ക്കു പിന്നിൽ – നീലച്ചിത്രങ്ങൾക്കെതിരെ. ഇവയിൽ മിക്കതും ഹിറ്റ്‌ തന്നെ. കോട്ടയം പുഷ്പനാഥിന്റെ നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ചു ഇനിയും പുറത്തിറങ്ങാത്ത “ചുവന്ന അങ്കി” ആയിരുന്നു ഈ ജനുസ്സിൽ പെട്ട അവസാനത്തെ ചിത്രം.
രൂപ ഗാങ്ഗുലി (മീനബസാർ – ഹിന്ദി), പുനം ദാസ് ഗുപ്ത (റോസാ ഐ ലൗ യു) ഇവർ അരങ്ങേറിയതും ചന്ദ്രകുമാർ ചിത്രങ്ങളിലൂടെ. സഹോദരൻ പി സുകുമാർ (കിരൺ) പല ചിത്രങ്ങളിലും അസിസ്റ്റന്റ് ക്യാമറാമാനും നായകനും ആയി.
സംവിധാനം കൂടാതെ പത്തോളം സിനിമകൾക്ക് ചന്ദ്രകുമാർ തന്നെ ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്.


തെലുങ്കില്‍ “ഹൗസ് നമ്പര്‍-13” എന്ന ഹൊറര്‍ ചിത്രം ഹിറ്റായി. “മീനാബസാര്‍” എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രം ഹിന്ദിയില്‍ ഹിറ്റായതോടെ ഹിന്ദിയില്‍ നിന്നും അവസരങ്ങള്‍. അവിടേയും പത്തിലധികം സിനിമകള്‍ സംവിധാനം ചെയ്തു. ഓംപുരി, അംജദ്ഖാന്‍, ശക്തികപൂര്‍, രൂപാഗാംഗുലി ഉള്‍പ്പടെയുള്ള താരങ്ങളായിരുന്നു സിനിമകളില്‍ അഭിനയിച്ചത്. ഇതിനിടെ “വിചാരണൈ” എന്ന പേരില്‍ ഒരു തമിഴ്ചിത്രവും ചെയ്തു.


എന്നും വഴികാട്ടിയായിട്ടുള്ള നടൻ മധു നിർമ്മിച്ച “മിനി” (1995) എന്ന ചിത്രത്തിന് ചന്ദ്രകുമാറിന് മികച്ച കുടുംബ ക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. ചന്ദ്രഹാസൻ, ബാബു ജി നായർ, മാലിനി നായർ, കുക്കു പരമേശ്വരൻ, ആരതി ഘനശ്യാം തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ
ഇതിനുശേഷം തട്ടകം, വാല്‍സല്യം, ഓഹരി എന്നിങ്ങനെ നിരവധി സീരിയലുകള്‍ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്ത് വന്നു.
ഇടശേരിയുടെ പൂതപ്പാട്ടിനെ ആധാരമാക്കി ‘തുടികൊട്ട്’ എന്ന കുട്ടികളുടെ ചിത്രം സംവിധാനം ചെയ്തു. മക്കളായ കിരണിനെയും കരിഷ്മയെയും അഭിനയിപ്പിച്ച ഈ ചിത്രത്തിന് ഫിലിംക്രിട്ടിക്സ് അവാർഡ് ലഭിച്ചു.


2000 ൽ സെൻസർ ചെയ്ത ഈ ചിത്രം പക്ഷെ തീയേറ്ററിൽ എത്തിയില്ല.
പുതിയ കാഴ്ചപ്പാടുകളാൽ വിണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങുന്നു
നിരവധി സുഹൃത്ത് വലയങ്ങൾ
നിറഞ്ഞ അനുഭവസമ്പത്ത്
സിനിമയിലൂടെ വർഷങ്ങളുടെ അനുഭവജ്ഞാനങ്ങൾ
പ്രമുഖ ചാനലിൻ്റെ ബോർഡ് മെമ്പർ.. നിരവധി പ്രസ്ഥാനങ്ങളുടെ ഉപദേശകൻ.. നിരവധി ശിഷ്യഗണങ്ങൾ.. Face Guru എന്ന Film institute ചെയർമാൻ..
മലയാള സിനിമയിലെ ഒരു സകലകലാവല്ലഭൻ തന്നെയാണ് പി ചന്ദ്രകുമാർ എന്ന ചന്ദ്രേട്ടൻ
വർഷങ്ങൾക്ക് ശേഷം പുതിയ ചിത്രങ്ങളുടെ പണിപ്പുരയിൽ….
ചന്ദ്രകുമാറിന്റെ ഭാര്യ – ഡോക്ടർ ജയന്തി
രണ്ടു മക്കൾ – കിരൺകുമാർ, കരിഷ്മ
5 ദശാബ്ദം സിനിമയെ കണ്ട പി ചന്ദ്രകുമാർ എന്ന പ്രിയ സംവിധായകന്റെ ക്രെഡിറ്റിൽ 100 ഓളം ചിത്രങ്ങൾ. ഇതിൽ 13 ഹിന്ദിയും 11 തെലുങ്കും 4 തമിഴും 3 കന്നഡയും ഉൾപെടും.

By ivayana