രചന : വാസുദേവൻ. കെ. വി ✍

മലയാളിക്കെന്തും ആഘോഷഹേതുവാണ്. ജന്മദിനവും സ്മൃതിദിനവുമെന്ന പോലെ മിത്തുകളും, ആചാരവിശ്വാസങ്ങളൊക്കെ ആഘോഷിക്കാതെ വയ്യ.
പ്രത്യാശയുടെ.. പ്രതീക്ഷയുടെ പ്രതീകമായി ആഘോഷിക്കാൻ മറ്റൊരു വിഷുപ്പുലരികൂടി വന്നണയുന്നു. ഇന്ന് ഓട്ടുരുളിയും കിണ്ടിയും വാൽക്കണ്ണാടിയുമൊക്കെ ഡിഷ്‌ വാഷിൽ കുളിച്ചുകുട്ടപ്പനാവും. കണികാണലും കൈനീട്ടകൈമാറ്റവും, പൂത്തിരി കത്തിക്കലുമായി വിഷുസംക്രമത്തെ ആഘോഷഭരിതമാക്കും .


വിഷുപ്പുലരിയിൽ കൊന്നപ്പൂക്കൾ കണികണ്ടുണർന്നാൽ തീരാവ്യാധികൾ മാറി ദാരിദ്ര്യമകറ്റാനാകുമെന്നാണ് വിശ്വാസം. പൂജ ചെയ്യുന്ന ഉണ്ണി നമ്പൂതിരിയുടെ ദാരിദ്ര്യമകറ്റാൻ ഭഗവാൻ കൃഷ്ണൻ തന്റെ സ്വർണ്ണഅരഞ്ഞാണം അഴിച്ചു നൽകിയതാണ് ആദ്യത്തെ കൈനീട്ടം വിശ്വാസചരിത്രത്തിൽ. ജീർണ്ണിച്ച ഇല്ലത്ത് അരഞ്ഞാണമായെത്തിയ മകൻ അത് വിഗ്രഹത്തിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് കരുതി അമ്മ ശിക്ഷിച്ചപ്പോൾ ഉണ്ണിയത് തൂക്കിയൊരേറ്. അന്നു വരെ പൂക്കാത്ത കൊന്നമരക്കൊമ്പിൽ അഅരഞ്ഞാണം ചെന്നു തൂങ്ങിയാടി. പിന്നീട് കൊന്നമരത്തിൽ സ്വർണ്ണവർണ്ണതോടെ കർണ്ണികാരങ്ങൾ പൂത്തുതളിർത്തു തുടങ്ങി എന്നത് കഥ.


മണ്ണ് പൊന്നാണെന്ന ചൂണ്ടിക്കാട്ടൽ. അതിജീവനഉപാധിയാണെന്ന പരമസത്യം ഓർമ്മിപ്പിക്കൽ.
ഭൂമി തരിശിട്ട് നഗരങ്ങളിൽ ചെക്കേറുന്ന നമ്മൾക്കൊരു ഓർമ്മിപ്പിക്കൽ വിത്തും കൈകോട്ടും ശീലോടെ വിഷു …


ആഘോഷദിനങ്ങൾ കവിതകളായി കുറിച്ചിടാതിരിക്കാനും വയ്യ പ്രബുദ്ധ മലയാളിക്ക്.
ഇത്തിരിക്കുഞ്ഞന്റെ സംഹാര നാളുകളിൽ ജീവനിൽ കൊതികൊണ്ട് അകംപൂണ്ടിരുന്ന നാളുകളിൽ കവി
പ്രസാദ് തീയഞ്ചേരി കവിത കുറിച്ചിട്ടു
“വിഷു വരും ഇനിയുമേറെ…
കാലങ്ങളും പോയ് മറയും….
മാറ്റിവയ്ക്കുന്നു ഞങ്ങളീ നിമിഷങ്ങൾ…
നാളെതൻ നല്ലതാം നാളെയ്ക്കു വേണ്ടി…
വിഷുക്കണിക്കില്ല, വർണ്ണാഭയിന്ന് …
വേദനിച്ചുഴലുന്ന ജനതതൻ കണ്ണീരുനനവു മാത്രം….
പിടയ്ക്കും ഹൃദയങ്ങൾ തന്നെ ചൂടു മാത്രം….
കോവിഡുലച്ച ജൻമങ്ങൾ… “


“പച്ചിലത്താളിൽ പുലരിയാം കന്യക
ചാലിച്ച മഞ്ഞൾ പ്രസാദം പോലെ
പുഞ്ചിരി തൂകുന്നിളകിയാടുന്നെന്റെ
മുറ്റത്തെ കൊന്നയിൽ കിങ്ങിണികൾ..”
എന്ന് മറ്റൊരു കവിഹൃദയം പാടി.,


വാഴക്കുല നിവേദിച്ച് സോഷ്യൽ മീഡിയ ഇന്നാരാധിക്കുന്ന കവി വൈലോപ്പിള്ളി ശ്രീധരമേനോൻ ‘വിഷുക്കണി ‘എന്ന കവിതയിൽ കുറിച്ചിട്ട വരികളിലൂടെ മലയാളസാഹിത്യ ശാഖയ്ക്ക് ധൂസര സങ്കല്പം എന്നൊരു വാക്ക് പ്രയോഗം തന്നെ കൈവന്നു.


“ഏത് ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും.”
മതചിന്തകൾക്കപ്പുറം വിഷു പൊതു സ്വത്താണെന്ന് പ്രഖ്യാപിച്ചു കൊണ്ട് കവി യൂസഫലി കേച്ചേരിയും വിഷുവിനെ ചേർത്തു പിടിച്ചു.
“പഞ്ചാഗ്നി മധ്യത്തില്‍ പ്പൊന്‍വൈജയന്തിയുമേന്തി-
പ്പുഞ്ചിരി പെയ്‌തേ നില്‍ക്കും നിന്റെയീ തിതിക്ഷയെ..”
ബ്ലോഗിടങ്ങളിലും തെളിയുന്നു വിഷുച്ചിന്തുകൾ.


” ഇനി വിഷുപ്പക്ഷി നീ പാടുമെങ്കിൽ
ഇനിയുമെൻ തൈമുല്ല പൂക്കുമെങ്കിൽ
ഇനി ബാല്യ ശൈശവ കൌമാരത്തിൻ
ഇനിയും കാണാത്ത കിനാവുണ്ടെങ്കിൽ
നില്ല് നീ നാഴികമണി മുഴക്കീടുവാൻ
ചങ്ങല വലിച്ചിടും നാവേ
നിൻ ഗളത്തിൽ തൂങ്ങിയാടുമെൻ കാലത്തെ
ബന്ധനം ചെയ്തിടട്ടെ, ഞാൻ
ബന്ധനം ചെയ്തിടട്ടെ.. “


സോഷ്യൽ മീഡിയ കൂട്ടായ്മകളിലും വിഷുക്കവിതകളുടെ പൊടിപൂരമാണിപ്പോൾ.. കിട്ടാവുന്ന വാക്കുകൾ തപ്പിയെടുത്ത് വിഷു സങ്കല്പ്പങ്ങളെക്കുറിച്ചുള്ള ഒരു തരം ട്രിപീസ് കളി. പുറംചൊറിയൽ വിഭാഗം സജീവമായി ചൊറിഞ്ഞു നിർവൃതിയും.
ചിലയിടങ്ങളിൽ അതിന്റെയൊക്കെ ദൃശ്യാവിഷ്ക്കാരങ്ങളും നിറയുന്നു.
ഈസ്റ്റർ ആഘോഷച്ചെലവുകൾ മറന്ന ഭരണകൂടത്തിന് അത്രയെളുപ്പം വിഷുപ്പുലരി മറക്കാനാവാത്തതുകൊണ്ട് സാമൂഹ്യ സുരക്ഷാപെൻഷൻ കുടിശ്ശികയിൽ പാതി നൽകി മാതൃക കാട്ടി. മദ്യ വില്പനശാലകളിൽ സ്റ്റോക്ക് നിറച്ചു. വിഷുബമ്പർ ചൂതാട്ട തുണ്ടുകടലാസുകൾ നിരന്നു. തമിഴൻ വർണ്ണകടലാസിൽ പൊതിഞ്ഞ് ഗന്ധകക്കൂട്ടുമായെത്തി. കർണ്ണികാര ശിഖരങ്ങൾ കഷണ്ടിയേറ്റു.


കൃഷിയറിയാത്ത തലമുറ കാർഷികപുത്താണ്ടു പിറവിയിൽ മണ്ണിൽ കാല്പനികച്ചാലുകീറും. ആഘോഷത്തിനു തിരശ്ശീല വീഴുമ്പോൾ വിഷമബോധം. ആരവങ്ങളകലുന്ന വിഷു സായന്തനത്തിൽ ഗസൽ പ്രിയരായ സുമനസ്സുകൾക്ക് മൂളാതെ വയ്യ..
” വിഷു കഴിഞ്ഞെങ്കിലും വിഷുപ്പക്ഷി പോകാത്ത വിഷാദസന്ധ്യകളിൽ..
വിജനമാം പകലുകളിൽ ഇനിയുമെൻ ബാല്യം കൈനീട്ടത്തിനെത്തുമെന്നു
അറിയാതെ മോഹിച്ചു പോയ്‌ ഞാൻ..”
വിഷു ആശംസകൾ.

വാസുദേവൻ. കെ. വി

By ivayana