രചന : കൃഷ്ണമോഹൻ കെ പി ✍
പുലർച്ചയ്ക്കു മുമ്പേ മിഴി പൂട്ടി മെല്ലേ
കണികണ്ടുണരാൻ വിഷു നാളിൽ നമ്മൾ
തളർച്ചകൾ തല്ക്കാലമവധിക്കു വച്ച്
ഇണക്കമോടങ്ങെഴുന്നേറ്റു വന്നൂ
ഉരുളി തന്നിൽ മരുവുന്ന നാനാ
തരത്തിലുള്ളോരു ഫലവർഗ്ഗമൊപ്പം
കരുണയോലുന്ന മുഖ പത്മമേന്തും
മുരഹരൻ തന്നെ കണി കണ്ടിടുന്നൂ
ഹരിക്കു ചാർത്തിയ മഞ്ഞണിപ്പട്ടും
പരിക്കുപറ്റാത്ത കണിവെള്ളരിയും
ശരിക്കുമൈശ്വര്യമുണർത്തി നല്കും
വരപ്രസാദമാമഷ്ടമംഗല്യോം
നരൻ്റെ ദൃഷ്ടിക്കു വിഷയീഭവിക്കും
പരാപരജ്യോതി വിഷുക്കണിയായീ
പരക്കെയോർക്കിൽ വിഷുവിൻ മഹത്വം
നിരാമയൻ തന്നിടുമനുഭൂതിയല്ലേ?!
വിളക്കു കത്തിച്ചു വിളകൾക്കു മുന്നിൽ
വിശപ്പു മാറീടിന ചരാചരങ്ങൾ
വിളിച്ചു കൂപ്പിത്തൊഴുതങ്ങു നില്പൂ
വിഷാദഭാവങ്ങളകലേയ്ക്കു മാറ്റി
ഹൃദന്തമാകെയുമുയരുന്നു,വേണൂ
മരന്ദഗീതങ്ങളനുഭൂതിയേകി
മദത്തെ മാറ്റീട്ടഹ ഭക്തിയോടെ
മുരാരി, കൃഷ്ണാ നമിക്കുന്നു നിന്നെ.