രചന : വിജയൻ കുറുങ്ങാടൻ✍

വിഷുക്കണിയൊരുക്കുവാന്‍ വിഭവങ്ങളേറെവേണം
വിഷുക്കണിക്കവിതയായ് കുറിക്കുന്നവ!
ഓട്ടുരുളി കോടിമുണ്ടും തിരിയിട്ട വിളക്കൊന്നും
ഓട്ടുകിണ്ടിനിറഞ്ഞുള്ള തീര്‍ത്ഥവുംവേണം!
ഉണക്കരി, നാളികേരം, നാഴിനെല്ലും, നാണയങ്ങള്‍
കണിക്കൊന്നപ്പൂവും കൂടെ കദളിപ്പഴം!
കുങ്കുമവും കണ്മഷിയും വെറ്റിലയുമടയ്ക്കയും
സ്വര്‍ണ്ണവര്‍ണ്ണനിറമാര്‍ന്ന കണിവെള്ളരി!
പച്ചക്കറി വിത്തിനങ്ങള്‍ നടുതല പലതുമാം
നട്ടുവളര്‍ത്തുവാനായി തുളസിത്തൈയും!

💖
വിഷുക്കണിയൊരുക്കുവാന്‍ കൃത്യമായ ചിട്ടയുണ്ടേ
പ്രാദേശികഭേദഗതിയുണ്ടന്നാകിലും!
സത്വ-രജോ-തമോഗുണമൊത്തുവരും വസ്‌തുക്കളെ
സത്യദീപപ്രഭയ്ക്കൊപ്പമൊരിക്കി വയ്ക്കും!
തേച്ചുവൃത്തിവരുത്തിയ നിലവിളക്കൊന്നുവേണം
എള്ളെണ്ണയില്‍ നീന്തിയുള്ള തിരിനാലെണ്ണം!
ഉണക്കലരിയും നെല്ലും പാതിയോളം നിറച്ചുള്ള
ഓട്ടുരുളിയുള്ളില്‍ വേണം കണിയൊരുക്കാന്‍!
നാളികേരമുറിരണ്ടില്‍ എണ്ണയൂറ്റിത്തിരിയിട്ടു
നാളംനീട്ടിക്കത്തിക്കുന്ന പതിവുമുണ്ടേ!
ചക്ക, മാങ്ങ, മാമ്പഴവും കദളിപ്പഴങ്ങള്‍ക്കൊപ്പം
സ്വര്‍ണ്ണവര്‍ണ്ണനിറമാര്‍ന്ന കണിവെള്ളരി!
ഗണപതിക്കിഷ്‌ടഭോജ്യം വരിക്കച്ചക്കപ്പഴവും
പഴമാങ്ങ സുബ്രഹ്‌മണ്യന്‍ പ്രിയഫലവും!
കദളിപ്പഴവും വേണം വണ്ണംതികഞ്ഞവവേണം
കണ്ണനു നിവേദ്യമായി വേറെന്തുവേണം!
കണിക്കൊപ്പം സ്വന്തംമുഖം കണ്ടുണരാന്‍ വാല്‍ക്കണ്ണാടി
ഭഗവതിസങ്കല്പത്തിന്‍‍ സ്വത്വഭാവമായ്!
ഉണ്ണികൃഷ്‌ണവിഗ്രഹത്തില്‍ മയില്‍‌പ്പീലി, ഓടക്കുഴല്‍
ദീപപ്രഭയാലാറാടിത്തിളങ്ങിവേണം!
തൊട്ടടുത്തു താലത്തിലായ് കോടിമുണ്ടും ഗ്രന്ഥക്കെട്ടും
സ്വര്‍ണ്ണം വെള്ളിയാഭരണം നാണയത്തുട്ടും!
ലക്ഷ്‌മീദേവീ പ്രതീകമാം സ്വര്‍ണ്ണങ്ങളും നാണയവും
ഗ്രന്ഥക്കെട്ടും സരസ്വതി സാന്നിദ്ധ്യവുമാം!
വെറ്റിലയുമടയ്ക്കായും കുങ്കുമവും ചാന്തും വേണം
സിന്ദൂരവും നാരങ്ങയും കണ്മഷിക്കൂട്ടും!
പച്ചക്കറി, നടുതല വിത്തിനങ്ങള്‍ കണിവയ്‌ക്കും
കണികണ്ടശേഷമവ വിതയ്‌ക്കും നൂനം!
ഓട്ടുകിണ്ടി നിറച്ചുള്ള ഗംഗാതീര്‍ത്ഥം തന്നിലുണ്ടേ
ചെത്തിപ്പൂവും ദര്‍‍ഭപ്പുല്ലും തുളസിദളം‍!
ജീവപ്രപഞ്ചത്തിന്റെയാധാരമാകും ജലം കണ്ണില്‍
ത്തൊട്ടശേഷമായിടേണം കണികാണുവാന്‍!

💖
കുടുംബത്തില്‍ മുതിര്‍ന്നോരാം സ്ത്രീകള്‍ക്കാണു വിഷുക്കണി-
യൊരുക്കാനും കാണിക്കാനും ചുമതലയും!
രാത്രികാലേയവരാലേ കണിവച്ചുറങ്ങി, പിന്നെ,
പുലര്‍കാലേയെഴുന്നേറ്റു കണികണ്ടീടും!
മറ്റുള്ളോരെയൊന്നൊന്നായിയുണര്‍ത്തിച്ചു, പുറകീന്നു
കണ്ണുപൊത്തിക്കൊണ്ടുവന്നു കണികാണിക്കും!
കുടുംബാത്തിലെല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്‍
കിഴക്കെത്തി പ്രകൃതിയെ കണികാണിക്കും!
ഫലവൃക്ഷം വീട്ടുമൃഗം സര്‍വ്വരാലും കണികാണ്ടാല്‍
പുത്തനൊരു വത്സരത്തിന്‍ തുടക്കമാകും!

💐💐🙏🙏💖💖🙏🙏💐💐

വിജയൻ കുറുങ്ങാടൻ

By ivayana