രചന : സതീഷ് വെളുന്തറ✍
വിഷുക്കൈനീട്ടവുമായ് പുലരി വന്നു
കണിയൊരുക്കീയമ്മ കൺ നിറയെ
പുതിയൊരു പുലരിയിലേയ്ക്കുണരാൻ
പുതിയ കാലത്തേയ്ക്കു കൺതുറക്കാൻ.
പുൽനാമ്പുകൾക്ക് വിളനിലമൊരുക്കുവാൻ
പുത്തൻ പ്രതീക്ഷയ്ക്കൊരു കളമൊരുക്കുവാൻ
പടിയിറങ്ങാനായ് തുടങ്ങുന്നു ചൈത്രവും
പടവേറുവാനൊരുങ്ങുന്നു വൈശാഖവും.
മത്താപ്പ് പൂത്ത മണിമുറ്റത്തിന്നലെ
വിരുന്നെത്തിയല്ലോ വിഷുപ്പക്ഷിക്കൂട്ടവും
ആരതിയുഴിഞ്ഞു വരവേറ്റുവന്നേരം
മാലേയ ചന്ദ്രന്റെ മൃദു മന്ദഹാസവും.
അരുണസാരഥ്യമായംശുമാനും പക്ഷേ
കരുണ ചൊരിയാതെ കിരണം ചൊരിയുന്നു
പുരന്ദരാനുഗ്രഹാൽ പൊഴിയും നീരദങ്ങളും
തീക്ഷ്ണമാ മുഷ്ണത്തിനുപ ശാന്തിയല്ലൊട്ടും