രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
വിഷുപ്പക്ഷി പറന്നെത്തി
വിഷുപ്പാട്ടു മൂളിമൂളി
കണിക്കൊന്ന നൃത്തമാടി
മരക്കൊമ്പിൽ കണിമലരായി
കണികാണാൻ നേരമായി
കരയുമെൻ മനംതേടി
എവിടെയെന്നുണ്ണിക്കണ്ണൻ
പുണരുവാൻ കൊതിയായി
കാർവർണ്ണൻ കാർമുകിൽവർണ്ണൻ
കാണുമോ കണികാണാൻ വരുമോ
കണ്ണുകൾ നിറമോഹവുമായി
കാത്തിരിപ്പൂ കാലങ്ങളായി
സങ്കടങ്ങൾ പറയുകയില്ല
സന്താപങ്ങൾ കാട്ടുകയില്ല
സന്തോഷത്തിമിർപ്പുമായി
കണ്ണാനിന്നെ കാത്തിരിപ്പൂ
ഇനിയെന്നു വിഷുപ്പക്ഷിനീ
വിഷുപ്പാട്ടു മൂളിയെത്തും
ഇനിയെന്നീ കൊന്നപ്പൂക്കൾ
കൊമ്പുകളിലൂഞ്ഞാലാടും
എങ്കിലുമെൻ കണ്ണാനിന്നെ
കാത്തിരിപ്പൂ കൺപൂപാർക്കാൻ
കരളിലെ പൂത്താലത്തിൽ
കണിയൊരുക്കി കണ്ണുതുറക്കാൻ…
വിഷുപ്പക്ഷി നീവന്നെത്തുക
വിഷിപ്പാട്ടു മൂളിമൂളി
കണിക്കൊന്ന നൃത്തമാടുക
മരക്കൊമ്പിൽ കണിമലരായി….