രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്.✍

മാണിക്യപ്പാടത്തെ ചെളി പൊതിഞ്ഞ പാടവരമ്പുകൾ
താണ്ടിപ്പോവുമ്പോൾ
കിഴക്ക് നിന്നു വന്ന
മഴ ഒന്നൂടി കനത്തു.
ശോ… ന്നുള്ള പെയ്ത്തായിരുന്നു.
….ഈ നശിച്ച ശനിയൻ മഴ ന്നു പറഞ്ഞെങ്കിലും ,
ഒക്കെ പ്രതീക്ഷിച്ചതാ.
ചിറാപ്പുഞ്ചിയിലല്ലേ എത്തിയിരിക്കുന്നത്.
പ്രതീക്ഷിച്ചതിലും ഇരട്ടി പ്രഹരം ആ മഴ തന്നു.
മഴ അസ്സലായി കൊണ്ടു.
…..ഇട്ട ചെരുപ്പ് , ചെളിവെള്ളം
തെറിപ്പിച്ചു മടക്കിക്കുത്തിയ മുണ്ടിലെ പിൻവശം ചെളി കൊണ്ട് അഭിഷേകം ആയി.
കഴിഞ്ഞ ഓണക്കാലത്ത് അമ്മ ഓണക്കോടിയായി തന്ന നല്ല അസ്സൽ
മല്ലു മുണ്ട് അങ്ങനെ
ചെളിയിൽ ആറാടി.
കാരണം ഉണ്ട്…
മുണ്ട് ചെളിയിൽ കുളിച്ചു ന്നു അറിഞ്ഞപ്പോ പിന്നെ നടത്തത്തിൽ അത്ര ശ്രദ്ധ വച്ചില്ല.
ചെരിപ്പിലെ നടത്തത്തിന്റെ അടി കൊണ്ട് വരമ്പിലെ ചെളി തെറിച്ചു മുണ്ട്
മണ്ണ് നിറമായി.
അവിടവിടെ പാടായി.
അത് സ്ഥിരാ മാണിക്ക്യപ്പാടയാത്രയിലെ
അവസാന പാദത്തിൽ.
ലക്ഷ്യത്തോടടുക്കുമ്പോൾ ഉള്ള ‘ദൈവപരീക്ഷണം’ ആയി അതിനെ കരുതിയാൽ മതി.
കനത്ത മഴയിൽ മനസ്സിനെ അത് പഠിപ്പി ച്ചെടുത്തു… കാലങ്ങളായി.
ദൈവം പരീക്ഷിക്കാൻ കണ്ട ദേഹാ എന്റെ… എനിക്കിടക്കു തോന്നാറുണ്ട്.
പരിഭവം ഇല്ല…
മറ്റേ അറ്റത്ത്
ദൈവം അല്ലേ.
ഈ അറ്റത്ത് നിസ്സഹനായ ഞാൻ എന്ന ജന്മവും.
പകഷെ , ഈ കഷ്ടപ്പാടൊക്കെ
ഇഷ്ട്ട സ്ഥലത്തേക്കുള്ള പോക്കായത് കൊണ്ട് അതൊക്കെ ഒരു രസായെ അന്ന് തോന്നിയിട്ടുള്ളു.
യാത്ര മഴേത്താണെങ്കിലും
ഒന്ന് വിയർക്കും.
നടപ്പ് യാത്ര ശ്രമകരമായതു കൊണ്ട്.
കൂടുതൽ ശ്രദ്ധയും , കുട പിടിക്കലും , മനുഷ്യനെ ഉന്തിയിടാൻ പാകത്തിൽ അടിക്കുന്ന കാറ്റും ഒക്കെ
തലവേദന ഉണ്ടാക്കും.
വിയർപ്പിനെ ക്ഷണിച്ചു വരുത്തുന്ന യാത്ര.
ശരീരത്തിലെ വിയർപ്പുണക്കാൻ
കാറ്റ് പാടുപെടും.
വീശിയടിക്കുന്ന കാറ്റിൽ കയ്യിലെ നിവർത്തിയ കുടയൊതുക്കാൻ വിധിയഞ്ചും ശ്രമപ്പെടും.
പലപ്പോഴും ശീല മടങ്ങും…
വില്ല് പൊട്ടും ,
അതൊക്കെ ചുക്കിനിപ്പറമ്പിലെ കുടനേരാക്കി വേലായുധൻ നേരാക്കും ന്ന സമാധാനം ഉടനെയെത്തും.
എന്തൊക്കെ സഞ്ചാരസാഹചര്യങ്ങളാ ജീവിതത്തിൽ.
അങ്ങിനെ , ശ്രമകരമായി
നടക്കുമ്പോൾ അവിടെപ്പോയി ചെയ്യേണ്ട കാര്യങ്ങളുടെ
ഒരു അജണ്ട ഉണ്ടാക്കും.
ബുദ്ധിക്കു വേറെ പണി കൊടുത്താൽ
ഈ നടത്തം ആയാസമാവും..
ചിലപ്പോൾ വേദന മറക്കും.
ലക്ഷ്യം അടുക്കുമ്പോൾ വേദന നീഡിൽ സീറോ ഡിഗ്രിയിൽ എത്തിയിരിക്കും.
….മാണിക്ക്യപ്പാടത്ത് പോയതും
ചെളിയുള്ള മുണ്ട് , വിയർത്ത ഷർട്ട്‌ ,
ഒക്കെ അലക്കണം.
നാളേക്ക് നീട്ടിയാൽ
കരിമ്പന പിടിക്കും.
ആ ചിട്ട
അമ്മ പറഞ്ഞു തന്നതാണ്.
പിന്നെ വിശദമായ
ഒരു കുളി വീട്ടു കുളത്തിൽ.
അവിടെപ്പോയി ഒന്ന് സെറ്റിൽ ആവാൻ മണിക്കൂർ ഒന്ന് പിടിക്കും.
ഉറപ്പ്.
പിന്നെ അങ്ങട്
വൺ മാൻ ഷോ ആണ്. മാണിക്യത്തറവാട്ടിലെ പ്രശസ്തമായ കാവിയിട്ട നടുത്തളത്തിൽ ഇരുന്നു തറവാട്ടങ്കങ്ങൾ എന്നോട് വിശേഷം ചോദിക്കലാവും അടുത്ത ചടങ്ങ്.
കുറേ പേര് എന്റെ ചുറ്റും ഇരിക്കും…
എന്റെ തുരു….തുരാനുള്ള വായ്‌ത്താരി കേൾക്കാൻ അടുത്തവീട്ടിലെ കുട്ടികളും വരും.
….എന്തൊക്കെയാണ്
അവർക്കു കേൾക്കേണ്ടത്…!?
….ചുക്കിനിപ്പറമ്പിലെയും , ചെറുവരബോടിലെയും കഥകൾ കേൾക്കാൻ.
കഴിഞ്ഞ കുമ്മാട്ടി വിശേഷങ്ങൾ അറിയാൻ.
വരാൻ പോവുന്ന മേടത്തിലെ വിഷുവേല അറിയാൻ..
കണിക്കൊന്ന…,
വിഷുക്കൈനീട്ടം ഒക്കെ ചർച്ച വരും.
പിലാക്കോട്ടെ , മാളികയിലെ
വിശേഷങ്ങൾ അറിയാൻ…
ചെറോത്തിലെ നിജസ്ഥിതി അറിയാൻ..
ഒന്നു പറയാം ,
സ്നേഹം കൊണ്ടാട്ടോ നാരായണി മുത്തശ്ശിയും മറ്റും ഇതൊക്കെ ചോദിക്കുന്നത്.
….എന്നില്ലേ ദൂതനെ അവർക്കെന്തോ ഇഷ്ട്ടമാണ്…
….ആളുകൾക്ക് എന്നെ ഇഷ്ട്ടമാണെന്ന്….
…..ആരോ പറഞ്ഞ പോലെ.
സ്വതവേ ഞാൻ ഒരു കൂട്ടക്കാരനാ..
സംസാരപ്രിയൻ.
ചെന്നിരിക്കുന്ന ഇടം ഇഷ്ട്ടപ്പെട്ടാൽ.
അല്ലേൽ ഒരു മൗനി ആവും ഞാൻ.
വലിയ പണ്ഡിതനെപ്പോലെ ശരീരഭാഷയുള്ള ഒരു മനുഷ്യനാവും.
എന്നെ കണ്ടെത്തിയവർക്ക് പിടികിട്ടും…
ഒരു പാവത്താൻ എന്ന്.
അത്രക്കങ്കിടു പോരാ…ന്നും.
കൂട്ടത്തെ കുറിച്ചാണെങ്കിൽ
മാളികമനയിലൊക്കെപ്പോയി ഉണ്ടായിട്ടുള്ള
മുത്തശ്ശിമ്മാരോത്തുള്ള “കത്തി വായ്‌ത്താരി” എനിക്ക് കൂടപ്പിറപ്പാ.
അവിടെ തബുരാന്മാരോട്
വെടി വട്ടം റിഹേഴ്സൽ.
ഇവിടെ മാണിക്ക്യപ്പാടത്തു മുത്തശ്ശിമാരോട് ഒറിജിനൽ.
മാണിക്ക്യപ്പാടത്തെ നടുത്തളത്തിൽ
കൂട്ടം തുടങ്ങിയാൽ പത്തു പതിനഞ്ചുപേർ ചുറ്റും ഇരുന്നു എന്നെ നോക്കി ദഹിപ്പിക്കും.
സമപ്രായക്കാരും , എന്നിൽ
താഴെ ഉള്ളവരും ആയ പെൺകുട്ടികൾ ,
അവരുടെ ദേഹം കാണിക്കാതെ
വാതിൽ മറവിൽ നിന്നു എന്റെ കണ്ണിലേക്കു നോക്കിയിരിക്കും…,
പിന്നെ ,
ഞാൻ ശടാ ശടാ ന്നു വിടുന്ന വായ്‌ത്താരി യിലേക്കും…
പറയുന്നതിൽ വല്ലവടെയും ഞാൻ കുളൂസ് വിടുന്നുണ്ടോ അറിയാൻ..!?
വാർത്താനത്തിൽ ഒന്നും ഇല്ലേലും അവർ പൊട്ടിച്ചിരിക്കും.
ഞാൻ എന്തോ ലോക തമാശ പറഞ്ഞ പോലെ.
പെരും പൊട്ടികളാണോ ഇവർ…!?
…ഞാൻ ചിന്തിക്കും.
കുറച്ചു വലുതായി
‘ആൺ പെൺ’ ജീവ ശാസ്ത്രം ഞാൻ അറിഞ്ഞുതുടങ്ങിയപ്പോൾ അത് കുറച്ചു കൂടി.
നല്ല മനസ്സുറപ്പ് വേണം അപ്പോഴൊക്കെ.
മായമില്ലാത്ത കഥയിൽ ഞാൻ അവരെ
ആറാടിക്കും.
ആനന്ദിപ്പിക്കും.
ഒരു ആറാട്ട് അവിടെ ഉറപ്പാണ്.
അത് അർദ്ധരാത്രി വരെ നീളും.
പക്ഷെ , ഞാൻ വർത്തമാനം പറയുമ്പോൾ അതിലൊരു കുട്ടി കണ്ണിമ മാറ്റില്ല.
ഓരോ പോക്കിലും
ഞാൻ ശ്രദ്ധിച്ചിരുന്നു.
…..ആ കുട്ടിയുടെ ദർശനത്തിനു വേണ്ടി വേണ്ടിമാണിക്ക്യപ്പാടത്തെത്താനുള്ള
സകല ബുദ്ധിമുട്ടുകളും മറക്കും.
അവിടെ ഇടയ്ക്കിടയ്ക്ക് പോവാൻ ചെറോത്തിൽ ഞാൻ സമ്മർദ്ധം ചെലുത്തും.
ആക്കാലത്ത്
ഞങ്ങൾ തമ്മിൽ
കണ്ണുകൾ കൊണ്ടൊരു രസതന്ത്രം ഉണ്ടാർന്നു.
പക്ഷെ , കാലം പോയപ്പോൾ
അത് കണ്ണുകൾ കൊണ്ട് തന്നെ തീർന്നു.
ആ കുട്ടിയുടെ പേര് പോലും ചോദിച്ചില്ല.
ധൈര്യണ്ടാർന്നില്ല.
മാണിക്യപ്പാടത്തറവാ ട്ടിലെ അകന്ന ബന്ധു ആയിരുന്നു അത്.
വിരുന്നിനു വന്നിരിക്കുകയായിരുന്നു.
കണ്ണുകൾ കൊണ്ട് കഥ പറയാൻ ആ കുട്ടി എന്നും മാണിക്യപ്പാടത്തു വിരുന്നു വരുമായിരുന്നു.
ഒരു സമയം ആ കുട്ടി ഉണ്ടാർന്നില്ല.
അതിനെന്തു പറ്റിയെന്നു ഞാൻ അനേഷിച്ചു.
പ്രായം ആയപ്പോൾ നല്ലൊരുത്തൻ വന്നു കെട്ടിക്കൊണ്ട് പോയി.
ആ കുട്ടിയുടെ ഭാഗ്യം…!
ഞാൻ നിരീച്ചു.
പ്രേമം മൗനം ആയാൽ ഉള്ള തോന്തറവാ അത്.
വല്ലതും ശരിയായി തോന്നുന്നുണ്ടേൽ അപ്പോൾ പറയണം.
സ്നേഹിക്കുന്ന ഹൃദയങ്ങൾ അലയരുത്.
അത് യോജിച്ചേ മതിയാവു.
ഇവിടെ മൗനം വില്ലനായി കൊന്നു
കൊല വിളിച്ചു.
പിൽക്കാലത്ത് ഞാൻ ഉണ്ണിക്കാരണവരോട് മാത്രം ഈ കഥ പറഞ്ഞു.
ഉണ്ണി എന്റെ ചെവിയിൽ നുള്ളിപ്പിടിച്ചു പറഞ്ഞു…
“ഇനി പ്രേമിക്കോ …ന്നു”…?
“ഇല്ലെന്നു” ഞാനും..
ആ കഥ അവിടെ തീർന്നു.
വെടിയൊക്കെ പറഞ്ഞു അത്താഴം , എന്നിവ കഴിയുമ്പോഴേക്കും നാരായണി മുത്തശ്ശി എനിക്ക് കിടക്കാനുള്ള മുറി പറഞ്ഞു തരും.
അപ്പോഴേക്കും ,
മണി പന്ത്രണ്ട്‌ കഴിഞ്ഞിരിക്കും.
ചെളി വരമ്പിലൂടെ കയ്യിലുള്ള കാണിക്ക ആയ പുളിയും , ചില തിന്നാൻ ആയ കാരവസ്തുക്കളും അരി കൊണ്ടാട്ടവും , കൈക്കു ഭാരം ഉള്ളതായി തോന്നി.
കൊണ്ടാട്ടം കൊണ്ട് വരണമെന്നു പ്രത്യെകം പറഞ്ഞിരുന്നു…
വെയിൽ ഇല്ലാത്തോണ്ട്
മണിക്യപ്പാടത്തു ആരും അത് ഉണ്ടാക്കാറില്ല..
മാണിക്യപ്പാടത്തു എല്ലാം ഉണ്ട് ,
…. ഈ പറഞ്ഞ പുളിയും , കൊണ്ടാട്ടവും ഒഴികെ..
ഓരോ വിചാരത്തിൽ മനസ്സ് നടക്കുമ്പോഴും , കൈ കഴക്കുന്നുണ്ടാർന്നു.
ഒരു കയ്യിൽ
ഘനമേറിയ സഞ്ചി ,
മറ്റൊരു കയ്യിൽ
ശീലക്കുട.
പോരാത്തത്തിന് കനത്ത മഴ… കാറ്റും..
കൈക്കുഴ തെറ്റുമോ വരെ തോന്നി.
എന്നും ഉള്ളതിനേക്കാൾ പുളിയുണ്ട് സഞ്ചിയിൽ.
അതാ ഒരു കാരണം. പിന്നെ ബുദ്ധിമുട്ടാനുള്ള മടിയും.
വായനയിലും , എഴുത്തിലും ,
അത് കണ്ടിരുന്നില്ല..
അത് രണ്ടും ,
മനസ്സിനോട് ചേർന്നതായിരുന്നു.
അടർത്തിമാറ്റാൻ പറ്റാതെ അത് ജീവിതയാത്രയിൽ കൂടെ കൊണ്ട് നടന്നു.
കൈ കഴച്ചോണ്ടിരുന്നു.
….ബസ്സിലെ കണ്ടക്ടർ വെറുതെയല്ല പാർസൽ പൈസ വാങ്ങീത്…
‘സഞ്ചിഘനം’ അയാൾക്ക്‌ കണ്ടതും മനസ്സിലായി.
ഗുരുദേവൻ ബസ്സിന്‌ സഞ്ചി ഒരു ഭാരമായിരുന്നു.
ഉറുപ്പിക രണ്ട് ക
ബസ്സ് ടിക്കറ്റിന് പുറമെ എടുക്കേണ്ടിവന്നു.
…പുളി ഇത്യാതി…
ന്ന ബില്ല് ഇപ്പൊ കണ്ണിൽ കാണുന്നു…
കടലാസ് ടിക്കറ്റിനു
ചുവന്ന നിറായിരുന്നു.
കണ്ടക്ടർ ഒപ്പ്
അതിൽ പതിഞ്ഞിരുന്നു.
ടിക്കറ്റിന്റെ വലതുവശത്തെ കോണിലുള്ള ബോക്സിൽ
S… ന്ന് കോറിയ
കണ്ടക്ടർ സദാശിവന്റെ ഒപ്പ് ബഹുകേമം.
എട്ടു വരെ പഠിച്ച
ഗമ ആ ഒപ്പിൽ ഉണ്ടാർന്നു.
എട്ടിൽ തോറ്റപ്പോൾ
കണ്ടക്ടർ ആയി ഗുരുദേവനിൽ കൂടിയതാണ്.
അത് നാൽപ്പത്തിലും
ഒരു യോഗം പോലെ തുടരുന്നു.
ബസ്സ് നീങ്ങി നീങ്ങിക്കൊണ്ടിരിക്കുമ്പോൾ
കണ്ടക്ടർ
അധിക പൈസ എടുത്തോ ന്നും സംശയം ഉണ്ടാർന്നു.
ഈയിടെ ആയി ഗുരുദേവൻ ബസ്സുകാർക്ക് കുറച്ചു കൂടുന്നുണ്ട്…
എന്റെ നിരീക്ഷണം അങ്ങനെ ഒക്കെ പോവും.
…..പോക്ക് വരവ് ചെലവ് ,
ഈ പോക്കു പോയാൽ
ചെറോത്തുകാർ ഇനി എന്നെ എവിടേക്ക് വിടില്ലന്നും എനിക്ക് ആ നടപ്പിൽ തോന്നി.
കൊല്ലത്തിൽ ഒരു
പോക്കെ ഇനിയുണ്ടാവു.
അല്ല , നാരായണി മുത്തശ്ശി കാലം ചെയ്‌താൽ പോക്ക്
വടി പോലെ ആവും.
പിന്നെ ആരെ കാണാനാ ഇവിടെ വരുന്നത് ന്നു തോന്നിയതും
മനസ്സിൽ
കുട്ടപ്പയുടെ ചിത്രം തെളിഞ്ഞു വന്നു.
….ന്നാലും നാരായണി മുത്തശ്ശിയേപ്പോലെ വരില്ല.
എന്താ ആ സ്നേഹം…
നിറകുടമാ അവർ.
ഒരു പക്ഷെ ,
മകനായ കുട്ടപ്പക്ക് അത് കുറച്ചു കിട്ടിയിട്ടുണ്ട്.
…..എങ്ങനാ അവർ ഒക്കെ നന്നാവാതിരിക്കാ…
ഒരുമയുള്ള മാണിക്യപ്പാടത്തിന്റെ സന്ധതികളല്ലേ അവർ.
….”ഒരുമ… ഒലക്ക “
ഒക്കെ മനസ്സിൽ പൊന്തി വന്നു.
ചെളി നിറഞ്ഞ
പാട വരമ്പുകൾ അവസാനിക്കുന്നത് മൺവഴിയിലേക്കാണ്.
അവിടെ നാട്ടിലെ അധികാരികൾ കുറച്ചു കല്ലിട്ടിട്ടുണ്ട്.
ചെളിയിലെ നടത്തത്തിൽ നിന്നു രക്ഷപ്പെടാൻ.
കല്ലിൽ ചവിട്ടിയുള്ള കയറ്റം ആണ് മുന്നിൽ.
ആ വഴി അവസാനിക്കുന്നത്
മാണിക്യപ്പാടത്തറവാട്ടിലേക്കാണ്.
കല്ലിട്ട മൺ വഴി താണ്ടുമ്പോൾ എന്തോ , മഴയുടെ താണ്ടവം കുറച്ചു കുറഞ്ഞു.
പക്ഷെ ,
ഉന്തുന്ന കുളിർ കാറ്റുണ്ട്.
മേത്തു ഉണ്ടായ വിയർപ്പു വറ്റിക്കാൻ
കാറ്റ് പരമാവധി ശ്രമിക്കുന്നുണ്ട്.
ഷർട്ടും , പുറവും വിയർപ്പു കൊണ്ട്
ഒട്ടിയ നിലയിലാർന്നു.
പേരുകേട്ട ഒന്ന് രണ്ടു തറവാടുകളും വഴിയിലെ വശങ്ങളിൽ ഉണ്ട്.
എല്ലാം പത്തായപ്പുരകൾ.
ജോലിക്കാരാ അവരൊക്കെ.
നെൽക്കൃഷ്‌യൊക്കെ അവർ ഉപേക്ഷിച്ചിരിക്കുന്നു.
അവരിൽ ചിലർ കുടിയേറി പാർക്കുന്ന തെക്കരെ കണ്ടു റബ്ബറിലേക്ക് ചുവടു മാറ്റി.
പക്ഷെ റബ്ബർ നടത്താൻ ക്ഷമ വേണം.
കൊച്ചു കുട്ടിയെ നോക്കും പോലെ നോക്കണം.
ആദായം കിട്ടണേൽ കൊല്ലം പത്തു കഴിയും.
അതിനും ഉറപ്പില്ല.
പക്ഷെ അവരൊന്നും
ഇനി നെൽക്കൃഷി ചെയ്യില്ല.
പണിക്കാരെ കിട്ടില്ല ഒരു കാരണം.
മെനക്കേടാൻ
വയ്യ ന്നുള്ളത് വേറൊന്നും.
ചിലർ നെൽകൃഷി വിറ്റു പൈസ ഒക്കെ ബാങ്കിൽ ഇട്ടു പലിശയിൽ ജീവിക്കുന്നു.
നെൽകൃഷിയെ അവർ വെറുത്തു…
പറയേച്ചാൽ.
നെൽകൃഷി
നടത്തുന്നത് നാരായണി മുത്തശ്ശി മാത്രം.
സഹായത്തിനു മകൻ കുട്ടപ്പയും.
വീടിനു ചുറ്റുമുള്ള തറവാടിനെ ചുറ്റിപ്പറ്റിയ കുറച്ചു പണിക്കാരും.
കോരൻ , കിട്ടാ , പൊന്നൻ , തില്ലു അങ്ങിനെ ചിലർ.
ദൂരെ നിന്നു നോക്കുമ്പോൾ ഉമ്മറത്ത് എന്നേ സ്വീകരിക്കാൻ നാരായണിമുത്തശ്ശിയും കുട്ടപ്പയുമുണ്ട്.
എന്തൊക്കെയാ ഇക്കുറി പറയേണ്ടു ന്നു ചിന്തിക്കുമ്പോഴേക്കും ഞാൻ മാണിക്യത്തറവാട്ടിലെ പടിപ്പുര താണ്ടി.
നാരായണി മുത്തശ്ശി എന്നേ കണ്ടതും….
“കുറേ ആയല്ലോ കുട്ട്യേ” ന്നൊരു വാക്ക് പറഞ്ഞു.
“ചെറോത്തിൽ
വിശേഷങ്ങൾ ഒന്നും ഇല്ലല്ലോ”….ന്നും.
ഇക്കുറി കുമ്മാട്ടിക്ക് അവിടെ വരാൻ തരപ്പെട്ടില്ല.
ഗംഭീരം ആയി ന്നു കേട്ടു.
ഇവിടെ തൊടിയിൽ അടക്കയും , കുരുമുളകും പറിക്കുന്ന തിരക്കായിരുന്നു…
എങ്കിലും , മനസ്സ് അവിടെ ആയിരുന്നു..
വേലൻ ഇക്കൂറീം വേഷം കെട്ട്യോ…
അവനാ നമ്പൂരി വേഷം ശ്ശി ചേരും..,
വായ തുറക്കാതിരുന്നാൽ”…
മുത്തശ്ശി തുടർന്നു…,
“കുമ്മാട്ടി ദിവസം എണ്ണ വിറ്റ കാശു മേടിക്കാൻ വരുന്നപോലെ
വേഷം കെട്ടി വരുന്ന വിശ്വനാഥ്നേം ഞാൻ ഓർക്കാറുണ്ട്…
പിന്നെ പൂതൻ , തിറ ,
നടു ചുങ്കത്തു വെച്ചു നടക്കുന്ന പുലിയും ,
കള്ളനും , പോലീസും കളി…
ഒക്കെ… ഒക്കെ…
കുട്ടി വേഗം പറയു.
അറിയാൻ ധൃതി ആയി ഞങ്ങൾക്ക് “.
ഉമ്മറപ്പടിയിൽ വച്ച ബക്കറ്റിലുള്ള വെള്ളം കൊണ്ട് കൈകാലുകൾ കഴുകി,
കുട വളയിൽ വെച്ചു ഞാൻ ഉമ്മറത്തേക്ക്‌ കേറി.
“ഒരു വെയില് കണ്ടിട്ട് എത്ര നാളായി”….
…..കുട്ടപ്പ എന്റെ കൈ പിടിക്കുമ്പോൾ മുന വെച്ചു പറഞ്ഞു.
ഇഷ്ട്ടം കൊണ്ടാ… കുട്ടപ്പാ അങ്ങിനെ പറഞ്ഞത്.
വെയിൽ അവർക്കു എന്നെങ്കിലും വരുന്ന അഥിതിയേ പോലെയാ.
എന്നേ ഉപമിച്ചത് വെയിലുമായി…
“എനിക്ക് വരണമെന്നുണ്ട്… ചെറുത്തുകാർ വിടണ്ടേ… അതാ “…
ഞാൻ കുട്ടപ്പക്ക്‌ മറുപടി കൊടുത്തു.
ഉമ്മറത്തെത്തിയ
ഞാൻ മുത്തശ്ശിക്കുള്ള
ഉത്തരപ്പെട്ടകം തുറന്നു.
“കുമ്മാട്ടി എല്ലാം ഗഭീരമായി…
വേഷം കെട്ടിയവർ വിദേശ വെള്ളത്തിൽ ആറാടി.
അവർക്കാ എന്നും സുഖം.
ദുഖങ്ങൾ മറക്കാൻ മരുന്നുണ്ടല്ലോ..
ദൈവം അതിനു ലൈസൻസും കൊടുത്തിട്ടുണ്ട്..
ഇനി ബാക്കി കഥ നടുത്തളത്തിൽ”…
എനിക്കൊന്നു കുളിക്കണം…
മഴയിൽ കുതിർന്ന
മാണിക്ക്യത്തറവാട്ടിലെ
മുറ്റത്തിലെ ചെളിവെള്ളം
താണ്ടി ഞാൻ
അരകുളത്തിലേക്കു നടന്നു.

മങ്ങാട്ട് കൃഷ്ണപ്രസാദ്.

By ivayana