രചന : ശ്രീകുമാർ എം പി ✍
തിരുവോണപ്പാട്ടുകൾ പാടുന്ന നാട്
തിരുവാതിരനൃത്തമാടുന്ന നാട്
പൊൻവിഷുക്കണി കണ്ടുണരുന്ന നാട്
പൊൻതിങ്കൾക്കല പോലെൻ മലയാളനാട്
കണിക്കൊന്നകൾ പൂത്തുലയുന്ന നാട്
കതിരണിപ്പാടങ്ങളണിയുന്ന നാട്
കൈതപ്പൂ മണം നീളെയൊഴുകുന്ന നാട്
കൈതോലപ്പായ മേലുറങ്ങുന്ന നാട്
കാവിലെ പാട്ടു കേട്ടുണരുന്ന നാട്
കാർമേഘശകലങ്ങൾ പാറുന്ന നാട്
കാടും മലകളും കാക്കുന്ന നാട്
കടലിന്റെ താരാട്ടു കേൾക്കുന്ന നാട്
കതിർമണി കൊത്തും കിളികൾതൻ നാട്
കണികണ്ടു ദേവനെ കൂപ്പീടും നാട്
കാർത്തിക ദീപങ്ങൾ തെളിയുന്ന നാട്
കമനീയകാന്തി വിളങ്ങുന്ന നാട്
കനകക്കിനാവുകൾ പൂക്കുന്ന നാട്
കലയുടെ കേളികൊട്ടുയരുന്ന നാട്
കഥകളി കാന്തി നിറഞ്ഞാടും നാട്
തുഞ്ചന്റെ കിളിപ്പാട്ടുയരുന്ന നാട്
തുള്ളൽച്ചിലമ്പൊലി മുഴങ്ങുന്ന നാട്
ചേലിൽ തെങ്ങോലകൾ ചാമരം വീശി
മയിലാട്ടമാടുന്ന മാമലനാട്
മാമാങ്കം കൊണ്ടാടിപുകഴ്കൊണ്ട നാട്
മീനത്തിൽ മാമ്പഴമുതിരുന്ന നാട്
മേടത്തിൽ ചെറുമഴ പൊഴിയുന്ന നാട്
ഇടവത്തിൽ പേമാരിയെത്തുന്ന നാട്
ഈണത്തിൽ മുഴങ്ങുന്ന പാട്ടിന്റെ നാട്
ഈരടികൾ നർത്തനമാടുന്ന നാട്
നാണമണിയുന്ന നാരിതൻ നാട്
നാണം വിട്ടുണരുന്നയാതിര നാട്
ആരും കൊതിയ്ക്കുന്ന മലയാളനാട്
ആരതിയോടെ എതിരേല്ക്കുന്ന നാട്
ആവണിപ്പൊന്നൂഞ്ഞാലാടുന്ന നാട്
തിരുവോണംകൊള്ളും തിരുമലനാട്
തിരുവോണമന്നനെഴുന്നള്ളും നാട്
തിരുമുറ്റം പൂക്കളമാകുന്ന നാട്
ചന്ദനപ്പൂനിലാവൊഴുകുന്ന നാട്
ചന്ദ്രിക സുസ്മിതം കൊള്ളുന്ന നാട്
ചേലാർന്ന പൂരങ്ങൾ നിറയുന്ന നാട്
ചാരുവെൺചാമരം വീശുന്ന നാട്
ഓളങ്ങളോടിക്കളിയ്ക്കുന്ന നാട്
ഓമനപ്പുഴകളൊഴുകുന്ന നാട്
ദൈവത്തിൻ പാദത്തിലർപ്പിച്ച നാട്
രാജാവു ദാസനായ് സേവിച്ച നാട്
ദൈവത്തിൻ സ്വന്തമാം നാടായ നാട്
ദൈവതയെങ്ങും വിളങ്ങുന്ന നാട്
പന്ത്രണ്ടു മക്കളെ പഞ്ചമി പെറ്റു
പന്ത്രണ്ടു മട്ടിൽ പുകഴ്കൊണ്ട നാട്
ഭ്രാന്തിനു ദിവ്യത്വമേകി നാറാണത്തു
പുണ്യപുരുഷൻ പിറന്നൊരു നാട്
പാണൻ തുടികൊട്ടിപ്പാടിയ നാട്
പാരിജാതപ്പൂക്കൾ വിടരുന്ന നാട്
തിരുവോണപ്പാട്ടുകൾ പാടുന്ന നാട്
തിരുവാതിരനൃത്തമാടുന്ന നാട്
പൊൻവിഷുക്കണി കണ്ടുണരുന്ന നാട്
പൊൻ തിങ്കൾക്കല പോലെ മലയാള നാട് !