ദിൻഷാ എസ് ✍
സ്നേഹമുള്ള ഓരോ മനസ്സും ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും.ഭാര്യയുടെ അച്ഛന്റെ മരണം സ്ട്രോക്ക് വന്ന് കിടപ്പിലായ എന്നെ വല്ലാതെ അലട്ടിയിരുന്നു. അദ്ദേഹം മരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും. എന്റെ മനസ്സിൽ ആ നല്ല മനുഷ്യൻ എന്നും ജീവിക്കും.2012 ജനുവരി 24ന് ലോറി കയറി അരഞ്ഞു കൈകാലുകൾ ഒടിഞ്ഞു തിരിച്ചറിയാൻ കഴിയാത്തവിധം മുഖവും തലയും പൊട്ടിക്കീറി ചലനമില്ലാത്ത ശരീരം പുനലൂർ ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി.
നാടുമുഴുവൻ എന്റെ മരണവാർത്ത പ്രചരിച്ചു.എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർവിക്കൽ സർജറി സ്‌പൈനൽ കോഡ് സഹിതം നിരവധി സർജറികൾക്ക് വിധേയനായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മണിയച്ഛനെന്ന ആ വലിയ മനുഷ്യനാണ് ഒപ്പം എന്റെ എല്ലാമായ ഭാര്യ സിന്ധുവും മണിയച്ഛൻ സ്വന്തമായി ഒരു സെന്റ് ഭൂമിപോലും നേടിയില്ല അദ്ദേഹം എല്ലാം സഹോദരങ്ങൾക്ക് നൽകുകയായിരുന്നു. മണിയച്ഛന്റെ സമ്പാദ്യം സ്നേഹമായിരുന്നു.കോമാവസ്‌ഥയിലായ എന്നെ പരിചരിക്കുന്നതിൽ എന്റെ ഭാര്യയോടും മക്കളോടുമൊപ്പം അദ്ദേഹം എന്നും ഉണ്ടായിരുന്നു.
ആ വലിയ മനുഷ്യനെ ഓർത്തുകൊണ്ട് പഠിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് ഞാൻ തിരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം എന്റെ സഹപാഠിയുടെ മകനെ പഠിപ്പിച്ചുകൊണ്ടു തിരിച്ചുവരാൻ കഴിഞ്ഞു. നടക്കാൻ ഒരാളുടെ സഹായം വേണമെങ്കിലും പഠിപ്പിക്കാൻ കഴിഞ്ഞത് മനസ്സിന് ബലമായി. വരിക, ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം. അടുത്തിടെ എന്നെക്കുറിച്ചു വന്ന പത്ര വാർത്തകളിൽ മനോരമ എഴുതിയത് തന്നെയാണ് എനിക്കും പറയാനുള്ളത് “തോൽക്കാൻ മനസ്സില്ല “
സ്നേഹാദരങ്ങളോടെ