രചന : സുബിന മുനീബ്✍

രണ്ട് നാഴി പത്തിരിക്ക്
കുഴക്കുമ്പോൾ പൊടി
അവളോടെന്നും
പിണങ്ങി മാറി നിൽക്കും..
നോമ്പെടുത്ത്
വയ്യാത്ത പണിക്ക്
നിക്കണോ എന്ന്
കൂടെക്കൂടെ
കെറുവിക്കും…
ദോശയോ
നെയ്ച്ചോറോ
വെച്ചിരുന്നേലെനിക്കിട്ട്
ചാമ്പണോ
എന്നിളിച്ച് കാട്ടും..
കുഴച്ച് കുഴച്ച്
പതം വരാത്ത
പൊടിയിൽ നോക്കി
പത്തിരിയും
തരിക്കഞ്ഞിയുമില്ലാതെന്ത്
നോമ്പെന്ന്
അവളൂറ്റം കൊള്ളും.
ആറുനാഴി പൊടി
പുഷ്പം പോലെ
കുഴച്ചെടുത്ത
കട്ടച്ചങ്കുകളെ
ചേർത്തിളക്കും..
പത്തിരി കുഴക്കാത്ത
പെണ്ണിനെന്തോ
കുഴപ്പമെന്ന
ആശ്ചര്യ ചിഹ്നങ്ങളെ
കൂടെക്കുഴക്കും..
വീട്ടാരെ
ഹൃദയത്തിലേക്കൊരു വഴി
പത്തിരിക്കല്ലിലാന്ന്
ഉമ്മാടെ
തേൻ വാക്കിത്തിരി
പലമ്മലിടും..
ആധിയിലീവിധം
പരത്തിയവ
കനലിലിട്ട്
പൊള്ളിച്ചെടുക്കും.
സ്നേഹത്തിൻ്റെ
തേങ്ങാപാലൊഴിച്ച –
പോലെന്ന് വീട്ടുകാർ
സന്തോഷപ്പെടും…
നോമ്പിനിതിലും വല്യ
കൂലിയെന്തെന്നോർത്ത്
അവളപ്പോൾ
പുഞ്ചിരി തൂകും…
■■■


(വാക്കനൽ)

By ivayana