രചന : വാസുദേവൻ. കെ. വി✍

പണ്ട്
ഓട് മേഞ്ഞ കൂരകൾ വീടുകൾ
ചുറ്റും പന്തലിച്ച ശിഖരങ്ങൾ
വേനൽ ചൂട് പൊഴിച്ചിരുന്നു
മരങ്ങളത് ഏറ്റുവാങ്ങിരുന്നു
ഓട് പെണ്ണുടൽ കണക്കെ
പതുക്കെപതുക്കെചൂടാകും;
ഓട് പെൺരോഷം പോലെ
അതിവേഗത്തിൽ തണുക്കും
ഇളംകുളിരേകുന്ന പകലുകൾ
ഗാഢനിദ്രയേകുന്ന രാത്രികൾ
ഇന്നലെ-
ഓടുകൾ തൂക്കിയെറിഞ്ഞ
കോൺക്രീറ്റ് മേൽക്കൂരകൾ
‘ലോ’-യില് നിന്ന് ‘ഹൈ’ -ലേക്കു
മാറിയ നമ്മുടെ സ്റ്റാറ്റസ് മുദ്രകൾ
ഒറ്റനിലകൂരകൾ വിട്ടൊഴിഞ്ഞു
നമ്മൾ ഇരുനിലകളിലേക്ക്
മരങ്ങള് വെട്ടിമാറ്റി മുറ്റങ്ങൾ
സിമന്റുപാകി വീട് മോടി കൂട്ടി.
കൂട്ടുകുടുംബങ്ങൾ അന്യമാക്കി
നമ്മൾക്ക് അണുകുടുംബങ്ങൾ
ചുമരോട്ചുമർ ചേർത്ത് നമ്മൾ
നാഗരികക്കൂട്ട് തേടി മുഖംമാറ്റി
പരവതാനി കണക്കെ മുന്നിൽ
കോൺക്രീറ്റ് പാതകളൊരുക്കി
കുംഭ മീനമേടങ്ങളിലപ്പോഴും
വേനൽച്ചൂട് പകർന്ന് സൂര്യൻ
പങ്കകൾ മതിവരാതെ കൂളറുകൾ
നിരന്നു നമ്മുടെ അകങ്ങളിൽ
പകലുകൾ വിയർത്തു കുളിച്ചു
രാത്രികൾ എരിപൊരികൊള്ളിച്ചു
ഇന്ന്
ഇരട്ടവരിപാതകൾ നാൽവരിയാക്കി
നാൽവരികൾ ആറുവരികളാക്കി
വാഹനങ്ങൾ വിഷവായുതുപ്പി
വികസനത്വരയോടെ നമ്മൾ
കുന്നിടിച്ച് മണലൂറ്റി പാറയുടയ്ക്കുന്നു
യന്ത്രത്തുമ്പികൈ വേര് പിഴക്കുന്നു
കൂളറുകൾ മടുത്ത് ശീതീകരണയന്ത്ര
മുറികൾ പെരുകുന്ന കാഴ്ചകൾ
ഓടുകൾ തിരഞ്ഞ് ഓട്ടത്തിലാണ്.
കോൺക്രീറ്റ് മേൽക്കൂരകൾക്ക്
ഓടു പാകി മീനമേടമാസങ്ങളെ
നേരിടാനുള്ള നെട്ടോട്ടങ്ങളോടെ..
ആഡംബര കുഞ്ഞോടുകൾക്കിന്നു
രാജാപാർട്ട് യോഗം കീശകീറുന്നു
എ.സി.വിട്ടിറങ്ങിയാലിന്നു വെപ്രാളം
ഭൂഗർഭ രാസപൂരിതവെള്ളം കുടിച്ച്
വെയിൽച്ചൂട് താണ്ടി അതിജീവനം
ദിശമാറാതെ മുഖംമാറ്റിമാറ്റി
വിയർത്തൊലിച്ച് തളരുന്നവർ
കുംഭ മീന മേടങ്ങൾ തിരുത്തി
പ്രതിഷ്ഠിച്ചവർ നമ്മൾ മാത്രം
ഏറ്റുവാങ്ങുക ശിക്ഷകൾ സ്വയം.

വാസുദേവൻ. കെ. വി

By ivayana