രചന : അജിത്‌ കട്ടയ്ക്കാല്‍, ✍

മാധൃമം ലേഖകൻ അജിത്ത് എഴുതിയ കുറിപ്പ്..
വായിക്കണം..
വായിച്ച് ഹൃദയഭാരത്തിൽ നിറഞ്ഞ്…വാക്കുകൾ,നഷ്ടപ്പെടുന്നു..
അൽഹംദുലില്ലാ..അള്ളാഹുവേ…
വായിക്കൂ..
അജിത് കട്ടയ്ക്കാലിൽ എഴുതുന്നു..


ഒരു ലൈലത്തുൽ ഖദ്‌റിന്‍റെ ഓര്‍മ്മക്ക്…
റീജ്യണല്‍ കാന്‍സര്‍ സെന്‍ററിലെ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങളില്‍ ഒന്നില്‍ ഞാനിരിക്കുകയാണ്.
OP സമയം കഴിഞ്ഞതിനാല്‍ വലിയ തിരക്കില്ല.
വയനാട്ടില്‍ നിന്നും RCCയില്‍ ചികിത്സക്ക് എത്തിയ ഫാത്തിമാ അബൂബക്കറെന്ന സ്ത്രീയെ കാണുകയാണ് ലക്ഷ്യം.
അന്ന് ന്യൂസ് എഡിറ്ററായിരുന്ന ബാബുജി (കെ.ബാബുരാജ്) പറഞ്ഞതനുസരിച്ചാണ് ഈ ഇരിപ്പ്.


വയനാട്ടിലുള്ള ഒരു സുഹൃത്താണ് ഫാത്തിമാ അബൂബേക്കറെപ്പറ്റി ബാബുജിയോട് പറഞ്ഞത്. നിര്‍ധനകുടുംബമാണ്, ആണുങ്ങളാരും ഒപ്പമില്ല, ഫാത്തിമക്കൊപ്പം കൈക്കുഞ്ഞും മാതാവും മാത്രമാണുള്ളത്. ആര്‍.സീ.സിയിലെ നടപടിക്രമങ്ങള്‍ ഒന്നും അറിയില്ലെന്നും മൂന്ന് ദിവസമായി ഇവിടെ തലങ്ങും വിലങ്ങും ഓടുകയാണെന്നും സഹായിക്കണമെന്നുമായിരുന്നു ബാബുജി പറഞ്ഞത്.


ബാബുജി നല്‍കിയ മൊബൈല്‍ നമ്പരില്‍ വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. ഒരു കാര്യം ഉറപ്പായി. ഫാത്തിമ ആര്‍.സീ.സിക്കുള്ളിലുണ്ട്. അതാണവര്‍ ഫോണ്‍ എടുക്കാത്തത്. അവരുടെ മൊബൈലിലേക്ക് ഒരു മെസ്സേജ് അയച്ച് കാത്തിരിക്കുകയാണ് ഞാന്‍. ഫാത്തിമ അബൂബേക്കറെയും കാത്ത്.
ഏറെക്കഴിയാതെ സുന്ദരിയായ ഒരു സ്ത്രീ കരഞ്ഞുതളര്‍ന്ന കൈക്കുഞ്ഞുമായി എന്‍റെ അടുത്തേക്ക് നടന്നുവന്ന് ചോദിച്ചു: അജിത്ത്…?
തലയുയുര്‍ത്തി ഞാന്‍ ചോദിച്ചു: ഫാത്തിമ അബൂബേക്കര്‍?
ഞാന്‍ അവളുടെ ഉമ്മയാ, ഇതവളുടെ മകളാ… കൈക്കുഞ്ഞിനെ നോക്കി അവര്‍ പറഞ്ഞു.


വൈകാതെ കൈയിലൊരു ഫയലുമായി വെള്ളിക്കണ്ണുകളുള്ള അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ഞങ്ങള്‍ക്കരുകിലെത്തി.
ഫാത്തിമ? പെണ്‍കുട്ടി തലയാട്ടി.
പോകാന്‍ തിടുക്കമുണ്ടോ എന്നായിരുന്നു അവളുടെ ചോദ്യം.
ഇല്ലെന്ന് മറുപടി പറയും മുമ്പേ അവള്‍ തിടുക്കത്തില്‍ മാതാവില്‍ നിന്നും കുഞ്ഞിനെ വാങ്ങി. സന്ദര്‍ശകര്‍ക്കുള്ള കസേരകളില്‍ അല്‍പ്പം അകലെ മാറിയിരുന്നു. തട്ടം തലമുതല്‍ മാറുവരെ മൂടി, കുഞ്ഞിന് മുലയൂട്ടി.
ഏറിയാല്‍ ഒരു ഇരുപത്തിരണ്ട് വയസ് മാത്രം കാണും അവള്‍ക്ക്. അവളുടെ മാതാവ് നന്നേ ചെറുപ്പം.


കുഞ്ഞിന് പാലുകൊടുത്തു കഴിഞ്ഞ് ഫാത്തിമ എത്തി.
ചേട്ടാ മൂന്ന് ദിവസമായി ഈ ആശുപത്രിക്കകത്ത് കിടന്ന് കറങ്ങുകയാണ്. ഇന്നാണ് ഒന്ന് ശരിക്കും ഡോക്ടറെപ്പോലും കാണാന്‍ കഴിഞ്ഞത്. ഫാത്തിമ പറഞ്ഞു.
എന്താ പ്രശ്നം?
രക്തത്തിലാണ്.. ഞാന്‍ ഫാത്തിമയുടെ കൈയ്യിലുണ്ടായിരുന്ന ടെസ്റ്റ്‌ റിപ്പോര്‍ട്ടുകള്‍ വാങ്ങി നോക്കി.
ലാബ് റിസള്‍ട്ടുകള്‍ ഫാത്തിമയുടെ നിര്‍ഭാഗ്യത്തെ അക്കങ്ങളില്‍ കുറിച്ചിട്ടു.
(ശരീര കോശങ്ങളുടെ വളർച്ചയും നാശവും നിയന്ത്രിക്കുന്ന ജീനുകളിലെ വ്യതിയാനമാണ് അർബുദത്തിന് കാരണമെന്ന് ശാസ്ത്രലോകം പറയുമ്പോഴും അര്‍ബുദത്തെയും ചിത്തഭ്രമത്തിനെയും നിര്‍ഭാഗ്യമെന്ന ഒറ്റവാക്കില്‍ ഒതുക്കാനാണ് ഞാന്‍ ശ്രമിക്കാറ്. ഒരു മനുഷ്യന്‍റെയും ബന്ധുക്കളുടെയും ഉറ്റവരുടെയും അവനെ/അവളെ സ്നേഹിക്കുന്നവരുടെയും ആശ്രിതരുടെയും നിര്‍ഭാഗ്യമല്ലാതെ പിന്നെന്താണ് അര്‍ബുദവും ഭ്രാന്തും?)


ഫാത്തിമയും മാതാവും ഞാന്‍ എന്താണ് പറയുന്നതെന്ന്‍ അറിയാന്‍ ആകാംഷയോടെ കാത്തുനില്‍ക്കുകയാണ്.
സാരമില്ല, നമുക്ക് നോക്കാം.. എന്‍റെ മറുപടിയില്‍ അവര്‍ക്ക് ആശ്വാസം തോന്നിയിട്ടുണ്ടാവണം.
നാളെ വീണ്ടും ആര്‍.സി.സിയിലെ ഡോക്ടര്‍മാരെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്.
പേടിക്കാനൊന്നും ഇല്ലെന്ന് ഞാന്‍ അവരെ വീണ്ടും പറഞ്ഞു സമാധാനിപ്പിച്ചു.
കുറച്ചുകാലം ചികിത്സ നോക്കേണ്ടി വരും.
റേഡിയേഷന്‍, കീമോതെറാപ്പി, ഇഞ്ചക്ഷനുകള്‍, മുടങ്ങാതെ മരുന്നുകളും എടുക്കേണ്ടിവരും.


ചിലപ്പോള്‍ രക്തം വേണ്ടിവരും. വിഷമിക്കേണ്ട
എല്ലാത്തിനും പരിഹാരമുണ്ടാക്കാം. ഞാന്‍ പറഞ്ഞു.
ഫാത്തിമയുടെയും ഉമ്മയുടെയും മുഖം കണ്ടാലറിയാം അവരൊന്നും കഴിച്ചിട്ടില്ലെന്ന്.
നമുക്കോരോ കാപ്പി കുടിച്ചാലോ? ഞാന്‍ ചോദിച്ചു.
മെഡിക്കല്‍ കോളേജിലെ കോഫീ ഹൗസില്‍നിന്നും അവര്‍ ഭക്ഷണം കഴിച്ചു. ഞാനൊരു കോഫി കുടിച്ചു.
കോഫീ ഹൗസില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു: എവിടെയാ താമസം?
ഉള്ളൂരില്‍.. ഒരു വീടിന്‍റെ പോര്‍ഷന്‍ കിട്ടി. വലിയ വാടകയൊന്നും ഇല്ല. വീട്ടുടമസ്ഥന്‍ നല്ല മനുഷ്യനാ.


പിറ്റേന്ന് രാവിലെ ഞാന്‍ ആര്‍.സീ.സിയില്‍ എത്താമെന്നേറ്റു. അവര്‍ക്ക് വലിയ സന്തോഷമായി.
ഫാത്തിമയേയും മാതാവിനെയും കുഞ്ഞിനേയും ഓട്ടോയില്‍ കയറ്റിവിട്ടു.
പറഞ്ഞപോലെ പിറ്റേന്ന് രാവിലെ ഞാന്‍ ആര്‍.സീ.സിയില്‍ എത്തി. ഫാത്തിമയും ഉമ്മയും കുഞ്ഞും എന്നെ കാത്തുനില്‍പ്പുണ്ട്. എന്നെ കണ്ടപ്പോള്‍ അവര്‍ക്ക് സമാധാനമായപോലെ. ഞാന്‍ അവരെയും കൂട്ടി പബ്ലിക് റിലേഷന്‍ ആഫീസര്‍ സുരേന്ദ്രന്‍ ചുനക്കരയുടെ അടുത്തെത്തി. കാര്യങ്ങളൊക്കെ പറഞ്ഞു. ചുനക്കര റിപ്പോര്‍ട്ടുകള്‍ വാങ്ങി നോക്കി. ചികിത്സാ ചിലവിന് സര്‍ക്കാര്‍ സഹായങ്ങള്‍ വാങ്ങി നല്‍കുന്നതുള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും അദ്ദേഹം ചെയ്തുനല്‍കാമെന്ന് ഏറ്റു.


ഫാത്തിമക്കും മാതാവിനും ഏറെ സമാധാനമായി. അന്ന് ചെയ്യാനുള്ള കാര്യങ്ങളെല്ലാം ചുനക്കര ഏര്‍പ്പാടാക്കി.
എന്താവശ്യമുണ്ടായാലും എന്നെ വിളിക്കാനായി എന്‍റെ മൊബൈല്‍ നമ്പരുകള്‍ ഫാത്തിമക്ക് നല്‍കി ഞാന്‍ മടങ്ങി.
അന്നുമുതല്‍ ഇടയ്ക്കിടെ ഫാത്തിമ എന്നെ വിളിക്കുമായിരുന്നു. ഫാത്തിമയുടെ ഫോണ്‍ എത്തിയാല്‍ ഞാന്‍ എന്ത് തിരക്കിലാണെങ്കിലും അതെല്ലാം ഒഴിവാക്കി ഒരു അഞ്ചുമിനുട്ട് അവളുമായി സംസാരിക്കാന്‍ ശ്രമിക്കുമായിരുന്നു. ഓരോ ദിവസവും ആര്‍.സീ.സിയില്‍ നടത്തിയ പരിശോധനകള്‍, ചികിത്സകള്‍ എല്ലാം വള്ളിപുള്ളി തൊടാതെ എന്നോട് പറയും. കൂട്ടത്തില്‍ കുറച്ച് കുടുംബ കാര്യങ്ങളും.
ഇടത്തരം സാമ്പത്തികവസ്ഥയിലുള്ള കുടുംബം.
ബാപ്പക്ക് വയനാട്ടില്‍ ഒരു ചെറിയ പീടികയുണ്ട്.


പതിനെട്ടാം വയസിലായിരുന്നു ഫാത്തിമയുടെ നിക്കാഹ്. ജീപ്പ് ഡ്രൈവറാണ് ഭര്‍ത്താവ്. ഇരുപതാമത്തെ വയസില്‍ പ്രസവിച്ചു. വൈകാതെ ചില ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ നിരവധി ചികിത്സകള്‍ നടത്തി. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി. അവിടുത്തെ പരിശോധനകളിലാണ് ഫാത്തിമയുടെ രോഗം കൃത്യമായി കണ്ടെത്തിയത്. ഇങ്ങനെയാണ് ഫാത്തിമയും കുടുംബവും രക്താര്‍ബുദ ചികിത്സക്കായി ആര്‍.സീ.സിയില്‍ എത്തിയത്.
ചിലപ്പോഴൊക്കെ ബാപ്പയോ ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ ആര്‍.സീ.സിയില്‍ അവള്‍ക്കൊപ്പം വരുമായിരുന്നു. ചികിത്സയുടെ ഓരോ ഘട്ടം കഴിയുമ്പോഴും പണച്ചിലവ് ഏറി വന്നതോടെ വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഉമ്മയും ഫാത്തിമയും കുഞ്ഞും മാത്രമായി.
തിരുവനന്തപുരത്ത് ഞാനുള്ളത് വലിയൊരു സമാധാനവും സഹായവുമാണെന്ന് അവള്‍ ഇടയ്ക്കിടെ പറയുമായിരുന്നു.


റേഡിയേഷനും കീമോതെറാപ്പിയുമൊക്കെ ചെയ്യേണ്ടിവരുമ്പോള്‍ ദിവസങ്ങളോളം ഫാത്തിമയും കുടുംബവും ഉള്ളൂരിലെ വീട്ടില്‍ താമസിച്ചിരുന്നു.
വയനാട്ടില്‍ നിന്നും ഉമ്മയും ഫാത്തിമയും കുഞ്ഞും ആര്‍.സീ.സിയിലേക്ക് തിരിക്കുമ്പോള്‍ അവളുടെ ബാപ്പയോ ഭര്‍ത്താവോ ആരെങ്കിലും എന്നെ വിളിക്കും. അവര്‍ ഇവിടെ എത്തിയാല്‍ ഞാന്‍ പോയി കാണുമായിരുന്നു. ചികിത്സയുടെ പല ഘട്ടങ്ങളിലും അവശയായിപ്പോകുന്ന അവളെ ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിക്കും. അപ്പോഴൊക്കെ അവള്‍ പറയുമായിരുന്നു: “മരിക്കാന്‍ പേടിയൊന്നുമില്ല. പക്ഷേ എന്‍റെ മോന്‍.. ഞാന്‍ പോയാല്‍ അവനാരുണ്ട്…?”
അവളിത് പറയുമ്പോഴൊക്കെ മനസിലൊരാന്തലാണ്. അവളെ നോക്കാനാകാതെ ഞാന്‍ മുഖം തിരിച്ചുകളയും.


ഇടക്കിടെയുള്ള സന്ദര്‍ശനങ്ങളില്‍ ഒരുനാള്‍ വൈകുന്നേരം ആര്‍.സീ.സിയില്‍ നിന്നിറങ്ങുമ്പോള്‍ പഴയത് പോലെ ഞാന്‍ ചോദിച്ചു: നമുക്കോരോ കാപ്പി കുടിച്ചാലോ?
ഫാത്തിമ വാച്ചില്‍ നോക്കിപ്പറഞ്ഞു: ഉമ്മക്കും എനിക്കും നോമ്പാണ്‌.
ഞാന്‍ ഫാത്തിമയെ നോക്കി: നിനക്ക് വയ്യാത്തതല്ലേ ഫാത്തിമാ?
പറഞ്ഞാല്‍ കേള്‍ക്കണ്ടേ മോനേ, ഉമ്മയുടെ പരിഭവം..
അവള്‍ പറഞ്ഞു: അടുത്ത പെരുന്നാളിന് ഞാന്‍ ഇല്ലാണ്ടായാലോ….?
മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ ഉമ്മ അവളുടെ വാ പൊത്തി.
അവള്‍ നിറഞ്ഞു ചിരിച്ചു, കണ്ണീരിന്‍റെ നനവുള്ള ചിരി.
അറിവായ കാലം മുതല്‍ നോമ്പെടുക്കുന്നതാണ്. മുടക്കാന്‍ വയ്യ… അവള്‍ പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല.


ആര്‍.സീ.സിയില്‍ ഇനി രണ്ട് ദിവസം കഴിഞ്ഞു ചെന്നാല്‍ മതി.
അവര്‍ക്ക് നോമ്പ് തുറക്കാനായി കുറച്ച് പഴങ്ങള്‍ വാങ്ങി നല്‍കി ഉള്ളൂരിലെ വീട്ടിലേക്ക് ഓട്ടോയില്‍ കയറ്റി വിട്ടു.
രണ്ട് ദിവസം കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് ഞാന്‍ പിരിഞ്ഞു.
പിറ്റേന്ന് ഉച്ചക്ക് ഫാത്തിമ എന്നെ വിളിച്ചു.
വൈകുന്നേരം നോമ്പ് തുറക്ക് എത്താന്‍ പറ്റുമോയെന്ന് ചോദിച്ചു.
മറുത്തൊന്നും ഞാന്‍ പറഞ്ഞില്ല. വൈകുന്നേരം കുറച്ച് പഴങ്ങളും പലഹാരങ്ങളുമായി ഞാന്‍ ഉള്ളൂരില്‍ ഫാത്തിമയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി.
ഒരു വീടിന്‍റെ പോര്‍ഷനില്‍ ഒറ്റമുറി അടുക്കളയിലാണ് അവരുടെ താമസം. നിന്നുതിരിയാന്‍ ഇടമില്ലാത്ത അടുക്കളയില്‍ ഉമ്മ തിരക്കിട്ട് പാചകം ചെയ്യുകയാണ്. ഫാത്തിമ നിസ്കാരപ്പായിലിരുന്ന് ഖുറാന്‍ പാരായണം ചെയ്യുന്നുണ്ട്. അവള്‍ക്കരുകില്‍ കുഞ്ഞ് ഉറങ്ങുകയാണ്.


എന്നെ കണ്ടപ്പോള്‍ അവള്‍ പാരായണം നിര്‍ത്തി.
അവള്‍ക്കരുകില്‍ ഞാന്‍ ഇരുന്നു. കീമോയില്‍ അവള്‍ കൂടുതല്‍ അവശയായപോലെ. നല്ല നീണ്ട മുടിയുണ്ടായിരുന്ന അവള്‍ ഇപ്പോള്‍ ഒരു ബുദ്ധഭിക്ഷുവിനെപ്പോലെയായിരിക്കുന്നു.
ഞങ്ങള്‍ ഏറെ നേരം സംസാരിച്ചിരുന്നു. അവളുടെ കുട്ടിക്കാലത്തെപ്പറ്റി, സ്കൂള്‍ ജീവിതത്തെപ്പറ്റി, നിക്കാഹിനെപ്പറ്റി, രോഗം വന്നപ്പോള്‍ സഹായവുമായി വന്ന അയല്‍ക്കാരെയും നാട്ടുകാരെയും പറ്റി…
ഉമ്മ പാത്രങ്ങളില്‍ പലഹാരങ്ങളും പഴങ്ങളും നിരത്തി. കുടിക്കാന്‍ മൊസാംബി പിഴിഞ്ഞ് ഗ്ലാസുകളില്‍ നിറച്ചു.
മഗ്‌രിബ് ബാങ്ക് മുഴങ്ങി.


ഉമ്മക്കും ഫാത്തിമക്കുമൊപ്പം നോമ്പ്തുറയില്‍ ഞാനുംകൂടി.
ഇന്ന് എന്താ പ്രത്യേകത? ഞാന്‍ ചോദിച്ചു.
“ലൈലത്തുൽ ഖദ്‌ർ” എന്ന് കേട്ടിട്ടുണ്ടോ?
എന്നുവച്ചാല്‍?
ഞങ്ങളുടെ വിശ്വാസമനുസരിച്ച് വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട രാത്രിയാണ്‌ ലൈലത്തുൽ ഖദ്‌ർ.. ഫാത്തിമ പറഞ്ഞു.
ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണ് ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ… അവള്‍ തുടര്‍ന്നു.
അവള്‍ പുറത്തെ സന്ധ്യയിലേക്ക് നോക്കിയിരുന്നു..


ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. അവള്‍ കാണാതെ ഉമ്മ കണ്ണീര്‍ തുടച്ചു.
അടുത്തഘട്ട ചികിത്സകൂടി പൂര്‍ത്തിയാക്കി പെരുന്നാളിന് മുമ്പേ ഫാത്തിമയും ഉമ്മയും കുഞ്ഞും മടങ്ങി.
ആര്‍.സീ.സിയിലെ പടികള്‍ ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു: ഇനി മൂന്ന്‍ മാസം കഴിഞ്ഞ് കാണാം. ഇടക്ക് വിളിക്കാം. ഇന്‍ഷാ അള്ളാ.
ഞാന്‍ തലയാട്ടി.
അവളെയും ഉമ്മയെയും കുഞ്ഞിനേയും തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെക്കുള്ള ബസ് കയറ്റി വിട്ട് ഞാന്‍ മടങ്ങി.


പെരുന്നാളിന്‍റെയന്ന് രാവിലെ അവള്‍ വിളിച്ചു. നാട്ടിലെത്തിയെന്നും യാത്ര സുഖമായിരുന്നെന്നും എല്ലാരും പെരുന്നാള്‍ ഉത്സാഹത്തിലാണെന്നും പറഞ്ഞു.
ഉച്ചയോടെ അവള്‍ വീണ്ടും വിളിച്ചു. പെരുന്നാള്‍ വിശേഷങ്ങള്‍ പറഞ്ഞു. ബാപ്പയും, അവളുടെ ഭര്‍ത്താവും ഉമ്മയുമൊക്കെ സംസാരിച്ചു. മൂന്ന് മാസം കഴിഞ്ഞ് വീണ്ടും കാണാമെന്നും ചെയ്തുതരുന്ന സഹായങ്ങള്‍ക്ക് പടച്ചോന്‍ അനുഗ്രഹിക്കുമെന്നും പറഞ്ഞാണ് ബാപ്പ ഫോണ്‍ അവസാനിപ്പിച്ചത്.
പിന്നെ കുറെയാഴ്ച ഫാത്തിമയുടെ വിളിയൊന്നും വന്നില്ല.


ഒരു ദിവസം അവളെ ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ ഫാത്തിമയുടെ മൊബൈലിലേക്ക് വിളിച്ചു.
ഉമ്മയായിരുന്നു ഫോണ്‍ എടുത്തത്. ഞാന്‍ ഫാത്തിമയെ തിരക്കി..
ഒരു കരച്ചിലായിരുന്നു മറുപടി. ചങ്ക് പൊട്ടിപ്പോകുന്ന ഉമ്മയുടെ ആ കരച്ചില്‍ കേട്ടുനില്‍ക്കാന്‍ ഞാന്‍ കെല്‍പ്പില്ലാത്തവനായി…. ഞാനില്ലാതായി…..


2018 ജൂണ്‍ 12…
ഇന്നാണ് ഫാത്തിമാ നീ അന്ന്പറഞ്ഞ ആ “ലൈലത്തുൽ ഖദ്‌ർ”.. വയനാട്ടിലെ നീ ഉറങ്ങുന്ന പേരറിയാ പള്ളിപ്പറമ്പില്‍ ഇപ്പോള്‍ മഴ പെയ്യുകയാവും. ആ മഴയില്‍ നിന്‍റെ മീസാന്‍ കല്ലും മൈലാഞ്ചിച്ചെടിയും നനഞ്ഞു കുളിരുകയാവും. നിന്‍റെ ഖബറിടം തേടി മലക്കുകള്‍ ആകാശത്തുനിന്നും ഇറങ്ങിവരുന്നുണ്ടാവും. അവര്‍ നിന്‍റെ പ്രാര്‍ഥനകള്‍ കേള്‍ക്കാതെ പോകില്ല. അവര്‍ നിന്നെ കാണാതെപോകില്ല. സത്യം. ഇന്‍ഷാ അള്ളാ…
അജിത്‌ കട്ടയ്ക്കാല്‍,
2018 ജൂണ്‍ 12.
👈 اللَّهُمَّ اغْفِرْ لَها ، وارحمْهُا، وعافِهِا، واعْفُ عنْهُا، وَأَكرِمْ نزُلَهُا، وَوسِّعْ مُدْخَلَهُا واغْسِلْهُا بِالماءِ والثَّلْجِ والْبرَدِ، ونَقِّها منَ الخَـطَايَا، كما نَقَّيْتَ الثَّوب الأبْيَضَ منَ الدَّنَس، وَأَبْدِلْهُا دارا خيراً مِنْ دَارِها، وَأَهْلاً خَيّراً منْ أهْلِهِا، وزَوْجاً خَيْراً منْ زَوْجِهِا، وأدْخِلْها الجنَّةَ، وَأَعِذْها منْ عَذَابِ القَبْرِ، وَمِنْ عَذَابِ النَّار… آمين يارب العالمين 👉

By ivayana