ഇക്കഴിഞ്ഞ ദിവസം ഞാനേറെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരാളുടെ 102 – )o പിറന്നാൾ കടന്ന് പോയി. എല്ലാ പത്രങ്ങളിലും ഒരു ചെറിയ വാർത്തയായി ഒതുങ്ങിപ്പോയ ഒരു പിറന്നാൾ – കളത്തിൽ പ്പറമ്പിൽ രാമൻ ഗൗരിയമ്മ എന്ന വിപ്ലവ കേരളത്തിന്റെ വീരനായികയുടെ – K R ഗൗരിയമ്മയുടെ പിറന്നാൾ.
ജീവിതത്തിൽ എന്നും ആദരവോടെ കണ്ടിരുന്ന 3 സ്ത്രീകളിൽ ഒരാൾ.ഗൗരിയമ്മ, അജിത, മാധവിക്കുട്ടി. ഇതിൽ അജിതയെ വളരെ ദൂരെ നിന്ന് ഒരു തവണ മാത്രം കണ്ടിട്ടുണ്ട്, ഒരു വാക്കു പോലും മിണ്ടിയിട്ടില്ല.
ഗൗരിയമ്മ – കുട്ടിക്കാലം മുതൽ അതായത് ഓർമ്മ വച്ച നാൾ മുതൽ കാണുകയും കേൾക്കുകയും ചെയ്യുന്ന വ്യക്തി. എനിക്ക് ഓർമ്മ ഉറയ്ക്കുമ്പോൾ മുതൽ എന്റെ വീട് സ്ഥിതി ചെയ്യുന്ന അരൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ -മന്ത്രി . അന്നുമിന്നും ഒരു വിരൽപ്പാടകലെ ഉണ്ടായിട്ടും ആയിരം തവണയെങ്കിലും കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും ഇന്നേവരെ പരിചയപ്പെടാൻ അടുത്തോട്ട് ചെന്നിട്ടില്ല. അത് മറ്റൊന്നും കൊണ്ടല്ല – ആ ധീര വിപ്ലവ നായികയോടുള്ള ഭയം കലർന്ന ബഹുമാനം കൊണ്ട് മാത്രമാണ്.
” ലാത്തികൾക്ക് ബീജമുണ്ടായിരുന്നെങ്കിൽ ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു ” എന്ന് പറഞ്ഞ വിപ്ലവ നക്ഷത്രം. എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ട ആദ്യ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു – “കേരം തിങ്ങും കേരള നാട് കെ.ആർ.ഗൗരി ഭരിച്ചീടും ” എന്നത് .അക്കാലത്ത് കിഴക്കേ പാടവരമ്പിലൂടെ രാത്രി ടയർ കത്തിച്ച് വെളിച്ചമുണ്ടാക്കി ജാഥ കടന്ന് പോകുമ്പോൾ കെ.ആർ.ഗൗരി എന്ന പേര് പാടം കടന്ന് വീട്ടുപടിക്കൽ ഇരുട്ടിൽ ജ്വലിക്കുന്ന തീപ്പന്തങ്ങളിലേക്ക് ഭയം കലർന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന എന്റെ കാതുകളിൽ വന്നലയ്ക്കുമായിരുന്നു. രാത്രി അത്താഴം കഴിഞ്ഞ് അപ്പൂപ്പനെ കെട്ടിപ്പിടിച്ച് കയർ പാകിയ കട്ടിലിൽ കിടക്കുമ്പോൾ പതിയെ ചോദിക്കും – “അപ്പൂപ്പാ, കെ.ആർ.ഗൗരി………..”
കമ്യൂണിസ്റ്റായ അപ്പൂപ്പൻ ബാക്കി പൂരിപ്പിക്കും – ഗൗരിയമ്മ എന്ന കേരളത്തിന്റെ ചുവന്ന നക്ഷത്രത്തിന്റെ കഥ പറഞ്ഞ് കൊണ്ട്. ആ കഥകൾ കേട്ട് ഞാൻ ഉറങ്ങിപ്പോകുമായിരുന്നു. എത്രയോ തവണ ഉറക്കത്തിൽ അരിവാൾ ചുറ്റിക നക്ഷത്രാങ്കിതമായ ചുവന്ന കൊടി പിടിച്ച് ജാഥ നയിക്കുന്ന ഗൗരിയമ്മയെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. ഇരുട്ട് നിറഞ്ഞ ജയിൽ മുറിയിൽ ക്രൂര മർദ്ദനത്തിനിരയായി ചോര ഒലിച്ച് നിൽക്കുന്ന കെ.ആർ.ഗൗരി എന്ന കമ്യൂണിസ്റ്റ് വിപ്ലവനായികയെ സ്വപ്നം കണ്ട് എത്രയോ തവണ ഞെട്ടി ഉണർന്നിട്ടുണ്ട്.
ഇന്ന് ഗൗരിയമ്മ പ്രതിനിധാനം ചെയ്യുന്ന ആശയഗതികളോട് വ്യക്തിപരമായി എനിക്ക് ഏറെ വിയോജിപ്പുകളുണ്ട്. പക്ഷെ അപ്പോഴും ഏറെ സ്നേഹത്തോടെ ബഹുമാനത്തോടെ നവോത്ഥാന കേരളത്തിന്റെ ,കമ്യൂണിസ്റ്റ് കേരളത്തിന്റെ, ചുവന്ന പോരാട്ടത്തിന്റെ കനൽ വഴികൾ താണ്ടിയ തലമുറയുടെ ഒക്കെ പ്രതിനിധിയായി എന്റെ ഹൃദയത്തിൽ ജ്വലിച്ച് നിൽക്കുന്നുണ്ട് കെ.ആർ.ഗൗരി എന്ന ചുവന്ന നക്ഷത്രം.
കേരളരാഷ്ട്രീയത്തിലെ പെൺകരുത്തിന് 102…
“നാടിന്റെയും ജനങ്ങളുടെയും ചരിത്രമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ അധികം പേര്‍ ലോകചരിത്രത്തില്‍ പോലും ഉണ്ടാവില്ല” മുഖ്യമന്ത്രി …പിറന്നാൾ ആശംസകൾ.
Bild Courtesy: Lijeesh Kakkur K