രചന : ജയപ്രകാശ് എറവ്✍

പോസ്റ്റ്മോർട്ടം ടേബിളിൽ
നഗ്നനായ് കിടക്കുമ്പോൾ
കീറിമുറിക്കാൻ വന്ന ഡോക്ടറോട്
ശവം പറഞ്ഞു
സർ , കീറി മുറിക്കുമ്പോൾ
എന്റെ ഹൃദയഭാഗത്തെ വെറുതേ വിടുക,
ആത്മാവിന്റെ നഗ്നതയിൽ
പൂർത്തീകരിക്കാനാവാത്ത
സ്വപ്നങ്ങളുടെ നോവുകളുണ്ട്
കൊടുക്കുവാൻ കഴിയാത്ത
ചുംബനങ്ങളുടെ പേമാരിയുണ്ട്
പറയാൻ മറന്ന വാക്കുകളുണ്ട്
പാടി മറന്ന വിപ്ലവഗീതികളുണ്ട്.
ഒറ്റിന്റെ ഒളിയമ്പാൽത്തീർത്തതാണ്
എന്റെയീ ചോര വാർന്ന ദേഹം.
സഹിക്കുന്നില്ല സർ ,
അമ്മ,
കുഞ്ഞുപെങ്ങൾ ….
കൺചിമ്മിത്തുറക്കുമ്പോൾ
ഞാൻ വെറുമൊരു ശവമായിത്തീർന്നില്ലേ …
ഹൃദയഭാഗമെടുത്ത് നീട്ടുമ്പോൾ
അമ്മയുടെ നനവാർന്ന കൈയിൽ നിന്ന്
ചോറുരുള വാങ്ങുന്ന പോലെയായിരുന്നു.
■■■


(വാക്കനൽ)

ജയപ്രകാശ് എറവ്(വാക്കനൽ)

By ivayana