രചന : ഷിഹാബ് ഖാദർ ✍

കുത്തേറ്റത്
ഇടനെഞ്ചിൽ!
ചോരച്ചാലുകൾ
മണ്ണിൽവീണ്
കരിയുന്നു.
നിലാവെട്ടത്തിൽ
എന്റെ നിഴൽ.
ഒടിഞ്ഞൊരു
കസേര പോലെയത്!
ഘാതകരുടെ അട്ടഹാസം.
കൂമൻമാരുടെ
മൂളക്കങ്ങൾ.
നായ്ക്കുരകൾ.
മരണമെന്നത്
നിസ്സാരമോ?
ഇനിയൊന്നും
ചെയ്യാനില്ല എന്ന
ബോധ്യം വന്നാൽ
ഒരുപക്ഷേ…
ചിലപ്പോൾ
അങ്ങനെയല്ലാതെയുമിരിക്കാം.
ഘാതകർ
കളമൊഴിഞ്ഞപ്പോൾ
മരണത്തിൽ
നിന്നുണർന്നു.
കാടുകയറി.
അൽപ്പം മുൻപായിരുന്നു
കാടിറങ്ങിയത്.
അവിടെ
പുലിയുണ്ടായിരുന്നു.
നരിയുണ്ടായിരുന്നു.
ആനയുണ്ടായിരുന്നു.
പന്നിയും, പോത്തും,
പാമ്പുമുണ്ടായിരുന്നു.
ആരുമെന്നെ
ഗൗനിച്ചിരുന്നില്ല.
അതിനും മുൻപായിരുന്നു
അയാളെ സന്ധിച്ചത്.
കാടിനു നടുവിൽ
ഏറുമാടത്തിൽ.
ഞങ്ങൾ മദ്യപിച്ചു.
ലഹരിയിലയാൾ
ഈണത്തിൽ പാടി.
കൈയിലെ
പുസ്തകക്കെട്ടിൽ
താളമിട്ടു ഞാൻ.
അവയ്ക്കുള്ളിൽ
മഴപെയ്യുന്നുണ്ടായിരുന്നു.
എനിക്കത്
തുറക്കണമായിരുന്നു.
നനയണമായിരുന്നു.
ഞാൻ അവയെ
നിലത്തുവെച്ചതേയില്ല.
എന്നിട്ടും
എപ്പോഴാണവ
കൈവിട്ടുപോയത്?
അതാ, കത്തുന്ന
ഉൾക്കാട്.
വെന്തെരിയുന്ന
ഏറുമാടം.
അഗ്നിജ്വാലകളുടെ
ആഭാസനൃത്തം.
വ്യഥയോടെ
തിരികെ നടന്നു.
കാടിറങ്ങി
മരണത്തിലേക്ക്…
അയാൾ
കരിഞ്ഞുപോയിട്ടുണ്ടാവണം.
ഒപ്പം മറന്നുവെച്ച
എന്റെ പുസ്തകങ്ങളും!
അതെന്നെ കൂടുതൽ
വ്യഥിതനാക്കുന്നു.
അവയ്ക്കുള്ളിലെ
മഴയിപ്പോൾ
തോർന്നുകാണണം.
എനിക്കത്
തുറക്കണമായിരുന്നു.
നനയണമായിരുന്നു.

➖ എസ്. കെ.🌿

ശിഖാബ് ഖാദർ

By ivayana