രചന : ഹരി കുങ്കുമത്ത്✍
1……
മുത്തശ്ശി മുത്തശ്ശനോടു ചോദിക്കുന്നു
പ്രേമിച്ചു നമ്മൾ മടുത്തോ?
കൺകൾ പൊട്ടിക്കാതുകേൾക്കാതിരുട്ടത്തു
പറ്റിപ്പിടിച്ചിരിപ്പല്ലേ…..
കുട്ടികൾ വിട്ടുപോയ്
സ്വപ്നം ചതഞ്ഞു പോയ്
കട്ടി നിഴൽ പോലെ നമ്മൾ!
മുത്തശ്ശനെത്തിച്ചു നെഞ്ചിലേക്കാ കൈകൾ
കേൾപ്പിച്ചു പ്രേമഗീതത്തെ…….
( കെട്ടിപ്പിടിച്ചു മൊഴിഞ്ഞവരെന്തൊക്കെ!
ഈശ്വരാ;നീ കേട്ടതല്ലേ )
2…….
പൊട്ടിച്ചിരിക്കുന്നു മുത്തശ്ശി സ്വർണ്ണവർ –
ണ്ണാഞ്ചിത ദന്തങ്ങളാലേ!
കുട്ടിത്തമിന്നും വിടാതുള്ള പൊൻമകൻ
റഷ്യയിൽ നിന്നു പോരുന്നൂ……
നളെ പുലർച്ചയിൽ കെട്ടിപ്പിടിക്കുമാ
സ്നേഹാന്ധ സ്വച്ഛതീരത്തെ
കൈ നീട്ടി മാറത്തടുപ്പിച്ചു ഫോണിലൂ-
ടായിരം വട്ടമാ പാവം….
എന്തൊക്കെയാവണംസദ്യക്കൊരുക്കുവാൻ
പായസം നാലുകൂട്ടങ്ങൾ…..
വാട്സാപ്പിലൂടെ പറത്തുന്നു ലിസ്റ്റുകൾ
മാർക്കറ്റിലേക്കവർ ശീഘ്രo……….
ചുറ്റിപ്പിടിക്കുവാൻ കൂട്ടിനവനൊരു
പെണ്ണിനെ കണ്ടെത്തിടേണം
ചുറ്റും കുരുക്കുത്തി മുല്ല പോൽ കുട്ടികൾ
മുറ്റത്തു കേളിയാടേണം……
സത്യത്തിലാ വൃദ്ധയപ്പോൾ ചുറുചുറു-
പ്പേറുന്ന യൗവ്വനത്തേരിൽ
മൊത്തം സമാരാദ്ധ്യയായുള്ള റാണി പോൽ
പാറിപ്പറക്കയായ് വീട്ടിൽ!