രചന : താഹാ ജമാൽ✍

ഉടഞ്ഞ പാത്രങ്ങൾ പെറുക്കി മടുത്തു.
കണ്ടുമടുത്ത സിനിമകൾ പോലെ
ബോറടിച്ചു തുടങ്ങുന്നു ഓരോ നിമിഷത്തിലും.
ചെമ്പകത്തിലും
പാലയിലുമായി നിറയെ പൂക്കൾ
ആണികൾ നിറയെ മുറിവേല്പിച്ച പാലമരത്തിൽ തളച്ച ആ,
യൗവന തീഷ്ണമായ പെണ്ണൊരുത്തി
പൊട്ടിച്ചിരിക്കുന്നത് കേട്ട് ഭയന്നാണ്
ഓരോ ദിനവും ഉണരുന്നത്.
പ്രതികാരം
അവളുടെ അവകാശമായതിനാൽ
വൈകുന്നേരം പുറത്തിറങ്ങുന്നവരും കുറവാണ്.
തേൻവരിക്കകൾ പൂത്ത
പ്ലാവിൻ ചോട്ടിലാണ് അവളുടെ
ഉടൽ ചിതറിക്കിടന്നത്
പിച്ചിച്ചീന്തലും കഴിഞ്ഞ് കടന്നുകളഞ്ഞവരെ
ഓരോ വ്യാഴവട്ടത്തിലുമവൾ
കഴുകനു കൊടുത്തു.
ഈ നാട്ടിൽ പാട്ടായ കഥകൾ പിന്നെയുമുണ്ടെങ്കിലും
അവളുടെ കഥയാണ് ഞാനാദ്യം പഠിച്ചത്.
രണ്ട്
……..
മിത്തുകൾ
നുണകളാണെന്ന് എഴുതി വെച്ചിരിക്കുന്ന
തൂണുകൾക്ക് ചുവട്ടിലൊരാൾ
“ഇലിയഡ് “വായിക്കുന്നു
ഓരോ രാജ്യത്തെ മിത്തുകളിലും
യുദ്ധം നിറഞ്ഞു നിന്നു.
നീതിമാനായ ഒരാൾക്കു വേണ്ടി മറ്റുള്ളവർ
മരിക്കുന്ന കഥ
ഭാര്യയെ വീണ്ടെടുക്കാനും,
രാജ്യം തിരികെപ്പിടിക്കാനും പോരാടുന്നവർ
ചിലർ മിത്തുകളിൽ നിന്നിറങ്ങി വന്ന്
അഭിനവ രാജ്യം പടുക്കുന്നു.
യുദ്ധം ഹരമായ നാടുകളിൽ
പടയോട്ടങ്ങളും
മഹാവീരൻമാരും കൊണ്ടാടപ്പെട്ടു.
മിത്തുകൾ സത്യങ്ങളായിരുന്നെങ്കിൽ
പ്രജാഹിതമറിഞ്ഞ രാജാക്കന്മാരുടെ രാജ്യത്ത്
ജീവിച്ചിരുന്നെന്നഭിമാനിക്കാം
മൂന്ന്
……….
നിൻ്റെ ജാതകം
കുറിക്കപ്പെട്ടപ്പോൾ തിരുത്തിയതോ
നിനക്കിണങ്ങുന്ന ജാതകം
നിനക്ക് നീചാർത്തിയതോ.?
എന്തായാലും
ഞാനറിയുന്ന രാജ്യത്ത്
ജാതക ദോഷമില്ലാത്തൊരാൾ
നീ, മാത്രമാണ്
ഉൽപ്പത്തിയുടെ ഏതോ
ദശാസന്ധിയിൽ നിൻ്റെ മരണം
ഒരു ജാതകത്തെ സ്വതന്ത്രമാക്കുന്നു
മിത്തുകളായി നീയും പുനപ്രതിഷ്ഠിക്കുന്നു
………….

താഹാ ജമാൽ

By ivayana