രചന : സതീഷ് വെളുന്തറ✍

രാവിലെ പത്രത്താളുകളിലെ തലക്കെട്ടുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.അതും കഴിഞ്ഞ് പ്രധാന വാർത്തകളിലൂടെ ഒരു സാവധാന സഞ്ചാരം. അടുത്ത പടി ചരമകോളത്തിലൂടെ ഒരു അലസ ഗമനം.അവസാനമായി പരസ്യങ്ങളിലൂടെ ഒരു 100 മീറ്റർ ഓട്ടം. നാലാം ഘട്ടം കഴിഞ്ഞപ്പോഴേക്കും സിറ്റൗട്ടിന്റെ പടിയിലിരുന്ന കാപ്പി കപ്പിലേക്ക് ഉറുമ്പുകളുടെ ഘോഷയാത്ര എത്തിക്കഴിഞ്ഞിരുന്നു. പതിവ് സന്ദർശകരാണ്. അനുസരണയില്ലാത്ത കുട്ടികളെപ്പോലെ ചിലർ കപ്പിലേക്ക് കയറാതെ പുറത്ത് വട്ടമിട്ട് നടക്കുന്നുണ്ട്.

ഒരാൾ വന്നു മറ്റൊരാളോട് മുഖം പരസ്പരം മുട്ടിച്ചിട്ട് എന്തോ രഹസ്യം പറഞ്ഞു പോയി. ഉറുമ്പുകളുടെ ഉല്ലാസ നൃത്തത്തിന്റെ താളമേളങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് അപ്പുറത്തുനിന്നും ദേവി ടീച്ചറുടെ ചോദ്യം കേൾക്കുന്നത്. ഇന്ന് ഓഫീസിലൊന്നും പോകാനുള്ള വട്ടമില്ലേ ജോസഫ് സാറേ.


ഓ ഇന്ന് എഴുന്നേറ്റപ്പോ മുതലേ ഒരു ഹോളിഡേ മൂഡാ എന്റെ ടീച്ചറെ. എല്ലാവരെയും ‘എന്റെ’എന്ന് ചേർത്ത് അഭിസംബോധന ചെയ്യുന്നത് ജോസഫ് സാറിന്റെ ഒരു ശൈലിയാണ്. ടീച്ചറുടെ പോമറേനിയന്റെ കുര കേൾക്കാം. വലിപ്പത്തിൽ ചെറിയവനായി പോയി എന്ന അപകർഷതാ ബോധം അവന് സ്വതവേ തന്നെയുണ്ട്. കൂടാതെ തെരുവ് നായ്ക്കളെല്ലാം നല്ല ഗമയിൽ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും സ്വൈരവിഹാരം നടത്തുന്നു. താനീ മതിൽക്കെട്ടിനുള്ളിൽ അടയ്ക്കപ്പെട്ടുപോയതിന്റെ വൈരാഗ്യവും അവനുണ്ട്. അത് ഇടയ്ക്കിടയ്ക്ക് ഗേറ്റി നോട് തീർക്കുന്നുമുണ്ട്.


പോമറേനിയനെ കൂട്ടിലാക്കിയിട്ട് ടീച്ചർ അകത്തേക്ക് പോയി. കാപ്പിക്കപ്പുമായി എഴുന്നേറ്റ ജോസഫ് സാർ അത് ഹാളിലെ ഡൈനിങ് ടേബിളിൽ വച്ചിട്ട് നേരെ ബാത്ത്റൂമിലേയ്ക്കും. ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജൂനിയർ സൂപ്രണ്ടാണ് ജോസഫ് സാർ. ഇനി മൂന്നുവർഷം കൂടിയേ ഉള്ളൂ റിട്ടയർമെന്റിന്. പറ്റുമെങ്കിൽ സെക്രട്ടറിയായി വിരമിക്കണം എന്നാണ് ആഗ്രഹം. കുട്ടികൾ ഒന്നും എങ്ങും എത്തിയിട്ടില്ല. കാരണം വിവാഹശേഷം നീണ്ട 15 വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു സാറിന്റെയും ഭാര്യയുടെയും ദാമ്പത്യ വല്ലരിയിൽ കുസുമങ്ങൾ വിടരുവാൻ. ആദ്യസൂനം സൗരഭ്യം ചെറിയാൻ തുടങ്ങിയിട്ട് 9 വർഷങ്ങൾ മാത്രമേ ആകുന്നുള്ളൂ.

41നദികളിൽ പാമ്പാറും കബനിയും ഭവാനിയും ഒഴികെയുള്ള എല്ലാം എന്നും പടിഞ്ഞാറോട്ട് തന്നെ ഒഴുകി. അറബിക്കടലിലെ തിരമാലകൾ എറിയും കുറഞ്ഞും ആടിയുലഞ്ഞു കൊണ്ടിരുന്നു. രണ്ടു വെക്കേഷൻ കഴിഞ്ഞു. കരുണാമയന്‍ വീണ്ടും അനുഗ്രഹ വർഷം ചൊരിഞ്ഞു. ജോസഫ് സാറിന്റെ രണ്ടാമത്തെ കൺമണിയും ഇഹലോകത്തിൽ ജന്മമെടുത്തു. 9 വയസ്സുള്ള മകനും ഏഴ് വയസ്സുള്ള മകളും ജോസഫ് സാറും സിസിലിയും അടങ്ങിയ സന്തുഷ്ട സംതൃപ്ത ചെറു കുടുംബം, ഭൂമിയുടെ പരിക്രമണത്തിനൊപ്പം ഋതുഭേദങ്ങൾക്കെല്ലാം സാക്ഷ്യം വഹിച്ചു കൊണ്ട് തങ്ങൾ തങ്ങൾക്ക് നിശ്ചയിച്ചു നൽകിയിട്ടുള്ള വേഷം ആടിക്കൊണ്ടിരിക്കുന്നു.


കുട്ടികളില്ലാതിരുന്നതിനാൽ ദീർഘനാളത്തെ ചികിത്സയും അതിന് വേണ്ടി വന്നിട്ടുള്ള യാത്രകളും മൂലം പക്ഷേ വിദ്യാസമ്പന്നയായ സിസിലിക്ക് ഒരു ജോലിക്ക് വേണ്ടി തയ്യാറെടുക്കാനോ ടെസ്റ്റ് എഴുതാനോ ഒന്നും കഴിഞ്ഞില്ല. ഒരു വീട്ടുഭാര്യയായി ഒതുങ്ങി കൂടേണ്ടിവന്നു. വീട്ടു ഭാര്യ എന്ന് പ്രയോഗിച്ചതിന് പ്രിയ സഹോദരിമാർ ക്ഷമിക്കണം. ഹൗസ് വൈഫ് ഒന്ന് മലയാളീകരിച്ചതാണ്. അനുദ്യോഗസ്ഥകളായ സ്ത്രീകൾക്ക് സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പദവി അല്ലെങ്കിൽ സ്ഥാനപ്പേരാണല്ലോ ഹൗസ് വൈഫ് എന്നത്. വീട്ടമ്മ എന്ന കുറച്ചുകൂടി നല്ല പദം ഉപയോഗിക്കാമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അപ്പോൾ ഇംഗ്ലീഷിൽ പകരം ഹൗസ് മദർ എന്ന പദം കണ്ടെത്തേണ്ടിവരും. ഇംഗ്ലീഷിൽ തന്നെ പറഞ്ഞില്ലെങ്കിൽ പിന്നെ എന്തോന്ന് മലയാളിയാണ് സർ. എന്തായാലും ബ്രിട്ടീഷുകാർ വീട്ടമ്മമാരെ ഹൗസ് വൈഫ് എന്നോ ഹൗസ് മദർ എന്നോ വിളിച്ച് തരംതാഴ്ത്തുന്നുണ്ടോ എന്നറിയില്ല.


പത്രവായനയ്ക്കൊപ്പം സഹയാത്രികനായ കട്ടൻ കാപ്പിയ്ക്കു ശേഷം അരമണിക്കൂർ കഴിഞ്ഞ് ഒരു ചായ പതിവുണ്ട്. കുളികഴിഞ്ഞ് തോർത്തി വന്ന ജോസഫ് സാറിന് മുന്നിൽ ആവി പറക്കുന്ന ചായക്കപ്പുമായി സിസിലി എത്തിക്കഴിഞ്ഞു. കുറുക്കന്റെ വായിൽ നിന്ന് രക്ഷപ്പെട്ട മാൻ പേടയെ പോലെ ചൂട് ചായയിൽ നിന്ന് ആവി ഹെയർ പിൻ വളവുകളുടെ ആകൃതിയിൽ മുകളിലേക്ക് ഉയരുന്നു. ചായക്കപ്പ് ചുണ്ടോടുപ്പിച്ച് അതിലേക്ക് ഒന്ന് ഊതി ജോസഫ് സാർ.ഇടയനോട് അനുസരണയുള്ള ആട്ടിൻപറ്റത്തെ പോലെ ചായക്ക് മുകളിലുള്ള പത ഒരു വശത്തേക്ക് തെന്നി നീങ്ങി. ചായ ഒരു കവിൾ നുണഞ്ഞ ശേഷം ജോസഫ് സാർ തലയുയർത്തി കണ്ണുകൾ കൊണ്ട് സംതൃപ്തഭാവം അറിയിച്ചു സിസിലിയെ.


അടുത്ത വീട്ടിൽ ദേവി ടീച്ചർ സ്കൂളിലേക്ക് പോകാൻ ഇറങ്ങി കഴിഞ്ഞിരുന്നു അപ്പോൾ. ഉടൻ സിസിലിയുടെ വക കുശലാന്വേഷണം. എന്താ ടീച്ചറെ സുധാകരേട്ടനെ പുറത്തേക്ക് കണ്ടില്ലല്ലോ ഇതുവരെ. പുള്ളിക്കാരൻ പയറിനോടും പാവലിനോടും കിന്നാരം പറയുന്ന തിരക്കിലാ രാവിലെ തന്നെ. ദേവി ടീച്ചർ മറുപടി പറഞ്ഞു.
ദേവി യുപി സ്കൂൾ അധ്യാപികയാണ്. ഭർത്താവ് സുധാകരൻ ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് കൃഷിയും സാമൂഹ്യപ്രവർത്തനവും ഒക്കെയായി കഴിയുന്നു.മൂത്തമകൻ സോഫ്റ്റ്‌വെയർ എൻജിനീയർ ഭാര്യാസമേതം വിദേശത്ത്. മകൾ ഉദ്യോഗസ്ഥനായ ഭർത്താവുമൊത്ത് നാട്ടിൽ തന്നെ തൊട്ടടുത്തുണ്ട്.

വീട്ടിൽ സുധാകരനും ദേവി ടീച്ചറും പോമറേനിയനും പയർ പാവൽ പടവലം വെണ്ട വഴുതന തുടങ്ങി ധാരാളം അന്തേവാസികളും.രാസത്വരകങ്ങളായ ഭക്ഷണങ്ങൾ കിട്ടാത്തതിനാലും ജൈവ ഭക്ഷണം മാത്രം കഴിച്ച് വിശപ്പടക്കേണ്ടി വരുന്നതിനാലും ഉള്ള ക്ഷീണം പടവലാദികൾക്കുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ സുധാകരൻ സമ്മതിച്ചു കൊടുക്കില്ല. ജോസഫ് സാറും പറയും സുധാകരേട്ടാ വല്ലതും കിട്ടണമെങ്കിൽ രാസവളം ചെയ്തേ പറ്റൂ. കിട്ടുന്നത് മതി സാറേ രാസവളം ചെയ്ത് മണ്ണിനെ നശിപ്പിക്കാൻ ഞാനില്ല എന്നാവും സുധാകരന്റെ മറുപടി.

ചന്തയിലും കടയിലും പോയി വാങ്ങിക്കുന്നതിനേക്കാൾ നമ്മൾ വീട്ടിൽ നട്ടു നനച്ചു ണ്ടാക്കുന്നത് പറിച്ചെടുക്കുമ്പോഴും കഴിക്കുമ്പോഴും ഒരു പ്രത്യേക സംതൃപ്തിയാണ്. കടയിൽ നിന്ന് വാങ്ങുന്നതൊക്കെ വിഷമല്ലേ. ശരിയാണെന്ന് ജോസഫ് സാറും സമ്മതിക്കും.


ഒരു ശരാശരി ഗൾഫ് മലയാളിക്ക് അത്യാവശ്യം വേണ്ട ഷുഗർ പ്രഷർ കൊളസ്ട്രോൾ ഇവയാൽ സമ്പുഷ്ടീകരിച്ച ദേഹത്തിനുടമയാണ് സുധാകരൻ. കൃത്യമായ മെഡിക്കൽ ചെക്കപ്പും മരുന്നുവാങ്ങലുംഒക്കെയുണ്ട്. പച്ചക്കറി കൃഷിയുടെ കാര്യത്തിൽ എന്നപോലെ എല്ലാ കാര്യത്തിലും ചില പ്രത്യേക ചിട്ട വച്ചുപുലർത്തുന്ന ആളാണ് സുധാകരൻ. അത് ജോസഫ് സാറിന് മനസ്സിലായത് ഒരു അവധി ദിവസം സുധാകരന്റെ പറമ്പിലെ ഏത്തവാഴത്തടം ഇളക്കി വളമിടുന്ന സമയം ജോസഫ് സാർ കൂടി അവിടെ ഉണ്ടായിരുന്നപ്പോഴാണ്. വാഴത്തടം ഇളക്കുമ്പോഴാണ് ഗുളികകളുടെ സ്ട്രിപ്പുകൾ ധാരാളം ഉയർന്നു വരുന്നത് കണ്ടത്. നോക്കുമ്പോൾ കാലി സ്ട്രിപ്പുകൾ അല്ല എല്ലാത്തിലും ഗുളികകൾ ഉള്ളതാണ് ഒരു ഗുളിക പോലും ഒന്നിൽ നിന്നും എടുത്തിട്ടുമില്ല. ഇതെന്താ സുധാകരേട്ടാ ഇങ്ങനെ എന്ന് ചോദിക്കുമ്പോഴാണ് സുധാകരന്റെ രസകരമായ മറുപടി.


അതേയ് ജോസഫ് സാറേ, നമ്മൾ അസുഖം വന്നാൽ ഡോക്ടറെ കാണാൻ പോകും. ലക്ഷങ്ങൾ മുടക്കി എംബിബിഎസും എം എസും പാസായി ഇരിക്കുവല്ലേ അവർക്ക് ജീവിക്കണ്ടേ. ഡോക്ടർ കുറേ മരുന്നും ഗുളികയും ഒക്കെ കുറിയ്ക്കും. നമ്മൾ മെഡിക്കൽ സ്റ്റോറിൽ പോയി അതെല്ലാം വാങ്ങും. കാരണം മെഡിക്കൽ സ്റ്റോറുകാരനും ജീവിക്കണ്ടേ. വാങ്ങുന്ന ഗുളികകളും മരുന്നും എല്ലാം ഞാൻ ഇതുപോലെ എവിടെങ്കിലും കളയും ദേവി കാണാതെ.കാരണം എനിയ്ക്കും ജീവിക്കണ്ടേ. എനിക്ക് വയ്യ ജോസഫ് സാറേ ഇങ്ങനെ പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനും പകരം ഗുളിക വാരി വിഴുങ്ങുവാൻ. പിന്നെ ദേവിയുടെ നിർബന്ധം കൊണ്ട് ചെക്കപ്പിനും മറ്റും പോകുന്നു. ഞാൻ തട്ടിപ്പോയാൽ ഒറ്റയ്ക്ക് ആകില്ലേ എന്ന് പുള്ളിക്കാരിക്ക് ഭയം.


അന്നും പതിവുപോലെ ജോലികളൊക്കെ തീർത്ത് ഓഫീസിൽ നിന്ന് ജോസഫ് സാർ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് സിസിലിയുടെ കോൾ. ഇച്ചായാ സുധാകരേട്ടന് പെട്ടെന്ന് എന്തോ വല്ലായ്മ വന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുകയാണ്. ടീച്ചറും കോളനിയിലെ സെക്യൂരിറ്റിക്കാരനും മാത്രമേ ഒപ്പമുള്ളൂ. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണ് ഇച്ചായൻ പെട്ടെന്ന് ഹോസ്പിറ്റലിലോട്ട് ചെല്ലണം. ടീച്ചറെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ഇച്ചായൻ ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിക്കണം.


ജോസഫ് സാർ അരമണിക്കൂറിനകം തന്നെ ഹോസ്പിറ്റലിൽ എത്തി. അന്വേഷിച്ചപ്പോൾ ICU വിൽ നിരീക്ഷണത്തിലാണ് എന്നറിഞ്ഞു. അഡ്മിറ്റ് ചെയ്ത ഡോക്ടർ ഏതാണെന്ന് അറിഞ്ഞ് അദ്ദേഹത്തിന്റെ റൂമിലേക്ക് ചെന്നപ്പോൾ ഡോക്ടർ വൈകുന്നേരത്തെ റൗണ്ട്സ് കഴിഞ്ഞ് റൂമിൽ മടങ്ങി എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടർ മാത്യൂസ് പരിചയമുള്ള ആളാണ്. ജോസഫ് സാറിനെ കണ്ടപ്പോൾ അലസമായി താളുകൾ മറിച്ചു കൊണ്ടിരുന്ന ഒരു മാഗസിൻ മടക്കി മേശയുടെ ഒരു വശത്തേക്ക് വച്ചിട്ട് ഇരിക്കാൻ പറഞ്ഞു. എന്താണ് ഡോക്ടർ അവസ്ഥ എന്ന് ജോസഫ് സാർ ചോദിച്ചു. തീരെ മൈൽഡ് അല്ലാത്തതും എന്നാൽ അത്ര സിവിയർ അല്ലാത്തതുമായ ഒരു അറ്റാക്കാണ്.

പക്ഷേ ഞാൻ ആലോചിക്കുന്നത് ഇദ്ദേഹം കൃത്യമായി ചെക്കപ്പിന് വരികയും മരുന്നുകൾ മുടങ്ങാതെ കഴിക്കുകയും ചെയ്യുന്ന ആളാണ്. പിന്നെ ഇങ്ങനെ വരാൻ എന്താണ് കാരണം എന്നാണ്, ഡോക്ടർ തന്റെ മേശപ്പുറത്തുള്ള പ്രസ്ക്രിപ്ഷൻ പാഡിനു മുകളിൽ പേപ്പർ വെയിറ്റ് വച്ച് തള്ളവിരലും നടുവിരലും ഉപയോഗിച്ച് ഒരു പ്രത്യേക താളത്തിൽ കറക്കിക്കൊണ്ട് പറഞ്ഞു. അല്ല എത്ര കൃത്യമായി മരുന്ന് കഴിച്ചാലും ഇതൊക്കെ എപ്പോഴാണ് വരുന്നതെന്നോ വരാത്തതെന്നോ പറയാൻ പറ്റില്ല. ഉത്തരവും ഡോക്ടർ തന്നെ കണ്ടെത്തി. ഡോക്ടർ എനിക്കൊന്നു കാണാൻ പറ്റുമോ ജോസഫ് സാർ അന്വേഷിച്ചു. ICU വിൽ ഉള്ള രോഗികളെ കാണാൻ അനുവദിക്കാറില്ല എങ്കിലും സാറിനു വേണ്ടി ഒരു പ്രത്യേക പെർമിഷൻ തരാം.


സുധാകരേട്ടൻ മരുന്ന് കഴിയ്ക്കാത്ത വിവരം ഡോക്ടറോട് പറയണോ എന്ന് ആലോചിച്ചു. ആദ്യം വേണ്ടെന്നാണ് വിചാരിച്ചതെങ്കിലും പിന്നീട് പറയാൻ തന്നെ തീരുമാനിച്ചു. കാരണം വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുതല്ലോ. അത് കേട്ടപ്പോൾ പേപ്പർ വെയിറ്റ് കറക്കിക്കൊണ്ടിരുന്ന ഡോക്ടറുടെ വിരലുകൾ നിശ്ചലമായി. ഓഹോ അങ്ങനെയാണോ കാര്യങ്ങൾ. അങ്ങനെയായാൽ സംഗതി നമ്മൾ പിടിക്കുന്നിടത്ത് നിൽക്കില്ല ജോസഫ് സാറേ.അദ്ദേഹത്തിന്റെ ഭാര്യയോട് ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ പറയണം. അത് ഞാൻ പറയാം ഡോക്ടർ എന്ന് പറഞ്ഞുകൊണ്ട് ജോസഫ് സാർ പുറത്തേക്കിറങ്ങി. ഡോക്ടറുടെ പെർമിഷൻ ഉണ്ടെന്ന കാര്യം ഡ്യൂട്ടി നഴ്സിനെ ധരിപ്പിച്ചിട്ട് സുധാകരനെ കയറി കണ്ടശേഷം അദ്ദേഹം പുറത്തിറങ്ങി. വിഷാദം ഘനീഭവിച്ച മിഴികളുമായി ദേവി ടീച്ചർ പുറത്തു നിൽപ്പുണ്ട്.

കുഴപ്പമൊന്നുമില്ല ടീച്ചറെ ഡോക്ടറെ ഞാൻ കണ്ടിരുന്നു നാളെയോ മറ്റന്നാളോ ഡിസ്ചാർജ് ആയി പോകാം.ടീച്ചറെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വന്നശേഷം സുധാകരേട്ടനെ കാണാൻ ചെന്നിട്ട് ഇറങ്ങാൻ തുടങ്ങിയപ്പോൾ കൈകളിൽ ഒന്നു മെല്ലെ അമർത്തിയശേഷം അദ്ദേഹം പറഞ്ഞു. ഒരു കാര്യം ഞാൻ തീരുമാനിച്ചു ജോസഫ് സാറേ, ഇനി മരുന്നുകളും ഗുളികകളും വാങ്ങിക്കൊണ്ടു വന്നാൽ കൊണ്ട് കളയുന്ന പരിപാടി ഞാൻ വച്ചു കെട്ടി. എന്ത് ത്യാഗം സഹിച്ചും അതൊക്കെ കഴിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ ഇല്ലാതായാൽ എന്റെ ടീച്ചർ ഒറ്റയ്ക്കായി പോകുമല്ലോ. മക്കളെ ബുദ്ധിമുട്ടിക്കുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ. അവർക്ക് അവരുടെ ജീവിതമില്ലേ.


അപ്പോഴേ സുധാകരേട്ടാ, ആ പാവം പച്ചക്കറികളുടെ കാര്യം കൂടി ഒരു തീരുമാനമാക്കണം. ജൈവവളം മാത്രം ഭക്ഷിച്ച് പാവങ്ങൾ നന്നായി കഷ്ടപ്പെടുന്നുണ്ട്. ഒരു ഇടക്കാല ആശ്വാസം എന്ന നിലയിൽ അല്പം രാസവള പ്രയോഗം കൂടി ആവാം. ആലോചിക്കാം സാറേ എന്നുള്ള സുധാകരന്റെ മറുപടി കേട്ട് ജോസഫ് സാർ സംതൃപ്തിയോടെ പടിയിറങ്ങി.

സതീഷ് വെളുന്തറ.

By ivayana