രചന : സുരേഷ് പൊൻകുന്നം✍
എപ്പോൾ മരിക്കണം
അപ്പോളെന്നെ സ്മരിക്കുക
മരണം മൊഴിയുന്നു
കൂട്ടിനായ് ഞാനുണ്ട് കൂടെ
ഹായെന്റെ തോളത്ത്
കയ്യിട്ടയാൾ പ്രീയ കൂട്ട്കാരനായി മരണം
വാ സുഹൃത്തേ നമുക്കൊന്നടിക്കാം
ചുറ്റിയടിക്കാം
മരണം വരുകയോ പോകയോ ചെയ്യട്ടെ
ബാറിലെയരണ്ടവെളിച്ചത്തിൽ
ഞങ്ങളിരുവരും
(ഇരുൾ വേണം മരണത്തിന്
വെടിവട്ടം കൂടുവാൻ)
മരണമൊരു പയന്റ്
പൊട്ടിച്ചൊഴിക്കുമ്പോൾ
പൊട്ടിച്ചിരിച്ച് തോളിൽ തട്ടി
ഹാ ഹാ സുഹൃത്തേ
മരണമെത്ര സുന്ദരം മധുരം
തണുത്ത വിസ്കിയൊരു കവിൾ..
ഞരമ്പിലൂടെ കരളിലേക്കൊരു പിടി പിടച്ചിൽ
എപ്പോൾ മരിക്കണം
അപ്പോളെന്നെ സ്മരിക്കുക
മരണം ചിരിക്കുന്നു
വീണ്ടും
ഞാനൊരൊന്നരയൊഴിക്കുമ്പോൾ
മരണത്തിന്റെയൊരു കള്ളച്ചിരി
ഹാ ഹാ കള്ളനെന്നെ തോൽപ്പിക്കുന്നു
അങ്ങനെ മരണവും ഞാനും
മുഖാമുഖം ബാറിൽ,
ചിലനേരമെൻ നേരെ തുറിച്ചനോട്ടവും
അച്ചാർ വടിച്ചു തിന്നു കൈനക്കിപ്പിരിയുമ്പോൾ
മരണം ചിരിക്കുന്നു
എപ്പോൾ മരിക്കണം
അപ്പോളെന്നെ സ്മരിക്കുക
തണുത്ത വിസ്കി കരളിലൂടെ
തലച്ചോറിലൂടെ
ഞരമ്പിലൂടെ വീര്യമൊഴുക്കുമ്പോൾ
പ്ഫാ..മരണമേ നീയൊന്ന് പോടെ..
മരണത്തെ തള്ളിമാറ്റി
റോഡിലേക്കിറങ്ങുമ്പോൾ
അരുതേയെന്നലറിയിട്ടും
എന്നെ കുറുകെ മുറിച്ചിട്ട്
(പാതിയുടലുകൾ പിടയുന്നത് കണ്ടിട്ടും)
പായുന്ന വാഹനം നോക്കി
മരണം ചിരിക്കുന്നു..
ഹായെന്തൊരു സ്പീഡ്.