അവലോകനം : വൈശാഖൻ തമ്പി ✍
“അവമ്മാര് പുതിയ ഏ.ഐ. ക്യാമറയുമായിട്ട് ഇറങ്ങീട്ടുണ്ടത്രേ, ട്രാഫിക് നിരീക്ഷണത്തിന്. പിഴയെന്നും പറഞ്ഞ് നാട്ടുകാരെ പിഴിഞ്ഞ് കാശുണ്ടാക്കാനായിട്ട്…”
“അതെന്താ ചേട്ടാ ഈ ഏ.ഐ. ക്യാമറ? ഗുണ്ടാപ്പിരിവ് പോലെ വല്ല പരിപാടിയുമാണോ? കാണുന്നവരിൽ നിന്നെല്ലാം പൈസ പിടിച്ചുപറിക്കാനുള്ള ടെക്നോളജിയാണോ?”
“അതല്ലഡേ, മറ്റേ ഹെൽമറ്റ് വെക്കാത്തേനും ട്രിപ്പിൾസ് അടിച്ച് പോകുന്നതിനും നോ പാർക്കിങ്ങിൽ പാർക്ക് ചെയ്യുന്നേനും ഒക്കെ നാട്ടുകാരുടേന്ന് പൈസ പിരിക്കുന്ന പരിപാടിയുണ്ടല്ലോ. അതിപ്പോ ഏ.ഐ. വച്ചുംകൂടെ ചെയ്യാൻ പോകുന്നെന്ന്. അതാകുമ്പോൾ കൂടുതൽ പേരുടേന്ന് പിഴിയാല്ലോ… നാറികൾ. പകൽക്കൊള്ള തന്നെ!”
“ഓ അത്. ചേട്ടനല്ലേ ഇന്നാള് പറഞ്ഞത് ഈ പോലീസും രാഷ്ട്രീയക്കാരും മൊത്തം അഴിമതിക്കാരാണെന്ന്.”
“പിന്നല്ലാതെ… ഇവനൊക്കെ സകലനിയമവും കാറ്റിൽ പറത്തി സ്വന്തം പള്ള വീർപ്പിക്കാനല്ലേ അവിടെ ഇരിക്കുന്നത്. അല്ലാതെ നാട്ടുകാരെ സേവിക്കാനാണാ! അതല്ലേ ഈ നാട് നന്നാവാത്തത്!”
“അല്ല ചേട്ടാ, ചേട്ടൻ പറഞ്ഞതിൽ എന്തോ ഒരു വശപ്പെശക്… നിയമം തെറ്റിക്കുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കുന്നത് നിയമം പാലിക്കലല്ലേ? അവര് നിയമം കാറ്റിൽപ്പറത്തുന്നൂ എന്നാണല്ലോ ചേട്ടന്റെ മറ്റേ പരാതി. ഇത് രണ്ടുംകൂടെ അങ്ങോട്ട് മാച്ചാവുന്നില്ലല്ലോ.”
“ഓ പിന്നേ… ഇവമ്മാര് നിയമത്തോടുള്ള കൂറ് കൊണ്ടാണോ ഈ ഫൈനൊക്കെ പിരിക്കുന്നത്. ചുമ്മാ നാട്ടുകാരെ കൊള്ളടിച്ച് ഖജനാവ് വീർപ്പിച്ച് ഇവമ്മാർക്ക് തന്നെ സുഖിക്കാനല്ലേ”
“എന്തായാലും തത്കാലം നിയമം തെറ്റിക്കുന്നവർക്കല്ലേ ചേട്ടാ പിഴ കിട്ടൂ. ഏ.ഐ. ക്യാമറ വരുമ്പോ പോലീസുകാര് മോശമായി പെരുമാറുന്നത് പോലുള്ള പരാതികളും കുറയും. ഇതിനിയിപ്പോ ഒരു കൊള്ളയാണെങ്കിൽ, നമ്മൾ നിയമം അങ്ങ് പാലിച്ചുകൊണ്ട് ആ കൊള്ള അങ്ങ് പരാജയപ്പെടുത്തിയാൽ പോരേ?”
“എന്തോന്ന് നിയമം! അതിരിക്കട്ടെ, എഡേയ്, ഇപ്പോ ഉദാരണത്തിന്, ഹെൽമറ്റ് വെക്കാതെ ഒരാൾ വണ്ടീന്ന് വീണ് എന്തെങ്കിലും പറ്റീന്ന് തന്നെ വച്ചോ. അതിനീ സർക്കാരിന് എന്താണ് ചേതം? അയാളുടെ സ്വാതന്ത്ര്യം അല്ലേ അത്?”
“ഹെൽമറ്റും വെക്കാതെ, ട്രിപ്പിൾസ് അടിച്ച് ഓവർസ്പീഡിൽ പോയി വല്ലയിടത്തും ഇടിച്ചിട്ട് തലയും കാലും കൈയും പൊട്ടിയും ഒടിഞ്ഞും വഴിയിൽ കിടക്കുന്ന മനുഷ്യരെ 108 ആംബുലൻസിൽ എങ്ങോട്ടാണ് പെറുക്കിക്കോണ്ട് പോകുന്നത് എന്ന് ചേട്ടൻ കണ്ടിട്ടുണ്ടോ? അവിടത്തെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ശമ്പളം ഉൾപ്പടെ, ചികിത്സയ്ക്ക് വരുന്ന നല്ലൊരു ചെലവ് സർക്കാരിന്റെ തന്നെയല്ലേ ചേട്ടാ? അത് മാത്രവുമല്ല, പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുക എന്നത് സർക്കാരിന്റെ പ്രാഥമിക ചുമതലയിൽ പെട്ട കാര്യമാണ് ചേട്ടാ”
“എഡേയ്, അത്യാവശ്യത്തിന് ഒരിടത്തോട്ട് ഇറങ്ങുമ്പോ ചെലപ്പോ ഹെൽമറ്റ് വെക്കാൻ മറന്നുപോവും വരൂല്ലേ, മനുഷ്യനല്ലേ? നമ്മളിപ്പോ ഒരു കല്യാണത്തിന് തേച്ച് മടക്കിയ ഷർട്ടൊക്കെ ഇട്ട് പോകുമ്പോ ഈ സീറ്റ് ബെൽറ്റിന്റെ ഇടയിൽ പെട്ട് അത് ചുളിയണ്ടാന്ന് വിചാരിച്ചാൽ കുറ്റം പറയാൻ പറ്റുമോ? അത് ഇവമ്മാർക്ക് അറിയാത്തോണ്ടാണാ?”
“അതായത്, ചേട്ടന് സ്വന്തം സൗകര്യത്തിന് ഇച്ചിരി നിയമം തെറ്റിക്കലൊക്കെ ആവാമെന്ന് അല്ലേ? ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒക്കെക്കൂടി ഇങ്ങനെതന്നെ അങ്ങ് ചിന്തിക്കുന്നതിനെയാണല്ലോ ചേട്ടാ ഈ അഴിമതി എന്ന് വിളിക്കുന്നത്. നമ്മളെപ്പോലെ തന്നെയുള്ളവരാണ് നമ്മളെ ഭരിക്കുന്നത് എന്നതല്ലേ അപ്പോ അഴിമതിയുടെ കാരണം?”
“നീ പോഡേയ് അവിടന്ന്, എന്തൊക്കെ പറഞ്ഞാലും ഇതൊക്കെ അവമ്മാർക്ക് പള്ള വീർപ്പിക്കാനുള്ള കൊള്ളയാണ്.”
NB: അഴിമതി എന്നത് ഉദ്യോഗസ്ഥരേയോ ഭരണാധികാരികളേയോ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ലാന്നും, അത് പൊതുസമൂഹത്തിന്റെ പൂർണസഹകരണത്തോടെ കൊണ്ടാടുന്ന ഒരു കൾച്ചറൽ പ്രാക്റ്റീസ് ആണെന്നും പറഞ്ഞതിന് പല തവണ തെറി കേട്ടിട്ടുണ്ട്. പിന്നേയും മടിയില്ലാതെ ആവർത്തിക്കുന്നു.