രചന : സിജിസജീവ്✍
“നോക്കു അമീർ,,
നിന്റെ സ്വപ്നങ്ങൾക്കൊപ്പമെത്താൻ എനിക്കാവുമോയെന്നറിയില്ല,,,
നിന്റെ ഇഷ്ടങ്ങളുടെ വർണ്ണാഭമായ കോട്ടക്കുള്ളിലെ വെറുമൊരു ഇരുണ്ട ഒറ്റമുറിക്ക് സമമാണ് ഞാൻ,,
എന്നെങ്കിലുമൊരിക്കൽ നീ ഏറെ ക്ഷീണം തോന്നി അണയുമെന്നും
അൽപനേരം എന്റെ ഇരുണ്ട മുറിയുടെ കോണിലെ പരുക്കൻ മെത്തമേൽ വിശ്രമിക്കുമെന്നും ഞാൻ വെറുതെ കിനാവു കാണുന്നു,,,
നിന്റെ മൊഞ്ചത്തി ഹൂറിയാവാൻ എത്ര ഇശൽ നിലാവുകൾ നോമ്പ് നോറ്റ് ഉറക്കമൊഴിഞ്ഞു കണ്ടിരിക്കുന്നു,,,
റംസാൻ ചന്ദ്രിക ചിരിതൂകി നിൽക്കുന്നത് നിന്റെ അഴകൊത്ത മുഖമാണെന്ന് എത്രയോ വട്ടം നിനച്ചിരിക്കുന്നു,,
നിന്റെ ഗസ്സൽ മഴയിൽ നനഞ്ഞലിഞ്ഞു ഇല്ലാണ്ടാവാൻ കുന്നോളം ആശയാണ് മുത്തേ ഹൽബിൽ,,
ആരവങ്ങളൊഴിയാത്ത നിന്റെ വീഥിയിൽ,
നിന്നേ പൊതിയുന്ന പൂച്ചെണ്ടുകളിൽ ഉന്നാകാനെങ്കിലും വൃഥാ കൊതിച്ചു പോകുന്നത് എങ്ങനെ തെറ്റാകും,,
പ്രണയത്തിന്റെ മാസ്മരിക വലയത്തിൽ പെട്ടുപോയവർ പ്രായമോ,
ധനമൂല്യാധികളുടെ അളവുകളോ നോക്കിയിട്ടല്ല സൗന്ദര്യമോ കഴിവുകളോ നോക്കിയിട്ടല്ല,,
ഏതോ ഒരു അഭൗമ നിമിഷത്തിൽ ആദ്യകാഴ്ചയിൽ തോന്നുന്ന ഒരു തരം സ്പാർക്കിങ്ങ്,
അതുമല്ലെങ്കിൽ ഏറെ നാളുകളിലായി അടുത്തിടപഴകുമ്പോൾ ഉണ്ടാകുന്ന അനുഭവിക്കുന്ന ഒരു തരം സുരക്ഷിതത്വം,,
ആരൊക്കെയോ ആണെന്ന തോന്നൽ, പിരിയുവാൻ കഴിയില്ലെന്ന സത്യം എല്ലാം എല്ലാം, ഒരാളെ പ്രണയത്തിലാക്കാം,,
എന്നാൽ അമീർ
നീയെനിക്ക് എത്തരത്തിൽ ആണ് പ്രാണനായി മാറിയത്,
പ്രണയമായി ഖൽബിലേക്ക് കുടിയേറിയത്,,
നിന്റെ സ്വർണ്ണനിറമാർന്ന മുടിയിഴകൾ കാറ്റിനൊപ്പം തത്തിക്കളിക്കുമ്പോൾ എന്റെ കപോലങ്ങളിലവ തഴുകുംപോലെ ഞാൻ അറിയാതെ പുളകിതയാവുന്നു,,
നിന്റെ നീലമിഴികൾ ആരെയോ തിരയും പോലെ അകലേക്ക് അലസമായി നീളുമ്പോഴൊക്കെയും
എന്റെ തോന്നലുകളൊക്കെ എന്നേ തിരയുന്നതാവാം എന്നായിരുന്നു,,,
ഏറെ നാൾ നീയറിയാതെ നിന്റെ ശബ്ദവീചികളുടെ മാധുര്യം ആസ്വദിച്ചതും നിന്നേ ഒളിച്ചിരുന്നു കൺപാർത്തതും പ്രിയമാനവനെ നിന്നേ അത്രമേൽ എന്റെ ചങ്കിൽ കൊത്തിവെച്ചിട്ടാണ്,,
ഇനിയും അമീർ,,,
നീ എന്റെ പ്രണയം കാണാതെ പോകയാണോ,,,
ഞാൻ ഈ വലിയ ആൾക്കൂട്ട ആരവങ്ങൾക്ക് ഏറ്റവും പുറകിലായി പോയെന്നോ,,,
നിന്റെ നീലക്കണ്ണുകൾക്ക്എന്നേ കാണുവാനുള്ള അവസരവും ഇല്ലാണ്ടു പോയെന്നോ,,
പ്രിയപ്പെട്ടവനെ ഇനിയും നീ അകലേക്ക് അകലേക്ക് നീങ്ങരുതേ,,
നീയും നിന്റെ ലോകവും ഞാൻ മാത്രമാണ്,,
എന്നിലേക്ക് തിരികെ നടക്കൂ,,,
എന്റെ ഈ ഇരുണ്ട ഒറ്റമുറിയിലേക്ക് ഒന്നു വരൂ,,,
നിന്റെ കണ്ണുകളുടെ ശോഭയാൽ തീർച്ചയായും ഇവിടം പ്രകാശപൂരിതമാകും,,
കാലങ്ങളോളം കാത്തിരുന്നവളുടെ പ്രണയസത്യത്തെ തിരിച്ചറിഞ്ഞ നിനക്ക് സംഭവിക്കുന്നത്,,
എന്റെ പ്രണയത്തിന്റെ മാന്ത്രിക സ്പർശത്താൽ നീയെന്നും എന്നുന്നേക്കും ചിരഞ്ജീവിയായി മാറും,,
ആരാലും കൊതിച്ചുപോകുന്നൊരു പ്രണയത്തിന്റെ കുടീരമായ താജ്മഹൽ പോലെ,,
നിന്നെയും പ്രണയിക്കുന്നവർ വാഴ്ത്തും,,,
ഇതൊക്കെയും അമീർ നിന്റെ തിരക്കുകൾ ഒഴിഞ്ഞ്
നീ എന്നേ തേടി വന്നുവെങ്കിൽ മാത്രം സംഭവിക്കാവുന്നത് ആണ്,,
വരില്ലേ പ്രിയനേ,,,,
എന്നും എപ്പോഴും നിന്നെ മാത്രം കിനാവുകണ്ടുകൊണ്ട് നിന്നെമാത്രം നിനച്ചു കൊണ്ട്
നിന്റെ
ഹൂറി,,,, ❤️