രചന : വൈഗ ക്രിസ്റ്റി✍

ഞാനൊരു പുഴയെന്ന്
എൻ്റെ ഹൃദയത്തെ അടയാളപ്പെടുത്തും.
വേദന നിറഞ്ഞ ഹൃദയം
ചിലപ്പോൾ കരകവിഞ്ഞൊഴുകുകയും
ചുറ്റുമുള്ളവയെ നനക്കുകയും
ചിലതെല്ലാം
കടപുഴക്കുകയും ചെയ്യും .
എന്നാലും ,
അപ്പോളപകടമൊന്നുമില്ല .
മറ്റു ചിലപ്പോൾ ,
ശാന്തമായി ഒഴുക്കുനിലച്ച മാതിരി
അതങ്ങനെ കിടക്കും
ദൂരെ നിന്ന് നോക്കുകയല്ലാതെ
ഒരിക്കലും
അതിലൊന്ന് സ്പർശിക്കരുത് .
ഉള്ളിൽ നിറയെ ,
ചുഴികളും അപകടകരമായ
കെണികളുമുണ്ടാകും .
സന്തോഷിക്കുന്ന എൻ്റെഹൃദയം
കണ്ണാടിപോലെയൊഴുകും ;
ഉള്ളെല്ലാം തുറന്നുകാട്ടി .
ആർക്കും
അതിനു മീതെ
അക്കരെയിക്കരെ കടക്കാം
ഇളം ചൂടുള്ള വെള്ളത്തിലേക്ക്
പേടിക്കാതെ ഇറങ്ങാം .
ശരി …
പ്രണയത്തിൽ നിൻ്റെ ഹൃദയം എങ്ങനെയായിരിക്കും ?
ശരിക്കും
പ്രണയത്തിൽ എൻ്റെ ഹൃദയം
മരണതുല്യം ഉറങ്ങുകയായിരിക്കും
കണ്ണുകൾ വിടർത്തി …
മുഖം തുടുത്ത് …
ശരീരവടിവുകൾ ഉറപ്പിച്ച് …
ശരീരം മാത്രമായിരിക്കും
എൻ്റെ പ്രണയം .
ഹൃദയമതിൽ ,
ലക്ഷോപലക്ഷം ഞരമ്പുകൾ
പേറുന്ന
ഒരവയവം മാത്രമായിരിക്കും
ചിലപ്പോൾ
എൻ്റെ ഹൃദയം വറ്റിവരളും
പ്രാണൻ അമർത്തിപ്പിടിച്ച്
ചില കുഴികളിൽ മാത്രമായി
അത് ചുരുണ്ടു കിടക്കും
യഥാർത്ഥത്തിൽ ,
അപ്പോഴത് ശാന്തമായിരുന്ന്
ലോകത്തെ ശ്രദ്ധിക്കുകയായിരിക്കും
അപ്പോഴാണ്
എനിക്കെന്നെ ഏറ്റവുമിഷ്ടം

വൈഗ

By ivayana