രചന : ഒ.കെ ശൈലജ ടീച്ചർ✍

” നീ ഇങ്ങനെ പാതിരാവ് കഴിഞ്ഞിട്ടും ഉറങ്ങാതെ ഫോണിൽ കുത്തിക്കളിക്കാതെ ഉറങ്ങുന്നുണ്ടോ . കുറേ ദിവസമായിട്ട് ഞാൻ പറയുന്നതാണ്. അധിക സമയം ഫോണിൽ നോക്കി ഉറക്കമിളക്കരുതെന്ന് .”


ശരിയാണ് രാജീവ് പറയുന്നതെന്നവൾക്കറിയാം. തന്റെ ആരോഗ്യസ്ഥിതിയോർത്തിട്ടാണ് എപ്പോഴും പറയുന്നത്. പക്ഷേ ഉറക്കം വരാതെ ചിന്തകൾ കാടുകയറി മനസ്സ് അസ്വസ്ഥമാകുന്നത് കൊണ്ടാണല്ലോ താൻ ഫോണിൽ നോക്കി വായിക്കുന്നതും എഴുതുന്നതും.


ആവലാതികളുടെയൊരു പ്രവാഹം തന്നെ തന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരിക്കും. അതിൽ നിന്നുമുള്ളൊരു മോചനമാണ് എനിക്ക് എഴുത്ത്.
കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങളോർത്ത് വേവലാതിപ്പെട്ട് നിരാശയോടെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നിദ്രയോട് പിണങ്ങി പുലരിയിൽ എഴുന്നേൽക്കാനാവാതെ വിഷമിക്കുന്നതിനേക്കാൾ നല്ലത് കുറച്ചു നേരം എന്റെ അക്ഷരക്കുഞ്ഞുങ്ങളുമായി സംവദിച്ചു സന്തോഷിക്കുന്നതല്ലേ .
കഴിഞ്ഞ നാളുകളിലെ ജീവിതാനുഭവങ്ങൾ വിശകലനം ചെയ്യുമ്പോൾ കിട്ടുന്ന ഉത്തരമെന്താണ് ?


നീയൊരു ശുദ്ധഗതിക്കാരിയായ മഠയി.
ആരെയൊക്കെയോ അമിതമായി ഭയപ്പെട്ട് അനുസരിച്ച് അവർ പറയുന്നതെല്ലാം ശരിയാണെന്നു വിശ്വസിച്ച് അവരുടെ ഇഷ്ടത്തിനു മാത്രം പ്രാധാന്യം കൊടുത്തു കൊണ്ട് ജീവിതം തള്ളി നീക്കിയ പമ്പരവിഡ്ഢി .


ഷഷ്ടിപൂർത്തി കഴിഞ്ഞ നീ ഇത്വരെ നിന്നെക്കുറിച്ച്, നിന്റെ ഇഷ്ടങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ .? കൊച്ചു കൊച്ചു മോഹങ്ങൾ നിനക്കുമുണ്ടായിരുന്നില്ലേ . എന്ത്കൊണ്ട് നീ അതൊക്കെ നിന്നിൽത്തന്നെ ഒതുക്കിവെച്ചു.
ആരോടും പറയാതെ ആരുമറിയാതെ നിന്റെ മോഹപ്പൂക്കൾ വിടരാതെ കൊഴിഞ്ഞു പോയില്ലേ.


ഇനിയും വൈകിയിട്ടില്ല. നിന്റെ ചിന്തകൾ ഉണരട്ടെ . മോഹങ്ങൾക്ക് ചിറക് മുളക്കട്ടെ . അനന്തമായ നീലവാനിൽ മേഘശകലങ്ങളെ കീറിമുറിച്ചു കൊണ്ടങ്ങനെ പറക്കട്ടെ . പറന്നുയരട്ടെ നിന്റെ മനസ്സാകും ചിറകിന് ശക്തിയുണ്ടാകട്ടെ . ഇച്ഛാശക്തിയോടെ നിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിനായി പരിശ്രമിക്കൂ.
നിന്റെ ജീവിതം നിന്റേത് മാത്രമാണ്. ജനനം മുതൽ മരണം വരെ നീ തനിച്ചാണ് . ജീവിതയാത്രയിൽ പലരും നിന്നോടൊപ്പം യാത്രചെയ്യുന്നുണ്ടാകും പക്ഷേ അവരുടെ ലക്ഷ്യം അവരുടെ സ്വപ്നസാക്ഷാത്ക്കാരം മാത്രമാണ്.


നീ നിനക്കായി ജീവിച്ച് അഭിമാനത്തോടെ അന്തസ്സായി മരിക്കുക. അതിനിടയിൽ നിന്റെ സത്പ്രവൃത്തികൊണ്ട് നിന്നെ അടയാളപ്പെടുത്തുക.
മറ്റാർക്കുവേണ്ടിയും ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നത് മാത്രമല്ല ജീവിതം . സ്വയം എരിഞ്ഞുകൊണ്ട് തനിക്കു ചുറ്റും പ്രഭ ചൊരിയുന്ന മെഴുകുതിരിയാകാതെ നീലവാനിൽ മിന്നിത്തിളങ്ങി പ്രഭ ചൊരിയുന്ന നക്ഷത്രമായിരിക്കുക. ജ്വലിച്ചുയരുക. തന്നിലെ ഊർജ്ജം കെടാതെ ജീവിതയാത്ര തുടരണമെന്ന ദൃഢനിശ്ചയത്തോടെ തന്റെ തൂലികയെ ചേർത്തുപിടിച്ചു നിദ്രയെ സ്വാഗതം ചെയ്യുമ്പോൾ മനസ്സ് ശുദ്ധജല തടാകം പോലെ ശാന്തമായിരുന്നു.

ഒ.കെ ശൈലജ ടീച്ചർ

By ivayana