രചന : ഡാനിഷ്✍

ഒരു ദിവസം ഈ കേരളത്തിൽ ഏകദേശം 12 വീടുകൾ, അപ്രതീക്ഷിതമായി മരണ വീടുകളാകുന്നുണ്ട്. അതായത്, യാതൊരു അസുഖവുമില്ലാതെ ആരോഗ്യവാനായി വീട്ടിൽ നിന്നും പുറത്തിറങ്ങി, തിരിച്ചു വീട്ടിലേക്ക് വെള്ള പുതപ്പിച്ച് കൊണ്ട് പോകുന്ന ആളുകളുടെ എണ്ണം ശരാശരി 12 വീതമാണ്.


നാളെ ആ 12 പേരിൽ ഞാനോ നിങ്ങളോ,,?
ഒരിക്കലെങ്കിലും ആ ചോദ്യം ആത്മാർത്ഥമായിട്ട് സ്വയം ചോദിച്ചിരുന്നെങ്കിൽ, പുതുതായി വരുന്ന മോട്ടോർ വാഹന നിയമത്തിനെതിരെ നിങ്ങളിങ്ങനെ കൊഞ്ഞനം കുത്തില്ലായിരുന്നു. എന്ത് വിലകൊടുത്തും നിങ്ങളിതിനെയൊക്കെ ആക്സപ്റ്റ് ചെയ്യും, പക്ഷേ പ്രിയപ്പെട്ട ആരെങ്കിലും ആക്സിഡന്റലി മരണപ്പെടുകയോ, ജീവച്ഛമായി അവശേഷിക്കുകയോ ചെയ്യുമ്പോ മാത്രം, കാരണമില്ലാതെ നിങ്ങളിതൊക്കെ അംഗീകരിക്കും.
ബൈക്കിൽ കുഞ്ഞുങ്ങളെ കൊണ്ട് പോയാൽ എന്താ കുഴപ്പം,,?
ഇനി കിറ്റിന് പകരം കാറ് കൊടുക്കട്ടെ,,?
സൈൻ ബോർഡ് എവിടെ,,?
നല്ല റോഡ് എവിടെ,,?
ഇത് പിടിച്ചു പറിയാണ്.
ഇതന്യായമാണ്.


ന്യായീകരിക്കണം, എതിർക്കണം. കാലങ്ങളായി കാണാത്തതും, കേൾക്കാത്തതും, അനുഭവിക്കാത്തതും ഒരു നിയമമായി വരുമ്പോൾ, അതൊരു സൊയ്‌ര്യക്കേടായി തോന്നുമ്പോൾ അതംഗീകരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാ’ എന്ന് മാത്രമല്ല അതിനെ പരമാവധി പരിഹസിക്കുകയും, പറ്റുന്നപോലെ എതിർക്കുകയും, ഒപ്പം ആധുനിക മനുഷ്യന്റെ മുഖം മൂടി അണിയുകയും വേണം.
ഒരു ദിവസം രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ, ഒരു വട്ടമേശ സമ്മേളനം വിളിച്ച് നടപ്പിലാക്കിയ നിയമമല്ല ഇത്, ലോകത്തെവിടെയുമില്ലാത്ത ഒരു മോട്ടോർ വാഹന നിയമം കേരളത്തിൽ മാത്രമായി കൊണ്ട് വന്നതുമല്ല, അല്ല ആരോടാണ് ഞാനീ ഫ്രസ്ട്രേറ്റഡ് ആകുന്നത്.


ചിലരുടെ പ്രശ്‍നം ഈ ഗവൺമെന്റാണ്, ചിലരുടെ പ്രശ്‍നം അവർക്ക് പോലും തിരിച്ചറിയാൻ പറ്റാത്തവിധം അവർ പെട്ടുപോയ സോഷ്യൽ കണ്ടീഷനിംഗാണ്‌.
ഒരു മനുഷ്യ ജീവന് നിങ്ങളെത്ര വിലയിടുന്നുണ്ട്, ചുമ്മാ അറിയാനൊരാഗ്രഹം.
ഈ നിയമങ്ങളെ എതിർക്കാനാണെങ്കിൽ ഏറ്റവും അധികം എതിർക്കേണ്ടത് എന്നെപോലുള്ളവരാണ്. കാരണം, ഒരു ദിവസം ശരാശരി 85/90 കിലോമീറ്ററ് വാഹനം ഓടിക്കുന്നുണ്ട്. ഒരുമാസം ഏകദേശം 2500/3000 കിലോമീറ്റർ സഞ്ചരിക്കുന്ന എന്നെ പോലുള്ളവരാണ്, നിങ്ങൾ പറയുന്ന ന്യായങ്ങളനുസരിച്ച് ഈ നിയമങ്ങളെ ഏറ്റവും കൂടുതൽ എതിർക്കേണ്ടത്. കാരണം, ശ്രദ്ധിച്ചില്ലെങ്കിൽ നിയമം തെറ്റിക്കാൻ സാധ്യതയുള്ളതും, പിന്നെ അനുഭവിക്കേണ്ടതും കൂടുതൽ എന്നെപോലുള്ളവരാണ്.
പക്ഷേ, നിരത്തിൽ 700 അല്ല 7000 ക്യാമറകൾ സ്ഥാപിക്കണമെന്നാണ് ആഗ്രഹം. രാത്രിയിൽ, ജസ്റ്റ് ഒരു ലൈറ്റ് ഡിം ചെയ്ത് സഹകരിക്കാൻ പോലും പറ്റാത്ത ഇവിടത്തെ ഡ്രൈവർമാരും, ഈ നാടും റോഡും ആളുകളുടെ ആറ്റിറ്റ്യൂഡും ഒരല്പമെങ്കിലും ഭേദപ്പെടാൻ, ഈ 700 ക്യാമറകൾ കൊണ്ടോ, ഈ കൊണ്ട് വന്ന അഞ്ചോ പത്തോ നിയമങ്ങൾ കൊണ്ടോ മതിയാകില്ല.


എല്ലാ ആത്മവിശ്വാസത്തോടെയും പുറത്തിറങ്ങുന്ന നമ്മളിൽ 12 പേരാണ് അന്ന് വൈകുന്നേരം പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തുന്നത്. അതിന്റെ എണ്ണം കുറക്കണം. ഒരാളെങ്കിൽ ഒരാൾ, ഒരപകടമെങ്കിൽ ഒരപകടം. അത് കുറക്കാനുതകുന്നത് എന്താണോ, എങ്ങിനെയാണോ അങ്ങിനെ. അതിന് നിങ്ങൾ പറയുന്ന ഒരു ന്യായീകരണത്തിനൊപ്പവും നിക്കവയ്യ.
ബുദ്ധിമുട്ടുകൾ ഉണ്ടാകാം, അസഹ്യത തോന്നിയേക്കാം, സമയ നഷ്ടമുണ്ടാകാം, സാമ്പത്തിക ചിലവുകൾ വന്നേക്കാം, അംഗീകരിക്കാനുള്ള മടിയും മനുഷ്യ സഹജമാണ്. പക്ഷേ അതൊന്നും ഒരു മനുഷ്യന്റെ, ഒരു കുഞ്ഞിന്റെ, ഒരു നിരപരാധിയുടെ ജീവന് പകരമല്ല.


ബൈക്കിൽ ഇരിക്കുന്ന രണ്ടാമനും ഹെൽമെറ്റ് വെക്കണം, 3 ആളാണെങ്കിൽ മറ്റ് മാർഗ്ഗം തേടണം, അനുവദിക്കപ്പെടാത്തിടത്ത് സ്‌പീഡ്‌ കുറക്കണം, സീറ്റ് ബെൽറ്റിടണം, സിഗ്നലിനെ മാനിക്കണം, റോട്ടിലെ വരകൾ മനസ്സിലാക്കണം, മറ്റ് യാത്രികരെ, വാഹനങ്ങളെ, എല്ലാം പരിഗണിക്കണം.


അപരന്റെ ജീവനേക്കാൾ വലുത് ”സ്വന്തം കാശാണ്” എന്ന് തോന്നുന്നവർ ഈ നിയമങ്ങൾ അനുസരിച്ചേ പറ്റൂ. ഇന്നാട്ടിൽ ട്രാഫിക് / ഡ്രൈവിംഗ് സംസ്കാരം എന്നത് പോയിട്ട്, റോട്ടിൽ ഇത്ര അഹങ്കാരികൾ വാഴുന്ന ഒരു സ്റ്റേറ്റ് ഇന്ത്യയിൽ വേറെ ഉണ്ടാവാൻ ഇടയില്ല. അവർക്ക് ഈ ഫൈനുകളൊന്നും പോരാ’ എന്നാണു അഭിപ്രായം. മദ്യപിച്ചവന് ഡ്രൈവിംഗ് സീറ്റ് കാണുമ്പോ, അവന്റെ ലഹരി ആവിയായിപ്പോകുന്ന നിയമം വരണം.
പറഞ്ഞ് വന്നത്, സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ആർക്കും ഒന്നും ചെയ്യാനില്ല. അത് സംഭവിക്കാതിരിക്കാനാണ് ഒരു നിയമത്തിന്റെ രൂപത്തിൽ ഈ വരുന്നതൊക്കെ. മാറും, മാറണം. കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വൈകിയെന്നേ പരാതിയുള്ളൂ. പതിയെ പതിയെ ഇതുമായി പൊരുത്തപ്പെട്ട്, കുറച്ചെങ്കിലും മാറ്റങ്ങൾ സംഭവിച്ച്, ഒരു രൂപ ഫൈൻ കിട്ടാതെ ഗവൺമെന്റുകൾ നാണം കെടട്ടെ, ആർട്ടിഫിഷ്യൽ ക്യാമറകൾ ചമ്മിപ്പോട്ടെ, വിദേശത്തു പോയാൽ മാത്രമല്ല ‘ഇവിടെയും നമ്മൾ നന്നായി’ എന്ന് മറ്റ് രാജ്യക്കാർ കണ്ട് മനസ്സിലാക്കട്ടെ..! 😊

By ivayana