രചന : ജോളി ഷാജി..✍
“എടാ ആഷി ഒന്ന് വന്നുണ്ടോ വേഗന്ന്… ദേ എല്ലാരും കഴിക്കാൻ നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കുവാ… ചൂടാറിയാൽ പിന്നെ ബിരിയാണിക്ക് ടെയ്സ്റ്റ് തന്നെ മാറും…”
“ദേഡാ വരുന്നു… ഓള് ആണ് വിളിക്കുന്നത്..”
ആഷിക്ക് ഫോൺ മാറ്റിപിടിച്ചു പിന്നിൽ നിൽക്കണ റഷീദിനോടായി പറഞ്ഞു…
“ഒതുങ്ങി മാറി നിന്നു വിളിക്കുന്ന കണ്ടപ്പോൾ തന്നെ തോന്നി… വേഗം വിളിച്ചിട്ട് വാ.. “
റഷീദ് അകത്തേക്ക് പോയി…
“ആരാ ഇക്കാ വിളിച്ചത്…”
ഫോണിലൂടെ അഫ്‍സിയുടെ സ്വരം ഒഴുകി വന്നു…
“അത് ഫുഡ് കഴിക്കാൻ വിളിച്ചതാ… എല്ലാരും എന്നെ വെയിറ്റ് ചെയ്ത് ഇരിക്കുവാ…”
ആഷിക് അവളോട് പറഞ്ഞു…
“ഫുഡ് കഴിക്കാനോ ഇപ്പോളോ… നോമ്പ് തുറക്കാതെയോ…”
അഫ്‍സി നീരസത്തോടെ ചോദിച്ചു…
“എടി ഇവിടെ ഇന്നല്ലേ പെരുന്നാള്…”
“ഞമ്മക്ക് നാളെ അല്ലെ ഇക്കാ പെരുന്നാള്… ഞാനും കുട്ട്യോളും നോമ്പു പിടിച്ചേക്കുവല്ലേ…”
“അയിനെന്താ നിങ്ങള്ക്ക് അവിടിപ്പോ നാലു മണി അവറായില്ലേ സമയം… ഒരു രണ്ടു മണിക്കൂർ കൂടി കഴിഞ്ഞാൽ കഴിക്കാമല്ലോ…”
“ആ അപ്പോൾ കഴിച്ചാൽ മതി ഇക്കയും… ഭാര്യേം മക്കളും വെള്ളമിറക്കാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ കഴിക്കാൻ തോന്നും ഇക്കാ… എന്ത് മനുഷ്യൻ ആണ് നിങ്ങൾ…”
അഫ്‍സി കരച്ചിൽ തുടങ്ങി കഴിഞ്ഞു…
“എന്റെ പൊന്നോ ഞാൻ കഴിക്കുന്നില്ല പോരെ…”
“ഇക്കാ കഴിക്കേണ്ട ന്നല്ല പറഞ്ഞത്… മ്മള് ഒന്നല്ലേ ഇക്കാ…”
“എന്നാ ഞാൻ ഉറങ്ങാൻ പോണ്… ഇവിടെ ആറ് കഴിയുമ്പോൾ നാട്ടിൽ എട്ടര ആകും അപ്പോൾ ഞാൻ എണീറ്റ് കഴിച്ചോളാം…”
“ഇക്കാ ഉറങ്ങിക്കോ… അവിടെ സമയം ആകുമ്പോൾ എണീക്കാൻ അലാറം വെച്ച് കിടക്കണേ… ഞാനെ നോമ്പ് തുറക്കാൻ ജ്യുസ് ഉണ്ടാക്കട്ടെ. “
അഫ്‍സി സന്തോഷത്തോടെ ഫോൺ വെച്ചു..
ആഷി അകത്തേക്ക് ചെന്നു… കൂട്ടുകാർ എല്ലാരും ഭക്ഷണം വിളമ്പി വെച്ചു ഫോട്ടോ എടുക്കൽ ഒക്കെ തുടങ്ങി…
“എടാ നിങ്ങള് കഴിച്ചോളിൻ… എനിക്ക് നല്ല തലവേദന… ഞാൻ ഒന്ന് കിടക്കട്ടെ…”
ആഷി ആർക്കും മുഖം കൊടുക്കാതെ അകത്തേക്ക് പോയി…
“ഭാര്യ സ്‌നേഹി ഓള് കഴിക്കാത്ത കൊണ്ടാവും കഴിക്കാത്തത്…”
ചിരിച്ചുകൊണ്ട് കൂട്ടുകാർ പറഞ്ഞത് ആഷി കേട്ടെങ്കിലും വിശപ്പ് പിടിച്ച വയറിനെ അടക്കി കൊണ്ട് അവൻ ബ്ലാങ്കറ്റ് വലിച്ച് തലവഴി മൂടി..
എല്ലായിടത്തും ഒരുമിച്ചു ചന്ദ്രോദയം കണ്ടെങ്കിൽ അല്ലെ… ✌️❤️❤️