രചന : ജലജ സുനീഷ് ✍

തനിച്ചാവുക എന്നത് —
യാതൊരു നിർബന്ധങ്ങളോ നിബന്ധനകളോ ഇല്ലാതെ
തന്നിടങ്ങളിൽ ലയിച്ചു
ചേരുക എന്നതു കൂടിയാണ്.
തന്റേതുമാത്രമായ
ഉൾക്കാഴ്ച്ചകളേയും
സൗന്ദര്യങ്ങളേയും
എത്രയോ ആവാഹിച്ച്
സ്വയം നിർവൃതിയടയുന്ന
വർത്തമാനകാലം.
മൗനമെന്നത് —
ആത്മ സംഘർഷങ്ങളുടെ
ചില്ലുവാതിലുകൾക്കപ്പുറം
നിഗൂഡഭാഷകളുടെ-
അതിമനോഹര സംഗമം .
ഏറ്റുപറച്ചിലുകളും –
ഏറ്റക്കുറച്ചിലുകളുമില്ലാതെ ..
പങ്കുവെക്കലുകളും –
പരാതികളുമില്ലാതെ ..
നിശബ്ദമായൊരാകാശം.
നിറങ്ങളുടെ മേഘസമുദ്രങ്ങൾ .
ചുവപ്പും നീലയും മഷി കുടഞ്ഞ
ദിനാന്ത്യങ്ങൾ ..
നിലാവർഷമേറ്റ മാമ്പൂക്കൾ ..
പെയ്തുപോയ് …
നീയെത്ര പെയ്തുപോയെന്ന് ,
ഒട്ടും തുളുമ്പാതെ
ഓർമ്മകളുടെ-
തുലാവർഷ സന്ധ്യകൾ .
ജീവിതം മനോഹരമാണ്🌷🌷

ജലജ സുനീഷ്

By ivayana