രചന : മോഹൻദാസ് എവർഷൈൻ ✍

കടൽ ആരെയോ തിരയുകയാണ്, തീരത്ത് വന്ന് ഓരോ പാദങ്ങളെയും സ്പർശിച്ച് നിരാശയോടെ മടങ്ങുകയും, വിരസതയില്ലാത്ത ആവർത്തനങ്ങൾ തുടരുകയും ചെയ്യുന്ന തിരകളിലൂടെ മുന്നോട്ട് നടക്കുമ്പോൾ പിന്നിൽ നിന്ന് അമ്മയുടെ ഭയം നിറഞ്ഞ ശബ്ദം അവൻ കേട്ടു
“ഉണ്ണീ വീഴാതെ, സൂക്ഷിച്ച് ” തലയിലിരിക്കുന്ന അസ്ഥികലശത്തിൽ അറിയാതെ അവൻ മുറുകെപിടിച്ചു. ‘അമ്മ ‘ നെഞ്ചോന്ന് പിടഞ്ഞു.


കലശത്തിനുള്ളിൽ നിമഞ്ജനം ചെയ്യാനിരിക്കുന്നത് അമ്മയുടെ അസ്ഥിഖണ്ഡങ്ങളാണ്. കാൽക്കീഴിലെ മണ്ണാകെ ഒലിച്ചുപോകുന്നത് അവനറിഞ്ഞു.
“ഇനി മുന്നോട്ട് പോകണ്ട, കലശം പിന്നിലേക്ക് ഇട്ടിട്ട് പ്രാർത്ഥിച്ച് കയറിവാ ” കർമ്മിയായി കൂടെ വന്ന കൂട്ടുകാരൻ ശങ്കരൻ വിളിച്ചു പറഞ്ഞു.
“മോനെ അമ്മയെ ഇവിടെ ഉപേക്ഷിച്ചു നീ മടങ്ങിക്കോളൂ ” കാതുകളിൽ അമ്മയുടെ വിറയാർന്ന ശബ്ദം അശരീരിയായി മുഴങ്ങി.
അസ്ഥികലശം തലയിൽ നിന്ന് പിന്നിലേക്ക് പാപനാശം തിരകളിൽ നിമഞ്ജനം ചെയ്തെങ്കിലും അത് തിരകളിലൂയലാടി കാലുകളിൽ വന്ന് മുട്ടിയുരുമ്മി നിന്നപ്പോൾ അവന്റെ ഉള്ളാകെയൊന്ന് പിടഞ്ഞു.


“കയറി വാ ഉണ്ണീ, സമയം പോകുന്നു “ശങ്കരൻ പിന്നെയും ധൃതികൂട്ടി.തിരിച്ചെത്താൻ വൈകുന്നത് കർമി സമയത്തിന് ബലികർമ്മങ്ങൾ തീർക്കാത്തത് കൊണ്ടാണെന്ന് പറഞ്ഞ്, പുലകുളിക്ക് വരുന്ന ഉണ്ണിയുടെ ബന്ധുക്കൾ മെക്കിട്ട് കേറുമെന്ന് ശങ്കരന് അല്പം ഉത്ഭയം ഇല്ലാതില്ല, അതിന്റെ തിടുക്കമാണ് കാട്ടുന്നതെന്ന് ഉണ്ണിക്കും അറിയാം.
കരയ്ക്ക് കയറി, ഈറൻ തോർത്ത്‌ ചുമലിൽ മൂടി,കടപ്പുറത്തെ മണലിൽ പുതയുന്ന കാലുകൾ വലിച്ചു നീട്ടി നടക്കുമ്പോൾ തീരത്തേക്ക് പടിയിറങ്ങി വരുന്ന ഒരു ചെറിയ സംഘത്തെ കണ്ണിൽ ഉടക്കി. അതിൽ മുന്നിൽ നടക്കുന്ന കുട്ടി ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരു അസ്ഥികലശം നെഞ്ചോട് ചേർത്ത് പിടിച്ചാണ് നടക്കുന്നത്.അവന്റെ നെഞ്ചിടിപ്പ് ആ കലശത്തിനുള്ളിലിരുന്ന് കേൾക്കുന്നത് ആരായിരിക്കും?.


അവനൊരു ഒൻപതോ, പത്തോ jവയസ്സ് മതിക്കും, അവന്റെ തൊട്ട് പിന്നാലെ നടക്കുന്നത് അവന്റെ അനുജത്തി ആണെന്ന് ആരും പറയാതെ മനസ്സിലാകും. സങ്കടത്തെക്കാൾ കടല് കാണുന്ന കൗതുകമാണ് അവളുടെ മുഖത്ത്.അവർക്ക് പിന്നിൽ സാരിത്തലപ്പ് കൊണ്ട് തലമറച്ച്, കുമ്പിട്ട് നടക്കുന്ന സ്ത്രീ ആ കുട്ടികളുടെ അമ്മ തന്നെ. അവർ അടുത്തെത്താറായപ്പോഴാണ് ആ സ്ത്രീയുടെ മുഖം കൂടുതൽ വ്യക്തമായkത്.
കുടിപള്ളിക്കൂടം മുതൽ വിരൽ തുമ്പിലും, പിന്നെ മനസ്സിലും കരുതലോടെ താൻ താലോലിച്ച് കൊണ്ട് നടന്ന, ശാലിനി, ഒരു മിന്നൽവേഗത്തിൽ അവന്റെ മനസ്സ് അവളെ തിരിച്ചറിഞ്ഞു.


ഒരുപാട് കൊതിപ്പിച്ച് മഴമേഘങ്ങൾക്കിടയിൽ മറഞ്ഞ നക്ഷത്രം പോലെയാണ് അവളെന്ന് ഏറെ നാൾ തോന്നിയിരുന്നു.അന്ധമായ അനുരാഗത്തിന്റെ വരും വരായ്കകളെപ്പറ്റി വീണ്ടുവിചാരമില്ലാത്ത യൗവനം തീപ്പിടിച്ചു നില്കുന്ന കാലത്ത്, എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തായിരുന്നെങ്കിലും സ്വന്തമാക്കുവാൻ ഒരുപാട് മോഹിച്ചത് തെറ്റായിരുന്നെന്ന് ഒരിക്കലും അവന് തോന്നിയിരുന്നില്ല
പ്രണയമങ്ങനെ അനുസ്യൂതം ഒഴുകികൊണ്ടിരിക്കുമ്പോൾ ഒരു ദിവസം അവൾക്ക് പെട്ടെന്നൊരു വെളിപാട് വന്നത് പോലെ പറഞ്ഞു


“അമ്മയ്ക്ക് നമ്മുടെ കാര്യത്തിൽ ചില സംശയങ്ങളൊക്കെയുണ്ടെന്ന് തോന്നുന്നു. നമ്മളെ ഒരുമിച്ച് അവിടെയുമിവിടെയും കാണുന്ന ആരോ ചാരപ്പണി നടത്തുന്നുണ്ട്”.
“അതാരാ നമ്മുടെ പഞ്ചാരയിൽ കയറിയ ചോനനുറുമ്പ്?. നീ പേടിക്കേണ്ട, അമ്മയോട് പറഞ്ഞ് നിന്റെ വീട്ടിൽ മുന്നിൽ കൂടി കയറി വന്ന് കാര്യങ്ങൾ സംസാരിക്കാനുള്ള ഏർപ്പാട് ചെയ്യാം,എന്താ അത് പോരെ,?”.
മതിയെന്ന അർത്ഥത്തിൽ അവൾ തലകുലുക്കിയപ്പോൾ, അവനും അല്പം ഗൗരവത്തോടെ ചിരിച്ചു.


ഏറെ നാളായി വഴിയിലും, അമ്പലപറമ്പിലും, ആളുകൾ സംശയത്തോടെ ഗവേഷണം നടത്തിയ വിഷയം അവളുടെ വീടിന്റെ ഗേറ്റ് കടന്ന് അകത്തളങ്ങളിലേക്ക് കയറി ചെന്നു.
“പിള്ളേരുടെ നാൾ പൊരുത്തം നോക്കീട്ട് നമുക്ക് മുന്നോട്ട് പോകാം, അതല്ലേ നാട്ടുനടപ്പ്, നമ്മളായിട്ട് അതൊന്നും തെറ്റിക്കണ്ടാ,അവളുടെ അച്ഛനങ്ങനെ പറഞ്ഞപ്പോൾ അമ്മയും കൂടെവന്ന അമ്മാവന്മാരും അതിനെ അനുകൂലിച്ചു.
അങ്ങനെ പ്രശ്നം ബാലൻ ജ്യോത്സ്യന്റെ പ്രശ്നപലകമേൽ വിധിക്കായ് കാതോർത്തു.
ഗൃഹനിലകൾ തമ്മിൽ കൂട്ടിക്കിഴിച്ച് ജ്യോത്സ്യൻ പലവുരു നോക്കിയിട്ട് പ്രശ്നപലകയിൽ നിന്നും തലയുയർത്തി എല്ലാവരെയും ഒന്ന് പാളി നോക്കി. ഫലം പറഞ്ഞു കഴിയുമ്പോൾ ദക്ഷിണതരാതെ മുങ്ങിക്കളയുമോ എന്നൊരു പേടി അയാളുടെ മുഖത്തുണ്ടെന്ന് അവന് തോന്നി.


“നാളുകൾ തമ്മിൽ ചേർച്ചയുണ്ടെങ്കിലും, ഒരാളുടെ ജാതകത്തിൽ പാപദോക്ഷമുണ്ട്,ദീർഘപ്പൊരുത്തമല്ല, മരണപ്പൊരുത്തമാ കാണുന്നത്!”.
എല്ലാവരുടെയും മുഖം മ്ലാനമായി.നാവിൻ തുമ്പിൽ വാക്കുകൾ പുറത്ത് വരാതെ വിറങ്ങലിച്ച് നിന്നു. ഇഷ്ടങ്ങളെക്കാൾ അപ്പോൾ മുൻ‌തൂക്കം വിശ്വാസത്തിനായിരുന്നു.
“ഇനിയിപ്പോ നമ്മളെന്താ ചെയ്ക? ചേരാത്തതിനെ കൂട്ടി ചേർത്ത് പിള്ളേരെ കൊലയ്ക്ക് കൊടുക്കണോ?”. അവളുടെ അച്ഛന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ എല്ലാവരും തിരിഞ്ഞ് നടന്നു.


അവന്റെ മനസ്സിലെ നിരാശയുടെ കിതപ്പ് ആരും കേട്ടില്ല. അവൾക്ക് പിന്നാലെ നടന്ന് തേഞ്ഞ ചെരുപ്പുകൾപോലെ,പ്രണയം അവനെയും വഴിയിലൂപേക്ഷിക്കുകയാണെന്ന് അവന് തോന്നി.
പിറ്റേന്ന് അമ്പലത്തിൽ വെച്ച് അവളെ കണ്ടപ്പോൾ കൂടെ അവളുടെ അമ്മയുമുണ്ടായിരുന്നു. അവളുടെ മുഖത്ത് തലേന്നാൾ വരെ മങ്ങാതെ നിന്ന പുഞ്ചിരി മാഞ്ഞുപോയത് അവനറിഞ്ഞു.


ഇതിലൊന്നും എനിക്ക് വലിയ വിശ്വാസമൊന്നുമില്ല,താനിറങ്ങി വന്നാൽ ഞാൻ വീട്ടിൽ കൂട്ടികൊണ്ട് പോകാമെന്ന് പറയണമെന്നൊക്കെ കരുതിയത് അവളുടെ ഭാവമാറ്റത്തിൽ പാടെ മറക്കേണ്ടി വന്നു. അല്ലെങ്കിൽ തന്നെ ഇഷ്ടത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്താനൊന്നും അവളുടെ സ്ഥാനത്ത് മറ്റൊരു പെണ്ണായാലും തയ്യാറാകില്ലെന്ന് അവനും തോന്നി.
പ്രണയിക്കുന്നതിന് മുന്നെ നല്ലൊരു ജ്യോത്സ്യനെ കണ്ട് ജാതകം നോക്കണമെന്ന പുതിയ പാഠം അവൻ പലവുരു മനസ്സിൽ ഉരുവിട്ടു.നഷ്ട പ്രണയത്തിന്റെ ചിത അവന്റെ മനസ്സിൽ മാത്രം നീറി പുകഞ്ഞു.കാലങ്ങൾ കഴിഞ്ഞിട്ടും അണയാത്ത കനലുകൾ പലപ്പോഴും ഉള്ള് പൊള്ളിച്ചുകൊണ്ടിരുന്നു.


ജാതകങ്ങൾ പിന്നെയും പലതും ജ്യോത്സ്യന്റെ പ്രശ്നപ്പലകയിൽ കവിടികളുമായി കടിപിടികൂടി ഭാഗ്യപരീക്ഷണം നടത്തികൊണ്ടിരുന്നു.അവസാനം ദീർഘപ്പൊരുത്തം നോക്കിനടത്തിയ വിവാഹത്തിന്റെ അസ്ഥിഖണ്ഡങ്ങളാണ് ആ കുട്ടികൾ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നതെന്ന് ഓർത്തപ്പോൾ കടപ്പുറത്തെ മണലിൽ ഞെരിഞ്ഞമരുന്ന കവിടികളോട് അവന് പുച്ഛം തോന്നി.
അവളുടെ നോട്ടം തന്നിലേക്കെത്തുന്നില്ലെന്ന് അവനറിയാം. കെട്ടുപോയ വഴിവിളക്ക് സൃഷ്‌ടിച്ച ഇരുട്ടിലൂടെ നടക്കുമ്പോൾ അവൾ മറ്റൊന്നും കാണുന്നുണ്ടാവില്ല.വഴിയിൽ ഒറ്റപ്പെട്ടുപോകുമ്പോൾ നെഞ്ച് പൊള്ളുന്നത് മറ്റാരേക്കാളും അവന് മനസ്സിലാകും.
ബലിമണ്ഡപത്തിലേക്ക് അവളും, കുട്ടികളും നടന്നകലുന്നത് ഒരു നിമിഷം നോക്കി നിന്നിട്ട് പടികൾ കയറി റോഡിലെത്തുമ്പോൾ പുലർകാല മഞ്ഞിന്റെ മൂടുപടം മാറിവരുന്നതേയുള്ളു.


വഴിയോരത്തെ തട്ടുകടയിൽ നിന്ന് ചൂട് ചായ ഊതിയാറ്റി കുടിക്കുമ്പോഴും അവന്റെ മിഴികൾ ബലിമണ്ഡപത്തിലേക്കുള്ള വഴികളിൽ തന്നെയായിരുന്നു.
തലേന്ന് രാത്രിയിൽ ചിറകറ്റ് വീണ ഈയലുകളെ ആർത്തിയോടെ കൊത്തിപ്പെറുക്കുന്ന കാക്കകളുടെ കലപില ബഹളത്തിനിടെ,ശങ്കരന്റെ കണ്ണുകൾ അവനെ അളക്കുകയായിരുന്നു.
അവളെ മറ്റൊരാൾ താലി ചാർത്തിയ ദിവസം ഉറങ്ങാതെ അവന് കാവലിരുന്ന ശങ്കരന് അവന്റെ സങ്കടങ്ങളുടെ ആഴം മനസ്സിലാകും.


ആദ്യപ്രണയം, ആദ്യരാത്രിയെക്കാൾ തീവ്രതയോടെ മനസ്സിൽ തെളിഞ്ഞു നില്ക്കുമെന്ന് അവൻ പലപ്പോഴും പറഞ്ഞപ്പോഴും ശങ്കരൻ ചിരിച്ചു തള്ളി
“നീയെന്താ ഉണ്ണീ ആലോചിക്കുന്നത്? അത് ശാലിനിയും കുട്ടികളും തന്നെ!അവരുടെ ഭർത്താവ് ഒത്തിരി നാളായി കരൾ രോഗമായി ചികിത്സയിലായിരുന്നു.കരൾ മാറ്റി വെയ്ക്കുവാൻ,അവൾ കരൾ പകുത്ത് നല്കിയെങ്കിലും പാവം രക്ഷപ്പെട്ടില്ല”.
ശങ്കരൻ പറയുന്നത് കേട്ടപ്പോൾ ‘പകുത്ത് നല്കാൻ അവൾക്ക് പിന്നെയും കരൾ ബാക്കിയുണ്ടായിരുന്നോ?’എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും വെള്ളം തൊടാതെ അവൻ അതങ്ങ് വിഴുങ്ങിക്കളഞ്ഞു.


“അവര് ബലിയിട്ടിട്ട് കയറിപൊയ്ക്കോളും, നീ പെട്ടന്ന് വാ,നമ്മള് സമയത്ത് മടങ്ങി ചെന്നില്ലെങ്കിൽ പുലകുളിക്ക് വന്നവർ തിരക്കിയിങ്ങ് വരും. നിന്റെ ഭാര്യ ഇപ്പോഴെ അന്തം വിട്ടിരിക്കുകയാവും!”.
കാറ് ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ ചക്രതീർത്ഥക്കുളത്തിനടുത്തെ വളവ് തിരിയുമ്പോൾ അറിയാതെ ഒന്നുകൂടി വെറുതെ തിരിഞ്ഞ് നോക്കി.
അപ്പോൾ ശങ്കരന്റെ ചുണ്ടിൽ വിടർന്ന ചിരിയിൽ അല്പം പരിഹാസം ഉണ്ടായിരുന്നോ?.

By ivayana