രചന : വാസുദേവൻ. കെ. വി ✍

അയ്യായിരമെത്തി ഈയുള്ളവളുടെ സൗഹൃദപട്ടിക. ആരെയും പ്രവേശിപ്പിക്കാൻ ആവുന്നില്ല. ലൈക്കും കമന്റും തരാത്തവർക്ക് സ്വയം മോചിതരാകാം.. പോസ്റ്റുകൾ കൊണ്ട് മുഖപുസ്തകം സമ്പന്നമാവുന്നു. വിളയെക്കാൾ കള നിറഞ്ഞ കൃഷിയിടങ്ങൾ. ഫേക്ക് നാമധാരികൾ മാർജ്ജാര ക്ഷീരപാനം കണക്കെ. അകൗണ്ട് തുറക്കുമ്പോൾ ഐ പി അഡ്രസ് നോക്കി കാണാൻ സുക്കറണ്ണന് അനുവാദം നൽകിയത് മറന്നുകൊണ്ട്. ഇത്തിരി ടെക്കി ധിഷണയുള്ളവർക്ക് അറിയാനാവുന്നു സംഗതി അപ്‌ലോഡ് ചെയ്യുന്ന ഇടങ്ങൾ. ഒരേ ഡിവൈസിൽ നിന്നും പുറപ്പെടുന്ന അക്കൗണ്ടുകളൊക്കെ സുഹൃത്തുക്കൾക്ക് ചൂണ്ടിക്കാട്ടുന്നുമുണ്ട് സുക്കറണ്ണൻ.


കാല്പന്ത് കളിമൈതാനം പോലെ മുഖപുസ്തകവേദി. പന്തു തട്ടാൻ ഇറങ്ങിയവർ.. കളിനിയമങ്ങൾ അന്യമായവർ. കളിപാടവമുള്ളവർ തിളങ്ങിക്കളിക്കുന്നു. ഹെഡറുകൾ, ഷൂട്ട് ചെയ്യൽ, ഡ്രിബ്ലിങ് ഇവയ്‌ക്കൊപ്പം റഫറി കാണാതെ കുതിക്കാൽ വെട്ടലുകൾ, കത്രികപൂട്ടിടൽ. ഓടി തളരുമ്പോൾ ഒരു കേറിപ്പോക്ക്.
അവന്റെ വട്ടെഴുത്തുകൾ പർവ്വതവൽക്കരിച്ച്,
അതിലവളെ താതാത്മ്യം കൊണ്ട് ഇൻബോക്സിൽ ഓരോന്ന് പറയാൻ അവൾക്ക് കമ്പം..
‘എഴുത്തു വേറെ എഴുത്തുകാരൻ വേറെ ‘തിരിച്ചറിയാൻ തുനിയാതെ. അസഹ്യമായ വേളയിൽ മുഖപുസ്തക സൗഹൃദമകറ്റി അവൻ സ്വാതന്ത്രനായി. ഒരു തുള്ളി പ്രണയം പോലും ചോരാതെ ഒരു മാറിയിരിപ്പ് …


പിന്നീട് അവനെ തിരയൽ ദൗത്യവുമായി അവൾ സദാ.. പല പേരുകളിൽ.. നിഹാരികയായി, അനാമികയായി, കാന്താരിപ്പെണ്ണായിയൊക്കെ അവൾ കമന്റുകൾ പെറ്റിട്ട് സൗഹൃദം തേടി. അടച്ചിട്ട വാതിലിലെ മണിച്ചിത്രത്താഴൊന്നു തുറന്നു കിട്ടാൻ.
നേരിൽ കണ്ടപ്പോൾ അവനത് സൂചിപ്പിച്ചു. പതിവുപോലെ അവൾ കുപിതയായി.. “തിരച്ചിലോ അതിനു താങ്കൾ എനിക്കാര്?? “


അവൻ അവളോട് ചേർന്നിരുന്നു അവൾക്ക് മറുമൊഴിയേകി
” നീ ക്ഷമിക്കൂ… “
അവന്റെ ഓർമ്മകളിൽ സെല്ലുലോയ്ഡ് വെളിച്ചം വീശി. അവൻ അവളെ അനുനയിപ്പിക്കാൻ ഇത്തവണ കൈക്കൊണ്ടത് സിനിമാഉലകത്തിനെ.
അവന്റെ കഥനത്തിന് അവൾ ചെവിയോർത്തു.
ഇഷ്ടം തോന്നിയവനെ തിരക്കിയിറങ്ങിയവളുടെ ആധികൾ പ്രമേയമാക്കി കുറേ നല്ല സിനിമകൾ. ‘മുഖാമുഖം’, ‘ആലീസിന്റെ അന്വേഷണങ്ങൾ’, ‘പിറവി’, ‘കുട്ടിസ്രാങ്ക്’, ‘കഥാപുരുഷൻ’,……… അല്ലെങ്കിലും പെണ്ണ് ഇഷ്ട്ടപ്പെട്ടവനെ തേടിയിറങ്ങുന്നതിൽ എന്ത് അപാകം.. !!


ആണൊരുത്തൻ പ്രിയപ്പെട്ടവളെ അന്വേഷിച്ചിറങ്ങുന്ന വെള്ളിത്തിരയനുഭവം അപൂർവ്വം.. ഓർമ്മയിലൊരു “ഒരാൾപൊക്കം”.
സനൽകുമാർ ശശിധരൻ ഒരുക്കിയ നല്ല സിനിമ. അഞ്ചു കൊല്ലക്കാലം കരാർരഹിത സഹവാസം ഉപേക്ഷിച്ചു മായ എന്ന നായിക അകലുന്നു.. പിന്നീടൊരിക്കൽ അവൾ ദൂരെയുണ്ടെന്ന അറിവ്. അവളെ തേടി മഹേന്ദ്രൻ ഹിമാലയപ്രാന്തങ്ങളിലേക്ക് അന്വേഷണവുമായി… മേഘവിസ്ഫോടനത്താൽ താറുമാറായ കേദാർ കാഴ്ചകൾ തനിമയോടെ ഒപ്പിയെടുത്ത ക്യാമറകണ്ണുകൾ. ‘ ഇവൻ മേഘരൂപൻ’, ‘സൂഫി പറഞ്ഞ കഥ’ ചിത്രങ്ങളിലൂടെ ടപരിചിതമായ തീയേറ്റർ ആർടിസ്റ്റ് പ്രകാശ് ബാരെ നായകൻ. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീനാ കന്തസ്വാമി നായികയും.. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട ഒരാൾപ്പൊക്കം പിന്നീട് ‘സിക്സ് ഫീറ്റ് ഹൈ’ എന്ന പേരിൽ ആംഗലേയത്തിലും.


അതിൽ നായിക നായകനോട് പറയുന്ന ഒരു സംഭാഷണമുണ്ട്.
“ഡോണ്ട് ഷൗട്ട് അറ്റ് മീ, ഐ ആം നോട് യുവർ വൈഫ്‌., “..
തേടിയിറങ്ങുക ആശ്വാസം പകരുമെങ്കിൽ … പ്രണയപൂർവ്വം അവൻ അവളുടെ കാതിലോതി
” നീയെന്നെ തിരയുക…
ഐ പ്രോമിസ്ഡ് യു നതിംഗ് ബട്ട്‌ ഐ ഗേവ് യു എവരിതിങ് …..”

വാസുദേവൻ. കെ. വി

By ivayana