വായിക്കുമ്പോൾ അച്ഛൻ പറഞ്ഞ് കേട്ട ചികിത്സാമുറകൾ ഒന്നൊഴിയാതെ ഓർമ്മ വരും. നാഢിചികിത്സയുടെ കൃത്യതയും മൃത്യുവെ എതിർ പാർത്ത വിസ്മയ മുഹൂർത്തങ്ങളുംമനസ്സിൽതെളിയും.പകർച്ചവ്യാധികൾ വിട്ടൊഴിയാത്ത ചേറ്റുവാ മണപ്പുറത്ത് ധാരാളം നാട്ടു വൈദ്യന്മാരുണ്ടായിരുന്നു. കൊച്ചി രാജാവിനെ ചികിത്സിച്ച് പാരിതോഷികങ്ങളുമായി തിരിച്ച് വന്ന കാക്കനാട്ടെ മാമ വൈദ്യരുടെ ഖ്യാതി നാടെങ്ങുംപരന്നിരുന്നു. ശ്രീനാരായണ ഗുരുവിന്റെ വിശ്വസ്തനായിരുന്നു മാമവൈദ്യർ. “മാമക്ക് വേണ്ടത് വേണ്ടപ്പോൾ തോന്നും..”
എന്ന് ഗുരു ആശീർവദിച്ച ചികിത്സകൻ.അചികിത്സ്യമായ മാറാവ്യാധികൾ വൈദ്യർ മരുന്ന് കൊണ്ട് ഭേദമാക്കി. അഭിഭാഷകനായ മഞ്ചേരി രാമയ്യർ മകളുടെ മുടി കൊഴിച്ചിലിന് പ്രതിവിധിതേടി എത്തിയത് പുളിക്കക്കടവിലെ മാമ വൈദ്യരുടെ വീട്ടിൽ.കോഴിക്കോട്ടെ രാമയ്യരുടെ വസതിയിൽ താമസിച്ച് വൈദ്യർ പെൺകിടാവിനെ ചികിത്സിച്ച് ഭേദമാക്കി.പ്രത്യുപകാരമായി പ്രതിഫലം പറ്റാതെ വൈദ്യരുടെ കേസുകൾ രാമയ്യർ വാദിച്ചു.

ശ്രീനാരായണ ഗുരുവിന്റെ സ്വന്തം വൈദ്യനും ശിഷ്യനുമായിരുന്ന ചോലയിൽ മാമി വൈദ്യരെക്കുറിച്ച് പറയുമ്പോൾ അച്ഛൻ അഭിമാനം കൊണ്ട് വിജ്രംഭിതനായി.
“അമ്മിയിൽ അരയാത്ത മരുന്നില്ല
മാമിയിൽ അറാത്ത ദീനമില്ല.. “
ഗുരുവിനാൽ പ്രശംസിക്കപ്പെട്ട മാമി വൈദ്യരുടെ സിദ്ധികൾ വിസ്തരിക്കുമ്പോഴാവണം, താഴ്ന്ന ജാതിയിൽപ്പെട്ട വൈദ്യന്മാർ അനുഭവിച്ച അവഹേളനങ്ങളെക്കുറിച്ച് അച്ഛൻ സൂചിപ്പിച്ചത്. ഈഴവനായ ഒരു മഹാ വൈദ്യന്റെ ഖ്യാതി നാടെങ്ങും വ്യാപിച്ചു. സവർണ്ണർക്ക് സഹിച്ചില്ല.അവർ അദ്ദേഹത്തെ ചികിത്സക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, അകത്തേക്ക് പ്രവേശനമില്ല. രോഗിയെ കാണാനവസരമില്ല. അശുദ്ധം.
ദൂരെ മാറിയിരുന്ന് രോഗത്തെ പഠിച്ച് ചികിത്സ നിർദ്ദേശിക്കണം. വൈദ്യൻ ആ വെല്ലുവിളി ഏറ്റെടുത്തു. കുറച്ച്
വാഴനാര് കൊണ്ട് വരുവാൻ അദ്ദേഹം കൽപ്പിച്ചു. രോഗിയുടെ കൈത്തണ്ടയിൽ ബന്ധിച്ച നാരിലൂടെ നാഡീസ്പന്ദമളന്നു. “മരവിച്ചിരിക്കുന്നല്ലോ..”
വൈദ്യൻ തന്റെ നിസ്സഹായത വെളിപ്പെടുത്തി.
ചതിപ്രയോഗത്തിനാണ് തന്നെ കൊണ്ടുവന്നതെന്നും അങ്ങനെ ഒരു രോഗി അവിടെയില്ലെന്നും ധന്വന്തരീദാസനായ വൈദ്യനറിഞ്ഞില്ല. നൂല് ബന്ധിച്ചത് ഏതോ മരക്കട്ടിലിന്റെ കാലിന്മേലായിരുന്നു..!
സവർണ്ണ പ്രമാണിമാർ വൈദ്യനോട് മാപ്പു പറഞ്ഞു.
അതിശയോക്തി ഉണ്ടാവാം. എന്നാലും, മഹാ വൈദ്യന്മാരുടെ നാടായിരുന്നു കേരളം എന്നതിൽ തർക്കമില്ല.അവരിൽ നല്ലൊരു പങ്ക് സമൂഹത്തിന്റെ താഴെക്കിടയിൽ നിന്നുള്ളവരായിരുന്നു. ചേറ്റവാ മണപ്പുറത്ത് തന്നെ കൈപ്പുണ്യമുള്ള എത്രയെത്ര വൈദ്യന്മാർ…

കിട്ടയ്യൻ, നീലാണ്ടയ്യൻ, മാമ വൈദ്യരുടെ മകൻ വേലായുധൻ വൈദ്യർ, കെ.സി.ആർ.വൈദ്യർ, കാഞ്ഞിരത്തറ കുട്ടാപ്പുപണിക്കർ, മായം വീട്ടിൽ മഹമ്മദുണ്ണി വൈദ്യർ, മൂലയിൽ കേശവ പണിക്കർ, തച്ചപ്പുള്ളി പാറൻ വൈദ്യർ, പി.ടി.വി.ദാമോദരൻ വൈദ്യർ, പള്ളിത്താഴത്ത് രാഘവൻ വൈദ്യർ, വടുക്കുഞ്ചേരി വേലപ്പൻ വൈദ്യർ, പി.വി.കൃഷ്ണൻ വൈദ്യർ, ചാളിപ്പാട്ട് രാമനുണ്ണി വൈദ്യർ, ഉണ്ണി വൈദ്യർ, ഉണ്ണി വൈദ്യരുടെ സഹോദരി അമ്മു വൈദ്യർ, കടവിൽ രാമൻ വൈദ്യർ… ഓർത്തെടുക്കേണ്ട പേരുകൾ ഇനിയും എത്രയോ. അച്ഛൻ കൈകാര്യം ചെയ്ത കഷായച്ചാർത്തുകളിലെ പേരുകളാണ്.

ബൗദ്ധ കാലഘട്ടത്തിന്റെ തുടർച്ചയായിരുന്നു കേരളത്തിലെ വൈദ്യ പരമ്പര.സമ്പന്നമായ ചികിത്സാ പാരമ്പര്യം ഉണ്ടായിരുന്നിട്ടും, മഹാ വൈദ്യന്മാരുടെ തലമുറകൾ കടന്ന് പോയിട്ടും, ‘ആരോഗ്യനികേതനം’ പോലെ മഹത്തായ ഒരു കൃതി നമുക്കുണ്ടായില്ല.

By ivayana