രചന : സഫി അലി താഹ ✍

സ്നേഹവും പരസ്പരവിശ്വാസവും കൊണ്ട് സമ്പന്നമായ കുടവൂർ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അവിടെയൊരു വീട്ടിൽ മാസപ്പിറവി കാണാൻ കാത്തിരിക്കുന്ന എന്നെയും അനിയത്തിയെയും ഓർക്കുമ്പോൾ ഇപ്പോഴും എന്നിലൊരു കുട്ടി ശേഷിച്ചിരിക്കുന്നു എന്ന് തോന്നും, അന്യംനിന്നുപോയ പല കാഴ്ചകളുടെയും അനുഭവങ്ങളുടെയും നഷ്ടബോധത്തിന്റെ വിങ്ങലുകൾ വേദനിപ്പിക്കും.


പള്ളിയിൽനിന്നും പെരുന്നാളിന്റെ അറിയിപ്പ് കിട്ടിയാൽ ഞങ്ങൾക്ക് പിന്നെ ഉത്സവമാണ്.പെരുന്നാൾ തലേന്ന് മറക്കാതെ ചെയ്യുന്ന ജോലിയാണ് അയല്പക്കത്തെ അസ്മ ഉമ്മയുടെ വീട്ടിൽനിന്നും മൈലാഞ്ചി പൊട്ടിച്ച് പാവാടത്തുമ്പിലിട്ട് കൊണ്ടുവന്ന് ഉമ്മച്ചിയെ ഏൽപ്പിക്കുക എന്നത്. പിന്നെ ഇടയ്ക്കിടെ അടുക്കളയിലേക്കെത്തി ഉമ്മയുടെ ജോലിയൊക്കെ തീർന്നോ എന്ന് സൂത്രത്തിൽ നോക്കും. മൈലാഞ്ചി അരച്ചുകിട്ടാനുള്ള ഓർമ്മപ്പെടുത്തലാണ് ആ എത്തിനോട്ടമെന്ന് ഉമ്മാക്കും അറിയാം.പണിയെല്ലാം ഒതുക്കി ഉമ്മ അരച്ചുതരുന്ന മൈലാഞ്ചി ഇട്ടശേഷം ആരുടെ കൈയ്യാണ് കൂടുതൽ ചുവക്കുന്നത് എന്ന് നോക്കി വീണ്ടുമിരിക്കും.

ഇന്നത് പല കമ്പനികൾ മത്സരിച്ച് കൃത്രിമ ചായങ്ങൾ കൂട്ടി ക്യൂബുകളിൽ നമ്മിലേക്കെത്തിക്കുന്നുണ്ട്,എന്നാൽ അമ്മിയിലരച്ചെടുക്കുന്ന ആ മൈലാഞ്ചിക്ക് ഉമ്മയുടെ സ്നേഹസ്പർശത്തിന്റെ ഗന്ധമായിരുന്നു,ഗൃഹാതുരത്വമുണർത്തുന്ന നാട്ടുമണമായിരുന്നു.


നാടിനൊപ്പം വീടും പുരോഗമിച്ചപ്പോൾ വേലിക്കൽ പൂത്തുക്കിടക്കുന്ന മൈലാഞ്ചിച്ചെടികൾ അപ്രത്യക്ഷമായി, അവിടെ കടലാസുപൂക്കൾ സ്ഥാനം പിടിച്ചു. ഇന്ന് ഖബറുകൾക്ക് മേൽ തഴച്ചുവളരുന്ന മൈലാഞ്ചിചെടികൾ മാത്രമാണ് കാണുന്നത്, ആ കാഴ്ച മുൻപെപ്പോഴോ എഴുതിയ വരികളുടെ ഓർമ്മയിലേക്ക് കൂട്ടികൊണ്ട് പോകും.
പരസ്പരം സ്നേഹമാവാഹിച്ചവർ സംരക്ഷിച്ച ഓർമ്മകളുടെ അടയാളമായാണത്രെ പള്ളിക്കാടുകളിൽ മൈലാഞ്ചി
നടുന്നത്,സ്നേഹത്തിന്റെ ഗന്ധം നിറച്ചാണത്രെ മൈലാഞ്ചിപ്പൂക്കുന്നത്,
മൗനവിലാപങ്ങളാണത്രേ
പൊട്ടുന്ന വിത്തുകളിൽ ഒളിപ്പിച്ചത്,


ഓർമ്മകൾ കൊണ്ടടയാളപ്പെട്ട ഹൃദയത്തിന്റെ നിറമാണത്ര
ഇലകളിൽ ചുവപ്പായി ഒളിപ്പിച്ചിരിക്കുന്നത്…..
അന്ന് വേലിക്കൊന്നകളുടെയും മൈലാഞ്ചിച്ചെടികളുടെയും വേലികളായിരുന്നു പലയിടത്തും.ഇന്ന് പല ഡിസൈനുകളിൽ മതിലുകൾ പൊട്ടിമുളച്ചു. അയല്പക്കത്തെ മതിലിനെക്കാൾ എന്തെങ്കിലും പുതുമകൾ കൊണ്ട് വരുന്നതിൽ മത്സരിച്ചു. വേലിക്കൽ നിന്നുള്ള പലഹാരകൈമാറ്റങ്ങളും കുശലാന്വേഷണങ്ങളും കുറഞ്ഞു.
മൈലാഞ്ചിയിടുന്നത് ഇന്ന് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.ക്യൂബ് മെഹന്ദികൾ ഉപയോഗിച്ചില്ലെന്ന് കരുതി ഓർമ്മകൾ മരിക്കാത്തിടത്തോളം മൈലാഞ്ചി ഗന്ധത്തിന് മങ്ങലൊന്നും ഏൽക്കില്ലല്ലോ!!അല്ലെങ്കിലും നഷ്ടങ്ങൾക്ക് പകരം വെയ്ക്കലുകൾ ഉണ്ടാകുമ്പോഴാണല്ലോ ഒരു പരിധിവരെ നമ്മിൽനിന്നും ഓർമ്മകൾ പടിയിറങ്ങി മറവി വിരുന്നുകാരനാകുന്നത് !


വിഭവ സമൃദ്ധമായ ആഹാരമാണ് പെരുന്നാളിനെ കുറിച്ചോർക്കുമ്പോൾ അന്നത്തെ കുട്ടികളുടെ മനസ്സിൽ ഓടിയെത്തുക. അങ്ങനെ നോക്കുമ്പോൾ ഇന്നൊക്കെ എന്നും പെരുന്നാൾ തന്നെയാണ്, ഇറച്ചിയും മീനും ബിരിയാണിയും, പലഹാരങ്ങളും ഇല്ലാത്ത ദിവസങ്ങൾ വിരളമാണല്ലോ. എന്നാൽ ഒരു ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് അതല്ല സ്ഥിതി.


പെരുന്നാൾ ദിവസം എത്തുന്നതിനും മുൻപ്തന്നെ തേങ്ങ അടർത്തി പൊതിച്ച് കൊപ്രയാക്കി ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന പെരുന്നാൾ പലഹാരങ്ങളുടെ ഗന്ധം ഇന്നുമെന്നിലേക്ക് ഓർമ്മകളുടെ കാറ്റ് കൊണ്ടെത്തിക്കുന്നുണ്ട്. ഇന്ന് പഴയകാല വിഭവങ്ങളെന്നും സ്വാദുള്ളതെന്നും പറഞ്ഞ് നമ്മിലേക്കെത്തുന്ന പലഹാരങ്ങൾക്ക് അന്നത്തെ തനത് ഗന്ധം അനുഭവപ്പെടാറില്ല.
പണിയെടുത്ത് വിയർത്തുകുളിച്ച് അടുക്കളമൂലയിലെ കസേരയിൽ ഇരിക്കുന്ന ഉമ്മയുടെ മുഖത്ത് തളർച്ചയുണ്ടാകാറില്ല.


അതെനിക്ക് അന്ന് അത്ഭുതമായിരുന്നു. എന്നാൽ വിഭവങ്ങളുടെ കൂട്ടുകൾക്കൊപ്പം സ്‌നേഹം ചാലിച്ച് തന്റെ മക്കൾക്ക് പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ ഉമ്മമാർക്ക് തളർച്ചയുണ്ടാകാറില്ലെന്ന് ഇന്നെനിക്കും മക്കളായപ്പോൾ മനസ്സിലാക്കാനായി. അന്നും ഇന്നും ഉമ്മയിൽനിന്നും പ്രസരിക്കുന്ന സ്‌നേഹത്തിന്റെ ഗന്ധം ഞാനും അനുഭവിക്കാറുണ്ട്.


പെരുന്നാൾ വസ്ത്രങ്ങൾ ഇട്ടുനോക്കാൻ കൊതിയോടെ കാത്തിരുന്ന സഹോദരിമാർക്ക് ഉപ്പയുടെ പെരുന്നാൾ ഉമ്മകൾ അടങ്ങിയ കത്ത് കിട്ടുന്നതോടെ വേറൊന്നും വേണ്ടെന്ന് പറഞ്ഞ് നിറയുന്ന കണ്ണുകൾ ഉമ്മ കാണാതിരിക്കാൻ ശ്രമിക്കുമായിരുന്നു. അന്ന് വർഷത്തിൽ രണ്ടോ മൂന്നോ വസ്ത്രങ്ങൾ കിട്ടുന്ന ഞങ്ങൾക്ക്, ഇന്ന് മാസത്തിൽ എത്ര കൂടിയ ഡ്രസ്സ്‌ കിട്ടിയാലും അതിൽ ഭംഗിയോ, കൗതുകമോ ഉണ്ടാകാറില്ല. കാരണം, അന്ന് ഉമ്മ നൽകുന്ന വസ്ത്രത്തിനുള്ള ഭംഗിക്ക് കാരണം ഉപ്പയുടെ വിയർപ്പുത്തുള്ളികളാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.ഉപ്പയുടെ
അസ്സാന്നിധ്യത്തിന്റെ വിലയായിരുന്നു ആ ഉടുപ്പുകൾക്ക്.അന്നും പെരുന്നാൾ വസ്ത്രങ്ങളുടെ കൊതിപ്പിക്കുന്ന പുതുഗന്ധമൊന്നും ഞങ്ങൾ ആസ്വദിച്ചിരുന്നില്ല,ഇന്നും ഞാനതനുഭവിക്കാറില്ല.


പെരുന്നാൾ പിറ കണ്ടുകഴിഞ്ഞ് എത്രയുറങ്ങിയാലും ആ രാത്രിക്ക് വല്ലാത്ത നീളമാണ്. സൂര്യന്റെ കുസൃതിയാണോ എന്നൊക്കെ അന്ന് തോന്നിയിരുന്നു. അതിരാവിലെ വീട്ടിലുള്ളവരെ പള്ളിയിലേക്ക് പറഞ്ഞ് വിടുന്ന തിരക്കിലായിരിക്കും എല്ലാവരും. എന്നാൽ ഉമ്മ മാത്രം നിസ്സംഗതയോടെ അടുക്കളയിൽ തിരക്കിട്ട പണിയിലാകും, അന്ന് ആ മനസ്സിനെ ഭരിച്ചത് എന്തെന്ന് തിരിച്ചറിയുവാൻ ഇന്ന് ഒരു പ്രവാസിയുടെ ഭാര്യയാകേണ്ടിവന്നു. അന്നവിടെ നീറിപ്പുകഞ്ഞത് വിരഹത്തിന്റെ ഗന്ധമാകും. പള്ളിയിലേക്ക് ഒരുക്കി പറഞ്ഞയക്കാൻ ഒരു മകനില്ലെന്ന അന്നത്തെ ആ നഷ്ടബോധമാകാം വൈകിക്കിട്ടിയ സഹോദരനിലൂടെ പടച്ചവൻ നിറവേറ്റി തന്നത്. ഇന്നെന്റെ മക്കളിലൂടെയും. അൽഹംദുലില്ലാഹ്.


പള്ളിയിലെ പെരുന്നാൾ നമസ്കാരം കഴിയുമ്പോൾ ഉമ്മച്ചി നാലഞ്ചു പാത്രങ്ങളിൽ നിറയെ പൊരിച്ചെടുത്ത പലഹാരങ്ങളും പത്തിരിയും ഇറച്ചിക്കറിയുമൊക്കെയായി ഞങ്ങളെ ഉപ്പയുടെ കൂട്ടുകാരുടെ വീട്ടിലേയ്ക്ക് പറഞ്ഞ് വിടും. പള്ളിയിൽ പോയ പുരുഷന്മാർ നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തി പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് ഉച്ചയ്ക്ക് കഴിക്കാനുള്ളതുണ്ടാക്കാനുള്ള തിരക്കിലേക്ക് സ്ത്രീകൾ ഊളിയിടുന്നത്. ഞങ്ങൾ കുട്ടികൾ കുടുംബത്തിലേക്കെത്തുന്ന ബന്ധുക്കൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. അവർ വരുമ്പോൾ കളിക്കാനുള്ള കളികളും, കഴിക്കാനുള്ള മാങ്ങയും നെല്ലിക്കയും പലഹാരങ്ങളും ഒക്കെ ഞങ്ങൾ കരുതിയിരിക്കും.


മൈലാഞ്ചി മണമുള്ള പഴയ കാലത്തിന്റെ നൊസ്റ്റാൾജിക് ഓർമ്മയിലേക്ക് തിരികെ പോകുവാൻ ആഗ്രഹിക്കുന്ന മനസ്സാണ് ഇന്നുമെനിക്ക്. അന്ന് അടുക്കള കലവറകളിൽ നിറഞ്ഞ് നിൽക്കുന്ന മായം കലരാത്ത കൊതിയൂറുന്ന ഭക്ഷണത്തിന്റെ നഷ്ടം ആധിയുടേം വ്യാധിയുടെയും ചുഴിയിലേക്ക് നമ്മെ എടുത്തെറിയുന്നു. സ്വാർത്ഥതയുടെ കാവലാളുകൾ ചുറ്റും നിന്ന് കൈകൊട്ടി ചിരിക്കുന്നു. വേദനയെ വ്യാപാരമാക്കുന്ന, കോർപറേറ്റ് കുത്തകകൾ അരങ്ങുവാഴുന്ന ആതുരാലയങ്ങൾ എങ്ങും മുളച്ചുപൊങ്ങുന്നു.അന്നത്തെ സമൂഹത്തിന് പരസ്പര സ്നേഹത്തിന്റെ ഹൃദ്യമായ ഗന്ധമായിരുന്നു.


ആഴത്തിലുള്ള സൗഹൃദത്തിന്റെ, വർഗ്ഗീയത അറിയാത്ത മനസ്സുകളുടെ സ്നേഹഗന്ധം നിറയുന്ന പെരുന്നാൾ രാവുകൾക്കായി പ്രാർത്ഥനയോടെ അതിലേറെ പ്രതീക്ഷയോടെ ലോക ജനങ്ങളോടൊപ്പം ഞാനും എന്റെ കുടുംബവും കാത്തിരിക്കുന്നു.
എല്ലാവർക്കും സ്നേഹവും കരുതലും നിറഞ്ഞ നാളെകൾ ആശംസിച്ചുകൊണ്ട്.

By ivayana