രചന : അഡ്വ അജ്‌മൽ റഹ്‌മാൻ ✍

മുപ്പതിലും
നോമ്പ് തീരാത്ത
മനുഷ്യരുണ്ടെന്ന്
ഉമ്മ പറഞ്ഞു;
രാവിലെയെന്നല്ല
അവര് ദിവസം
മുഴുക്കെ
പട്ടിണിയാണെന്നും…..
നോമ്പെറക്കാൻ
ഇന്നെന്താണ്
പൊരിക്കടിയില്ലാതെപോയതെന്ന്
ഉമ്മാട്
ചൊടിച്ചിരിക്കുമ്പോള്‍
ഉമ്മയിത് പറഞ്
കുഞ്ഞിന്റെ
പാത്രം നിറച്ചൊരു-
തവി ചോറു വിളമ്പി!
മുപ്പത്
നോമ്പ് നോൽക്കുന്നവനെ
പടച്ചോനൊത്തിരി
ഇഷ്ടമാണെന്ന്
ഉസ്താദ്
പറഞ്ഞതോർത്ത്
എന്നുമെന്നും
നോമ്പ് നോക്കുന്നവരെ
കുഞ്
വെറുതെയോർത്തുവെച്ചു !
നോമ്പായാൽ
മാത്രം
പള്ളിയിൽ വരുന്നവരെന്ന്
മുപ്പത്
നോമ്പുമാത്രമുള്ളവർ
കളിയാക്കി
ചിരിക്കുമ്പോൾ,
ദിനേന നോമ്പുള്ളവരെ
അറിയുന്ന
ചിലരുമാത്രമവരെ
കണക്കിന് പറഞ്ഞു,
ഏത് നെറമുള്ള
ഉടുപ്പ് വേണം
പെരുന്നാളിനിടാനെന്ന്
കുഞ്ഞുങ്ങൾ
കുഴപ്പത്തിലായിരിക്കെ,
കീറിയൊരുടുപ്പ്
തുന്നിക്കൂട്ടി
പെരുന്നാളിന്
പള്ളിയിൽ പോകുന്ന
കുഞ്ഞുങ്ങളുണ്ടെന്ന്
ഉമ്മ ചേർത്തുവെച്ചു !
കിട്ടാതെപോയ
ഒന്നിലും
ദുഃഖം വേണ്ടതില്ലെന്ന്,
അത് പോലും
തെല്ലനുഭവിക്കാത്ത
മനുഷ്യരുണ്ടെന്ന്
ഏത് വ്യസനത്തിലും
ചിരി വിടാത്ത
ജന്മങ്ങളുണ്ടെന്ന്
കുഞ്ഞിനെയുമ്മ
ഓർമിപ്പിച്ചു …..
മനുഷ്യരേ…
മുപ്പതിലും നോമ്പ്
തീരാത്തെത്ര,
പേരുണ്ടെന്നോ….!!

അഡ്വ അജ്‌മൽ റഹ്‌മാൻ

By ivayana