രചന : വാസുദേവൻ. കെ. വി ✍
“വൃത്തവും താളവും അലങ്കാരവുമില്ലാതെയും കവിത എഴുതാം പക്ഷേ ഭാവനാനിഷ്ഠമായിരിക്കണം. ബിംബാവലികളിലൂടെ, പ്രതീകങ്ങളിലൂടെ, പ്രതിരൂപങ്ങളിലൂടെ കാര്യം പറയുന്നതാണ് കവിതയുടെ ഭംഗി.കവിതയിൽ ആശയങ്ങളും ചിന്തകളും പറയാറുണ്ട്. ആശയങ്ങൾ അതു പോലെ എഴുതിവച്ചാൽ അത് കവിത ആകണമെന്നില്ല. “
എം എൻ കാരശ്ശേരിയുടെ കവിതാ വീക്ഷണം ഇങ്ങനെ. സമൂഹമാധ്യമങ്ങളിലെ ലൈക്കും ഷെയറും കമന്റുമല്ല നല്ല കവിതയുടെ മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
“അനർഗളമായ വികാരവിക്ഷോഭ ങ്ങളുടെ കുത്തൊഴുക്കാണ് കവിത”യെന്ന് വേഡ്‌സ് വെർത്തും .
“വികാരതീക്ഷ്ണതകൾ ചേർത്തേടുത്ത് വാക്കുകൾ കൊണ്ടുള്ള താളത്മക സൃഷ്ടി ” യാണെന്ന് അല്ലെൻപോ യും നിർവ്വചിക്കുന്നു.,
ആർക്കും എഴുതാനാവുന്നു കവിത എന്നത് തന്നെയാണ് നവമാധ്യമ നാളുകളിലെ സൗഭാഗ്യം. കാക്ക മലർന്നു പറക്കുന്ന ചിത്രമിട്ട് ആറുവരി കവിതാമത്സരം. അനായാസേന പടച്ചുവിടുന്നവരുടെ സൃഷ്ടികൾ കണ്ടാൽ മഹാകവിത്രയ ആത്‍മാക്കൾ വരെ അതിശയപ്പെട്ടുപോകും.
കവിതയെന്തെന്ന് ഗ്രാഹ്യമില്ലാത്തവരുടെ വാഴ്ത്തിപ്പാടലുകൾ മുതുകുമാന്തലുകളായി വിടരുമ്പോൾ എല്ലാവർക്കും സന്തോഷം. വള്ളിപുള്ളി തിരുത്തപ്പെടാതെ അതൊക്കെ പുസ്തകരൂപത്തിലാക്കി കവിപ്പട്ടവും. കഴുകൻ കണ്ണുകളോടെ പ്രസാധക കച്ചവടക്കാർ പെൺ നാമങ്ങളിൽ. പണം ചിലവിട്ടു വാങ്ങുന്ന പൊങ്ങച്ചപുരസ്കാരങ്ങൾ കണ്ട് അന്തം വിട്ടിരിക്കുന്ന മലയാളി വായനക്കാർ ഇന്ന്.
ഉമാകേരളം എഴുതാനെടുത്ത നാളുകളുടെ ഇരട്ടിസമയം വേണ്ടിവന്നു അതൊന്ന് സ്വയം വായിച്ചു മിനുക്കിയെടുക്കാൻ മഹാകവിക്കെന്ന് ചരിത്രസാക്ഷ്യം.
വ്യക്തിപരമായ അബദ്ധങ്ങൾ കൊണ്ട്, വികലമായ ചിന്താധാരകൾ കൊണ്ട്,
സൃഷ്ടിക്കപ്പെടുന്ന നമ്മുടെ മാനസിക സംഘർഷങ്ങൾ. അതിന്റെ അയവുതേടലാണ് പൊതു ഇടങ്ങളിലെ എഴുത്തുകൾ എന്നൊരു മുടന്തൻ ന്യായം കാണാനാവുന്നു ഇന്ന്. അബദ്ധങ്ങൾ തിരിച്ചറിഞ്ഞു തിരുത്തുക. വിട്ടുവീഴ്ചകൾ അനിവാര്യമെങ്കിൽ ഉൾക്കൊള്ളുക അങ്ങനെ രോഗം മാറ്റുക. അല്ലാതെ അലക്ഷ്യമായി എഴുതിയിടാനുള്ളതല്ല പൊതു ഇടങ്ങൾ. കവിത കുറിക്കാനാണ് ഇരിക്കുന്നതെന്ന ഉത്തമബോധ്യത്തോടെയാവട്ടെ ഓരോ സൃഷ്ടിപ്പിറവികളും.
ടൈപ്പ് ചെയ്തയുടൻ അത് അപ്‌ലോഡ് ചെയ്യാൻ തിടുക്കം കൂട്ടുന്നവർ നമ്മൾ.
വായിച്ചു നോക്കി അപാകങ്ങളൊക്കെ തിരുത്തി ഉചിതമായ അലങ്കാരപ്രയോഗങ്ങൾ ചേർത്തിട്ടാവട്ടെ ഇനി. ചെറിയ പിശകുകൾ വരുത്തുന്ന അഭംഗി എഴുത്തഴകിന്റെ മാറ്റുകുറയ്ക്കാൻ ഇട വരുത്താതിരിക്കട്ടെ.
നിസ്സാര വിലവരുന്ന ഒരു സ്ക്രു 800 ലക്ഷം ഡോളര്‍ ചെലവുള്ള കാലാവസ്ഥ ഉപഗ്രഹത്തെ ചലനരഹിത മാക്കിയ കഥ. അമേരിക്കയുടെ NOAA-13 എന്ന ഉപഗ്രഹത്തിനാണ് ദുർഗതി.പേരും പ്രശസ്തിയുമുള്ള നാഷണൽ ഓഷ്യാനിക് ആൻഡ് അറട്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്റെതായിരുന്നു ഉപഗ്രഹം.
1993 ആഗസ്റ്റ് 9 ആയിരുന്നു വാൻഡർബെർഗ് എയർ സ്പേസിൽ നിന്നും അറ്റ്ലസ് ഇ ലോഞ്ച് വെഹിക്കിൾ വഴി ഈ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. അന്തരീക്ഷ താപനില പഠിക്കുകയായിരുന്നു ഉപഗ്രഹലക്ഷ്യം . അമേരിക്കയുടെ മാത്രം അല്ല ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഉപകരണങ്ങള്‍ കൂടി ഉപഗ്രഹത്തില്‍ ഉണ്ടായിരുന്നു. ഉപഗ്രഹത്തിന്റെ സൌരോർജ്ജപാനല്‍ വൈദ്യുതി നിർമ്മിച്ചുനല്കുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ ഉപഗ്രഹത്തിന്റെ ബാറ്ററി ചാർജ്ജ് ചെയ്യാന്‍ കഴിഞ്ഞില്ല. ബാറ്ററിപവർ ശോഷിച്ചതോടെ ഉപകരണങ്ങൾ പ്രവർ ത്തനരഹിതമായി. 12 ദിവസങ്ങള്‍ മാത്രം പ്രവർത്തിച്ച ഉപഗ്രഹം കടലിനെ ചുംബിച്ചു.
പരാജയ കാരണങ്ങള്‍ കണ്ടെത്താന്‍ ഒരു വിധഗ്ദ്ധസമിതിയെ നിയോഗിച്ചു. അവരാണ് പ്രതി ഒരു കുഞ്ഞന്‍ സ്ക്രു ആണെന്ന് കണ്ടുപിടിച്ചത്. 30 mm മാത്രം നീളമുള്ള ഒരു സ്ക്രു. . അതിനിത്തിരി നീളം കൂടിപോയി. അത് വൈദ്യുത ലൈൻ ഇൻസുലേഷന്‍ തുളച്ച് ഷോര്ട്ട് സർക്യൂട്ട് ഉണ്ടാക്കി.
നിർമ്മിത ഭാഗങ്ങള്‍ വേണ്ടവിധം പരിശോധിച്ച് ഉറപ്പുവരുത്താതെയുണ്ടായ ദുരന്തം . .
സമാനമാതൃകയിലുള്ള മറ്റൊരു ഉപഗ്രഹത്തിലെ സ്ക്രൂകളൊക്കെ പരിശോധിച്ച് 1994 ഡിസംബര്‍ 4 ൽ വിക്ഷേപിച്ചു. ആഗോള താപന കണക്കുകൾ പഠിക്കാൻ ശാസ്ത്രലോകത്തിനു ഏറെ ഉപകാരപ്രദമായി അതിന്റെ വിജയം.
അലക്ഷ്യമായുണ്ടാകാവുന്ന അബദ്ധങ്ങൾ സ്വാഭാവികം. ഒരു പരിശോധന കൊണ്ട് തീർക്കാനാവുന്നു അതൊക്കെ. കവിതയിലും അനുവർത്തിക്കാവുന്നതാണത്.
ചിന്തകൾക്ക് തീച്ചൂടേറുമ്പുമ്പോൾ അക്ഷരരൂപം കൊള്ളുന്നതാണ് കവിത.
അതിനൊരു രൂപഭംഗി നല്ലതു തന്നെ.