രചന : Shangal G.T✍

പതിനാറു് ബോഗികളുള്ള ഒരു
പ്രണയകവിതയില്‍
ഏതിലാണ് കാമുകിയെന്നു പറയാനാവില്ല…
ഉപമകള്‍ക്കുനടുവില്‍
രൂപകങ്ങളാല്‍ ചുറ്റപ്പെട്ട്
തോഴിമാരോടൊപ്പം അവള്‍ മിന്നിയും തെളിഞ്ഞും
വാക്കുകളിലൂടെ ഉലാത്തുകയാവും….
ഓര്‍മ്മകള്‍ക്കൊണ്ട്
അവള്‍ എന്തൊക്കെയൊ എഴുതുകയും
മായ്ക്കുകയുംചെയ്യുമ്പോള്‍
തുരുതുരാ നിലാവ്
തെളിയുകയും കെടുകയും ചെയ്യുന്നുണ്ടാവും…..
ഒരു രൂപകത്തിലും കൊള്ളാതെ
അവളുടെ മുടിയിഴകള്‍ പുറത്തേക്ക് പാറിക്കിടക്കും…
അവയെ ഒന്നൊതുക്കിവയ്ക്കാന്‍പോലും കൂട്ടാക്കാതെ
വാക്കുകള്‍പോലും
അവളുടെ ആ പെയ്ത്തിലും ഈ പെയ്ത്തിനും
നനഞ്ഞുനില്‍ക്കും…
നനഞ്ഞ വാക്കുകളിലേക്ക് അഗ്നി പടര്‍ന്ന്
ബോഗികളെല്ലാം ഒരുതരം മിന്നാമിന്നി പ്രകാശത്തില്‍
തെളിഞ്ഞുകത്തും…
ചില ഹെയര്‍പ്പിന്‍ വളവുകളില്‍
അത് അത്തരം തെളിച്ചംകൊണ്ട് പ്രണയത്തിന്റെ
ആര്‍ച്ചുകള്‍ വരച്ചുപോകും…
പല ബോഗികളിലും
വാക്കുകള്‍ കവിതയില്‍നിന്നും
കൈകൊട്ടിപ്പാട്ടുകളിലേക്ക്
കത്തിപ്പടര്‍ന്നിരിക്കും…
ഒരു സ്റ്റേഷനിലും നിര്‍ത്താതെ
ഒരിടത്തുനിന്നും ആളെകയറ്റാതെ
സ്വയം പൂര്‍ണ്ണമായ ഒരു സമവാക്യംപോലെ
വായനയുടെ
ഒറ്റപ്പാളത്തിലൂടെ
വായനക്കാരിലേക്കത്
നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കും….

Shangal G.T

By ivayana