രചന : മംഗളാനന്ദൻ✍

അംബരക്കോണിലെങ്ങാ-
നൊളിച്ചു കളിക്കുന്ന
അമ്പിളിക്കലതരാ-
മെന്നൊരു വാഗ്ദാനത്തിൽ
അമ്മതൻ മടിത്തട്ടി-
ലിരുന്നു മാമുണ്ടൊരു
നന്മതൻ ഗതകാല-
മോർമ്മയിൽ വരുന്നില്ല.
എരിയുമടുപ്പിന്റെ
ചാരത്തു ചൂടാറാത്ത
കരുതൽ പോലെ പ്രാതൽ
കിട്ടിയ ചെറുബാല്യം,
അറിയാമതിൻ സ്വാദു,
കയ്പുനീർ കുടിച്ചിട്ടും
മറക്കാനാവാതെന്റെ
നാവുമേലിരിക്കുന്നു.
പട്ടിണിപ്പാവങ്ങൾക്ക-
ന്നൊരുനേരമാണന്നം
കിട്ടുക,യതിനന്തി-
ക്കെത്തണമരിയെന്നും.
ഒഴിഞ്ഞ വയറിന്റെ-
യയഞ്ഞ താളം കേട്ടു
കുഴിഞ്ഞ മിഴികളിൽ
വറുതി കുടിപാർത്ത,
ഒരു കർക്കടകത്തിൽ
മഴയത്തോടിക്കേറി
മരണം വന്നെൻ വീട്ടി-
ലച്ഛനെ കൂട്ടിപ്പോയി.
പിന്നീടു പള്ളിക്കൂടം
കൈവിട്ട കിടാത്തന്റെ
മുന്നിലങ്ങനെ നീണ്ടു
ജീവിതം കിടക്കുന്നു!.

(മംഗളാനന്ദൻ).

By ivayana