രചന : ഷാജു. കെ. കടമേരി ✍
പ്രണയമഴയിൽ
നമ്മളൊന്നിച്ച്
നടക്കാനിറങ്ങുമ്പോൾ
എത്ര മനോഹരമായാണ്
നമ്മൾക്കിടയിൽ വാക്കുകൾ
പെയ്തിറങ്ങുന്നത്.
അകലങ്ങളിൽ
നമ്മളൊറ്റയ്ക്കിരുന്ന്
ഒറ്റ മനസ്സായ് പൂക്കുമ്പോഴും
മഴ കെട്ടിപ്പിടിക്കുന്ന
പാതിരകളിൽ
ഇടിയും , മിന്നലും , കാറ്റും
നിന്നെക്കുറിച്ചെന്നോട്
കവിത ചോദിക്കാറുണ്ട്.
വേനൽചിറകുകളിൽ
ഉമ്മ വച്ചെത്തുന്ന മഴ പോലെ
കടലോളം , ആകാശത്തോളം
മിഴിവാർന്നൊരു
പ്രണയപുസ്തകം
എനിക്ക് മുമ്പിൽ നീ
തുറന്ന് വയ്ക്കുന്നു .
അടർന്ന് വീഴുന്ന
ദുരിതചിത്രങ്ങളുടെ
കാണാപ്പുറങ്ങളിൽ
ഉമ്മ വച്ചുണരുന്ന
തീക്കൊടുങ്കാറ്റിനെ
കൈക്കുടന്നയിൽ
കോരിയെടുത്ത്
അഗ്നിനക്ഷത്രങ്ങൾ
കടലാഴങ്ങളിൽ കവിത
കൊത്തുമ്പോൾ
വേട്ടനായകൾക്കിടയിൽ നിന്നും
ചവിട്ടിക്കുതിച്ചുയർന്ന വാക്കുകൾ
നമുക്ക് കാവലാകുന്നു.
വെയിലുറങ്ങുന്ന
മരക്കൂട്ടത്തിനിടയിൽ
മുഖത്തോട് മുഖം നോക്കി
നമ്മളൊന്നിച്ച് പെയ്യുമ്പോൾ.
അറിയാതെ വിതുമ്പിപോയ
നിന്റെ കണ്ണുകളിലെ
അനാഥത്വത്തെ
എന്റേതെന്നടിവരയിട്ട് ഞാൻ
സ്വന്തമാക്കുമ്പോൾ
നിന്റെ കണ്ണിൽ വിരിഞ്ഞ
സൂര്യനും , ചന്ദ്രനും , നക്ഷത്രങ്ങളും
ഭൂമിയിൽ പ്രണയവസന്തം
വിരിയിക്കുന്നു
മതിൽക്കെട്ടുകൾ
തല്ലിതകർത്ത് കവിതയപ്പോൾ
സമത്വം പ്രഖ്യാപിച്ചു……..