രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ)✍

ആകാശം ഉരുകിയൊലിച്ചു
പുറം വെന്തു കായുമ്പോൾ
അച്ഛനാണെന്ന് ഉള്ളുരുകി
ഒലിക്കരുതെന്ന് അകം പറയും..
പൊട്ടുന്ന കുമിളയാണെന്ന്
വാക്കും ചിരിയും ഒടിച്ച്
അടുക്കിവയ്ക്കും…
പുഴയായ പുഴയെല്ലാം
അച്ഛന്റെ വേർപ്പാണെന്നും…
കടലിലെത്തിയാലേ ഉപ്പൂറി
വരത്തൊള്ളെന്നും കടലായ
കടലും പുഴയായ പുഴയും
കണ്ണിലേറ്റുന്ന അമ്മ പറയും..
വാക്കുടച്ചു ചിരിയറുത്ത്
വരുന്നൊരുത്തന്റെ
കൈയിലെ, കാലിലെ
തഴമ്പേറ്റ് കരുവാളിച്ച മുറ്റം
“ഓ ന്റെ മക്കളേന്ന് “…..
തണല് വിരിക്കും..
അച്ചക്കെന്താ ചിരിച്ചാൽന്ന്
ഉമ്മറത്തെ കളിവണ്ടി ഞരങ്ങും
ഒറ്റമധുരത്തിൽ വണ്ടി
പിന്നെയുമോടും…
വണ്ടിയുരുണ്ടുരുണ്ട്
പോകുമ്പോ…
അച്ഛനൊരു കുടയാകും..
വെയില് മറയ്ക്കണ
മഴയെത്തടുക്കണ
വളഞ്ഞ കാലുള്ള കുട….

സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ)

By ivayana