രചന : ജോളി ഷാജി✍

അവൻ അവളുടെ
മുടിയിഴകളിൽ
തഴുകി അവളുടെ
ചെവിയോരം തന്റെ
കാതുകൾ
ചേർത്തുവെച്ച് മെല്ലെ
ചോദിച്ചു..
“നിനക്കെന്റെ മക്കളെ പ്രസവിച്ച്, എനിക്ക് വെച്ചു വിളമ്പി, എന്റെ വികാരത്തെ ശമിപ്പിക്കുന്ന ഭാര്യ ആവണോ…അതോ എന്റെ പ്രണയിനി ആയി ജീവിച്ചാൽ മതിയോ…”
അവൾ അയാളുടെ കണ്ണുകളിലേക്ക് പ്രണയപരവശയായി നോക്കി കൊണ്ട് പറഞ്ഞു..
“മരണം വന്നു വിളിക്കും വരെ എനിക്ക് അങ്ങയുടെ പ്രണയിനി മാത്രമായി ഇരുന്നാൽ മതി…”
അയാൾ അവളുടെ താടിയിൽ പിടിച്ചുയർത്തി ചോദിച്ചു..
“എന്തെ അങ്ങനെ ഒരു തോന്നൽ… ഭാര്യ ആയിരുന്നാൽ നീയെനിക്കും ഞാൻ നിനക്കും എന്നും എപ്പോഴും സ്വന്തമായിരിക്കില്ലേ… ഇടക്കുള്ള ഈ കൂടിക്കാഴ്ചയേക്കാൾ എന്നും കൂടേ ഉണ്ടാവുകയല്ലേ നല്ലത്…”
“വേണ്ട.. ഈ ഇടക്കുള്ള സ്നേഹം, ഈ കരുതൽ, കാണാനുള്ള ഈ ആഗ്രഹം, കണ്ടു കഴിഞ്ഞുള്ള ഈ ആവേശം ഒന്നും വിവാഹജീവിതത്തിൽ ഉണ്ടാവില്ല… “
“വിവാഹത്തിലൂടെ അല്ലെ പെണ്ണെ സ്വാതന്ത്ര്യം കിട്ടുക എല്ലാത്തിലും..”
“എടോ മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചു കൊണ്ട് മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും മറന്നു കൊണ്ട് വേണമെങ്കിൽ നമുക്ക് ഒന്നാകാം… കുറച്ചു നാൾ ജീവിച്ചു കടങ്ങളും, കടമകളും അധികരിക്കുമ്പോൾ കുറ്റപ്പെടുത്തലുകളും പരാതികളും പരിഭവങ്ങളും മാത്രമായി മാറും ജീവിതത്തിൽ… സ്നേഹം എവിടോ മരിച്ചും വീഴും… അപ്പോൾ ആണ് നമ്മെ സ്നേഹിക്കുന്ന ഒരിടം തേടി പോവുക…ആ ഒരാളായി ഇരിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്…”
“അപ്പോൾ ഒരു ലൈഫ്… നിനക്കും എനിക്കും വേണ്ടേ…”
“വേണം മാതാപിതാക്കളുടെ ഇഷ്ടങ്ങൾ നിറവേറ്റാൻ സമൂഹത്തിന്റെ കണ്ണിൽ നല്ല പിള്ള ചമയാൻ… മതവും ജാതിയും അനുസരിച്ചു ജീവിക്കാൻ നമ്മൾ രണ്ടായി മാറുന്നു… പക്ഷേ മനസ്സുകൾ എന്നും ഇങ്ങനെ തന്നെ തുടരും…”
“ഞാൻ വിവാഹം കഴിക്കുന്ന കുട്ടി എന്നെ ആവോളം സ്നേഹിക്കുന്നു എങ്കിലോ… നിന്റെ ഭർത്താവ് എന്നേക്കാൾ നിന്നെ മനസ്സിലാക്കുന്ന വ്യക്തി ആണെങ്കിലോ..”
“എങ്കിൽ നമ്മൾ ആണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത പ്രണയിച്ചു പിരിഞ്ഞവർ എന്ന് സന്തോഷിക്കുക…”
അവൾ പൊട്ടിച്ചിരിച്ചു.. അയാളും…
അവർ രണ്ടു വഴിക്കു തിരിഞ്ഞു നടന്നു… കുറച്ചു ചെന്നു പിന്തിരിഞ്ഞു നോക്കി…
കൈ ഉയർത്തി വീശി അവർ തങ്ങളുടെ ജീവിതത്തിലേക്ക് നടന്നു കയറി…
വർഷങ്ങൾ ഒത്തിരി ഓടി…. അവരുടെ ജീവിതത്തിൽ ഋതുക്കൾ മാറി മാറി വന്നു… സ്വന്തം എന്ന കൂട് കൂട്ടി അതിലേക്കു കുടിയേറി പാർത്തവർ എപ്പോളൊക്കെയോ ഓർമ്മകളിൽ ഇന്നലകളെ തിരഞ്ഞു… പിന്നെയും പിന്നെയും ഓർമ്മകൾ കുന്നു കൂടി വന്നു തുടങ്ങിയപ്പോൾ… ആദ്യ ഓർമ്മകൾക്ക് മങ്ങലേറ്റ് കഴിഞ്ഞിരുന്നു…

ജോളി ഷാജി.

By ivayana