രചന : ഷബ്‌ന ഷംസു ✍

അന്നവൾക്ക് ഇരുപത്തി ആറ് വയസായിരുന്നു പ്രായം..
കൊലുന്നനെ മെലിഞ്ഞ്,
നീണ്ട് ഇടതൂർന്ന മുടിയുള്ള,
പാവാടയും ബ്ലൗസും ഹാഫ് സാരിയും മാത്രം ധരിക്കാറുള്ള,
ഇളം തവിട്ട് നിറമുള്ള ഒരു സുന്ദരിപ്പെണ്ണ്.
അതിശയങ്ങൾ ഒളിപ്പിച്ച പോലെയാണ് അവളുടെ പാതി വിടർന്ന കണ്ണുകൾക്ക്,
നെറ്റിയിൽ നീളത്തിൽ ചാർത്തിയ ചന്ദനത്തിന്റെ സുഗന്ധമാണ് അവളുടെ ശരീരത്തിന്..
വർഷങ്ങൾക്ക് മുമ്പ് ദിവസവും പോവാറുള്ള ഒന്നര മണിക്കൂർ യാത്രയിലാണ് ഞാനവളെ കണ്ട് മുട്ടിയത്.


ബസിൽ മിക്കവാറും ഒരു സീറ്റിലായിരിക്കും,
പലപ്പോഴും ഞാൻ മനഃപൂർവം തന്നെ അവളോടൊപ്പമിരിക്കും.
പുറത്തെ കാഴ്ചകളിലാണ് ഞങ്ങളുടെ ശ്രദ്ധ മുഴുവനും…
വലിയ തേക്കിൻ കാടും മുളങ്കൂട്ടങ്ങളും കഴിഞ്ഞ്, മിക്കപ്പോഴും കാണാറുള്ള അരിക്കൊമ്പനെയും കണ്ട്, സുന്ദരമായ വഴിക്കാഴ്ചകളെ കുറിച്ചോർക്കുമ്പോൾ നേർത്ത ചന്ദനത്തിന്റെ മണമാണ്..


മഴക്കാലം തുടങ്ങി ബസിന്റെ ഷട്ടറിട്ട് തുടങ്ങിയ സമയത്താണ് ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയത്..
അവളൊരു പോസ്റ്റോഫീസിലാണ് ജോലി ചെയ്യുന്നത്.
പേര് ശാന്തിനി..
അമ്മയ്ക്കും അച്ഛനും ഒറ്റമോൾ,
ഡിഗ്രി കഴിഞ്ഞ ഉടനെ സർക്കാർ ജോലി കിട്ടി.
വായിക്കാനും എഴുതാനും ഒരുപാടിഷ്ടമാണ്..
ലളിതമായി ജീവിച്ച്,
അധികമാരോടും സംസാരിക്കാതെ,
ചുറ്റിലും ഒരുപാട് മനുഷ്യരില്ലാതെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് മൂങ്ങാംകുഴിയിടാൻ തോന്നുന്ന,


ഒറ്റയാവാൻ തോന്നുന്ന, ഏകാന്തതയെ പ്രണയിക്കുന്ന ഒരു പ്രത്യേക തരം പ്രകൃതം.
ആ മഴക്കാലം തീരും മുന്നേ അവളുടെ ഏറ്റവും പ്രിയപ്പെട്ടവളാവാൻ എനിക്ക് കഴിഞ്ഞു.
വളരെ പതിഞ്ഞ ശബ്ദത്തിലാണ് ശാന്തിനി സംസാരിക്കുക. ചിരിക്കുമ്പോ രണ്ട് കൈ കൊണ്ടും വായ പൊത്തിപ്പിടിക്കും.
ഞാൻ ഇല്ലാത്ത ദിവസങ്ങളിൽ അടച്ച് വെച്ച കുപ്പി പോലെയായിരിക്കും ശാന്തിനിയുടെ ചുണ്ടുകൾ..
വെറുതെ പോലും അതൊന്ന് തുറക്കില്ല,
ആരോടും ചിരിക്കില്ല,
ഒന്നും മിണ്ടില്ല..


അന്നൊരിക്കൽ ആനയെ വഴിയരികിൽ കാണാത്ത ഒരു ദിവസം…
“അരിക്കൊമ്പൻ ഇന്ന് ഇണയെ തേടി പോയതായിരിക്കും “
എന്റെ കൈയിലെ മൈലാഞ്ചിക്ക് നല്ല ചുവപ്പുണ്ടെന്ന് പറഞ്ഞ അതേ സമയത്താണ് അവൾ അതും പറഞ്ഞത്..
“നിന്നോട് പറഞ്ഞോ പോവുമ്പോ?”
ഞാനവളെ കളിയാക്കുന്ന പോലെയാണ് ചോദിച്ചത്.
“അതല്ലടീ, സ്നേഹമുള്ളവർ സ്നേഹമുള്ളിടത്തേക്ക് പൊയ്ക്കൊണ്ടിരിക്കും. അല്ലാത്തവർ സ്നേഹത്തിന് വേണ്ടി കാത്ത് നിൽക്കും..”
“ആവോ, എനിക്കറിയില്ല. സ്നേഹത്തിന്റെ ഭാഷയ്ക്ക് എനിക്ക് എന്നും ഒരർത്ഥമേയുള്ളൂ, എന്റേതായാൽ എന്നും എന്റേതാണെന്നുള്ള ഉറപ്പിന്റെ ഭാഷ..”
“നിനക്കത് പറയാം, പക്ഷേ മനുഷ്യൻ ഏറ്റവും കൂടുതൽ നിസ്സഹായനാവുന്നത് എപ്പോഴാണ് എന്നറിയാമോ?”


“അറിയാം… തിരക്കുള്ള ബസിൽ നിന്ന് കൊണ്ട് യാത്ര ചെയ്യുമ്പോ പുറം ചൊറിയാൻ തോന്നുന്നതാണ് ഏറ്റവും വലിയ നിസ്സഹായത. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ വലിയ ആനന്ദം ഈ ലോകത്ത് വേറെയില്ലാ എന്നാണ് ബഷീർ വരെ പറഞ്ഞിട്ടുള്ളത്.
അല്ല പെണ്ണേ, സത്യത്തിൽ നിനക്കെന്താ പറ്റിയേ?
ഇങ്ങനൊന്നും മുമ്പ് സംസാരിച്ചിട്ടില്ലാലോ?”
അവളുടെ കണ്ണില് മനസ് കലങ്ങിയതിന്റെ അടയാളമുണ്ടെന്ന് തോന്നിയിട്ടാണ് ഞാൻ തമാശയായി അങ്ങനെ മറുപടി പറഞ്ഞത്…
“ഒരു മനുഷ്യൻ നിസ്സഹായനാവുന്നത് എപ്പോഴാണെന്നോ? അർഹതയില്ലാത്ത സ്നേഹത്തെ വിട്ട് കളയണമെന്ന് തോന്നുമ്പോൾ. സ്നേഹത്തിന്റെ മാന്ത്രികതയിൽ സ്വയം ചുറ്റി വരിയപ്പെടുമ്പോൾ.


ചില തേങ്ങലുകളെ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുമ്പോൾ..”
എനിക്കൊന്നും മനസിലായില്ലെങ്കിലും പിറു പിറുത്ത മഴ പോലെ അവള് പിന്നെയും പിന്നെയും പറഞ്ഞ് കൊണ്ടേയിരുന്നു.
തവിട് കളയാത്ത ചുവന്ന കുത്തരി കൊണ്ട് ഉമ്മ ഉണ്ടാക്കിയ തേങ്ങാക്കൊത്ത് ഇട്ട ഉണ്ണിയപ്പവും കൊണ്ടാണ് അടുത്ത ദിവസം ഞാൻ ബസ് കയറിയത്… ശാന്തിനിക്ക് കൊടുക്കാൻ വേണ്ടി മാത്രമാണ് അത് പൊതിഞ്ഞ് എടുത്തത്.
പക്ഷേ അന്ന് അവൾ ബസിൽ ഉണ്ടായിരുന്നില്ല. ഒരുമിച്ച് ഇരിക്കാറുള്ള സീറ്റിൽ എനിക്ക് വല്ലാത്ത ഏകാന്തത തോന്നി,
സ്നേഹത്തെ കുറിച്ച് വാതോരാതെ പറഞ്ഞതല്ലാതെ ഇന്ന് വരില്ല എന്ന ഒരു സൂചനയും ശാന്തിനി തന്നില്ലായിരുന്നു,
ഉള്ളിൽ എവിടെയോ ഒരു പേടി തോന്നി.


കൈയിൽ ഇരുന്ന ഉണ്ണിയപ്പത്തിന്, മഴയിൽ നനഞ്ഞ് കുതിർന്ന ചന്ദനത്തിന്റെ മണം പോലെ അനുഭവപ്പെട്ടു.
പിറ്റേ ദിവസവും അതിനടുത്ത ദിവസവും അവള് വന്നില്ല..
വാക്കുകളില്ലാത്ത ഒരു തരം നീറ്റൽ എന്റെ ഉള്ളിൽ പടർന്നു.
ഫോൺ ഉണ്ടോ എന്ന് ഇത് വരെ ചോദിച്ചില്ലല്ലോ എന്ന് ഓർത്ത് സങ്കടം വന്നു.
കഴിഞ്ഞ ദിവസം നിരാശയുടെ അങ്ങേയറ്റത്ത് വച്ചാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്..
വല്ലാത്ത പേടി തോന്നി..
നാലാം ദിവസം അവൾ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ ഞാൻ ബസ് ഇറങ്ങി..


റോഡിന്റെ ഇടത് വശത്ത് നിരനിരയായി വാക മരങ്ങൾ പൂത്ത് നിൽക്കുന്നു..
വലത് വശത്ത് ജുമാ മസ്ജിദിന്റെ ഖബർ സ്ഥാനും..
ചുവന്ന പൂക്കളുടെ നിറഞ്ഞ മൂകത…
ആത്മാക്കൾക്ക് ഇഷ്ടം ചുവപ്പ് നിറമായിരിക്കുമോ,
അതോ കറുപ്പോ..
ഓടിട്ട പഴയ ഒരു കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ്..
മുറ്റം നിറയെ പൂത്ത് നിൽക്കുന്ന സീനികയും പത്ത് മണിപ്പൂവും കുറ്റിമുല്ലയും..
മരത്തിന്റെ മേശയിൽ വച്ച് സീലടിക്കുന്ന ഉച്ചത്തിലുള്ള ശബ്ദം അവിടെയാകെ അലയടിച്ചു…


ആളില്ലാതെ ഒഴിഞ്ഞിരിക്കുന്ന ഒരു മേശയുടെ മുന്നിൽ ഞാൻ നിന്നു.
പത്തമ്പത് വയസ് തോന്നിക്കുന്ന കണ്ണട വച്ച ഒരു സ്ത്രീയാണ് പോസ്റ്റ് മാസ്റ്റർ..
“എന്ത് വേണം”
മൂക്കത്ത് വെച്ച കണ്ണടക്ക് മുകളിലൂടെ നോക്കിയാണ് അവർ ചോദിച്ചത്…
” ശാന്തിനി… ശാന്തിനി ഇവിടയല്ലേ ജോലി ചെയ്യുന്നത്..”
അവരൊന്നും മിണ്ടിയില്ല..കനപ്പിച്ച് എന്നെ തന്നെ നോക്കി നിന്നു..
” ആണെങ്കിൽ.. നിങ്ങൾ ശാന്തിനിയുടെ ആരാണ്..”
ഒരു തരം പുച്ഛത്തോടെയാണ് അവർ ചോദിച്ചത്..
“സുഹൃത്താണ്.. മൂന്ന് ദിവസമായി അവളെ കണ്ടില്ല. കാര്യം എന്താണെന്ന് പറഞ്ഞതും ഇല്ല. അത് കൊണ്ട് അന്വേഷിച്ചിട്ട് പോവാം എന്ന് കരുതി വന്നതാണ്..”
എന്റെ ഹൃദയം വല്ലാതായി.. ആ സ്ത്രീയുടെ വലിഞ്ഞ് മുറുകിയ മുഖത്ത് നിന്നും അരുതാത്തതെന്തോ സംഭവിച്ചെന്ന് എനിക്ക് ഉറപ്പായിരുന്നു.
“പടച്ചോനേ, അവൾക്ക് ഒന്നും സംഭവിക്കല്ലേ” ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.
“മാഡം… ശാന്തിനി.. “


“ശാന്തിനി ഇപ്പോ ഇവിടെയില്ല… എവിടെയാണെന്ന് അറിയില്ല.. മൂന്ന് ദിവസം മുമ്പ് ഇവിടെ തന്നെ ജോലി ചെയ്യുന്ന ഒരാളുടെ കൂടെ അവൾ ഒളിച്ചോടി…
അയാൾക് ഭാര്യയും രണ്ട് മക്കളും ഉണ്ട്.. മിണ്ടാതെ, ആരോടും പറയാതെ അവളങ്ങ് പോയി….”
കേട്ട കാര്യങ്ങൾ ഒരു തരി പോലും വിശ്വസിക്കാൻ കഴിയാത്ത വല്ലാത്തൊരു ഞെട്ടലിലായിരുന്നു ഞാനപ്പോൾ..
” മാഡം… ശാന്തിനിയെക്കുറിച്ച് തന്നെയാണോ പറയുന്നത്…. അവളങ്ങനെ!!! “
എനിക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല…
“എടോ… നമ്മള് കാണുന്ന പോലെയൊന്നും അല്ല ഈ ലോകത്തെ മനുഷ്യർ…നമ്മൾ കാണാത്ത ഒരു മുഖവും മനസും കാണും.. ഒന്നും സംസാരിക്കാത്ത ആളുകൾ നിശബ്ദമായി ജീവിക്കുകയാണെന്ന് ധരിച്ച് വെക്കരുത്… അവരുടെ ഉള്ളിലൊരു യുദ്ധം നടക്കുന്നുണ്ട്… എതിരാളിയെ തോൽപ്പിച്ച്, തറ പറ്റിച്ച് ഇഷ്ടപ്പെട്ടത് സ്വന്തമാക്കാനുള്ള യുദ്ധം… ഒന്നും അറിയാതെ കൂടെ കൂട്ടിയ നമ്മളൊക്കെ വിഡ്ഢികൾ.. പമ്പര വിഡ്ഡികൾ… “


അവർ പിന്നേയും എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു,..
ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു..
വാകപ്പൂക്കളെ ചവിട്ടി മെതിച്ച് , ഉച്ചത്തിൽ കൂകുന്ന കിളികളുടെ ഒച്ചയിൽ ദേഷ്യപ്പെട്ട്, തിടുക്കപ്പെട്ട് ഞാനങ്ങനെ നടന്നു…
പിന്നീടൊരിക്കലും ആ ബസിൽ വച്ച് ഞാനവളെ കണ്ടില്ല..
ആദ്യമൊക്കെ ചന്ദന മണവും വഴിക്കാഴ്ചകളിലെ അവളുടെ ഓർമകളിലും യാത്രകൾ വെറുതെ നോവ് തന്നു,
പിന്നെ പിന്നെ അവളെ മറന്നു,
ഒട്ടും ഓർക്കാതെയായി…


വർഷങ്ങൾക്ക് ശേഷം സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ ടോക്കൺ കാത്ത് നിക്കുമ്പോഴാണ് തൊട്ടടുത്ത സീറ്റിലിരുന്ന പത്ത് വയസുകാരിയെ ശ്രദ്ധിച്ചത്.
നീണ്ട മുടിയും നെറ്റിയിൽ ചന്ദനത്തിന്റെ നേർത്ത വരയും ഉണ്ടക്കണ്ണുകളും..
ടോക്കൺ വാങ്ങി വരുന്ന അവളുടെ അമ്മയെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു… കൊമ്പനാനയും, മഴത്തണുപ്പുള്ള ബസ്സും , ചീറ്റലടിക്കുന്ന നേർത്ത മഴയും, ചന്ദനത്തിന്റെ ഗന്ധവും കുഴഞ്ഞു മറിഞ്ഞ കുറച്ച് നിമിഷങ്ങൾ…


“ശാന്തിനി…”
അവൾ പഴയതിലും നന്നായി വണ്ണം വെച്ചു..
ഒട്ടും പ്രസാദമില്ലാത്ത വിഷാദം നിറഞ്ഞ കണ്ണുകൾ.. മുടി കുറ്റിച്ചൂല് പോലെ ശോഷിച്ചിട്ടുണ്ട്.. അങ്ങിങ്ങായി നര വീണിട്ടുണ്ട്..
പാടുകളും ചുളിവുകളും വന്ന മുഖത്തിന് ഒട്ടും തിളക്കം തോന്നിയതേയില്ല…
എന്നെ കണ്ടപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു,
ചുണ്ടുകൾ വിതുമ്പി.
മകളുടെ അടുത്ത് നിന്ന് കുറച്ച് മാറി നിന്ന് കൂടുതലൊന്നും സംസാരിക്കാതെ അവൾ ഏങ്ങിയേങ്ങി കരഞ്ഞു..


“എന്റെ തീരുമാനം തെറ്റായിരുന്നു.., ഞാനൊരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്.. അദ്ദേഹത്തിന്റെ ഭാര്യ കരഞ്ഞ് പറഞ്ഞതാ പലവട്ടം, തിരിച്ച് തന്നേക്കാൻ..
എനിക്ക് തോന്നിയില്ല.. ആദ്യമായിട്ടാ എനിക്കൊരാളോട്.. അറിയില്ലായിരുന്നു ഭാര്യയും മക്കളും ഉണ്ടെന്ന്.. അറിഞ്ഞപ്പോ ചത്ത് കളഞ്ഞാലോ എന്ന് തോന്നിയതാ… കൂടെ നിന്നപ്പോ, സ്നേഹം തന്നപ്പോ.. ഞാനെന്റെ ചുറ്റിലും ഉള്ള മനുഷ്യരെ മുഴുവനും മറന്നു… അദ്ദേഹത്തിന്റെ ഭാര്യയെ മറന്നു. മക്കളുടെ കണ്ണുനീർ മറന്നു.. പക്ഷേ ദൈവം ഒന്നും മറന്നില്ല.. രണ്ട് വർഷം മുമ്പ് ഒരു ആക്സിഡന്റിൽ അരയ്ക്ക് താഴെ തളർന്ന് അദ്ദേഹം വീട്ടിൽ കിടപ്പിലായി… ഒരു മാസം മുന്നെയാ മരിച്ചത്… ഞാൻ ചെയ്ത തെറ്റ് അതിന്റെ എത്രയോ ഇരട്ടി ഞാൻ അനുഭവിച്ചു… ആരും ഇല്ലാതെയായി… ഒറ്റക്കായി… തലവേദനയും മാനസിക പ്രശ്നങ്ങളും കൂടി… ഇപ്പോ മോളുണ്ട് കൂട്ടിന്… കുറേ ഗുളികയും മരുന്നും….”


അവളുടെ മകൾ അപ്പോൾ ഞങ്ങൾക്ക് അരികിലേക്ക് വന്നു.
നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ മുറ്റത്തേക്ക് ഇറങ്ങി. ചിതറി വീഴുന്ന മഴത്തുള്ളികൾ അപ്പോഴും വേദനയുടെ ശബ്ദം പൊഴിക്കുന്നുണ്ടായിരുന്നു.
ഇടനാഴിയിൽ അപ്പോഴും മഴയിൽ കുതിർന്ന ചന്ദനത്തിന്റെ മണമുണ്ടായിരുന്നു..
സത്യത്തിൽ ആ നേരത്താണ് മനുഷ്യൻ ഏറ്റവും കൂടുതൽ നിസ്സഹായനാവുന്നത് എപ്പോഴാണെന്ന് ഞാൻ കണ്ടത്… അനുഭവിച്ചത്…


❤️

ഷബ്‌ന ഷംസു

By ivayana