രചന : ബാബുഡാനിയല്‍ ✍

അകലെ വിഭാകരന്‍
പൂശുന്നു ചായം വാനില്‍
പക്ഷികള്‍ ചിലയ്ക്കുന്നു
പുലരി വിടരുന്നു

നിദ്രവിട്ടുണര്‍ന്നു ഞാന്‍
നോക്കുന്നു നാലുപാടും
ചാരത്തായുറങ്ങുന്നു-
ണ്ടിപ്പോഴും സഹോദരന്‍

പാടത്തു പണിചെയ്യാന്‍
പോയതാണെന്നമ്മയും
മാടത്തില്‍ കിടാങ്ങള്‍ക്ക്
ജീവനോപായം തേടി.

കാളുന്ന വയറിന്‍റെ
അത്തലൊന്നടക്കുവാന്‍
ആളുന്ന മനവുമായ്
തുറന്നൂ കഞ്ഞിക്കലം

അടിയില്‍ക്കിടക്കുന്നു-
ണ്ടിത്തിരിപ്പഴഞ്ചോറും
തൊടിയില്‍ മുളച്ചോരു
പഴുത്ത കാന്താരിയും

കൊച്ചുകിണ്ണത്തിലായീ
കോരിയെടുത്തു ഞാനാ
ഉപ്പുനീര്‍ തൂകിയൊരാ
വറ്റുമായ് നിന്നീടവേ

ഞെട്ടിയുണര്‍ന്നിട്ടെന്നെ
നോക്കുന്നു സഹോദരന്‍
ഒട്ടിയ വയറുമായ്
പട്ടിണിക്കോലംപോലെ

പറ്റില്ലാ എനിക്കിനി
വറ്റിനി ഭുജിക്കുവാന്‍
ചെറ്റുമീ സോദരന്‍റെ
ദൈന്യമാം മുഖം കണ്ടാല്‍

അടുപ്പില്‍ കഞ്ഞിക്കലം
വെറുതേ തിളയ്ക്കുന്നു
അടുത്തായ് കണ്ണീര്‍ക്കുടം
തുളുമ്പിനിറയുന്നു.

കണ്ണുനീരൊഴുകുന്നെന്‍-
ചൊടികള്‍ വിതുമ്പുന്നു
കരിഞ്ഞുവീണുപോയ
സ്വപ്നങ്ങള്‍ പുകയുന്നു

അന്നത്തെയന്നം തേടാ-
നന്യന്‍റെ പറമ്പിലായ്
മടയ്ക്കാന്‍ വിധിച്ചവര്‍
കൊതിച്ചിട്ടെന്തു കാര്യം!

By ivayana