രചന : എൻ.കെ അജിത്ത് ✍
പെറ്റുപെരുക്കിപ്പെറ്റുപെരുക്കി
ചൈനയെവെന്നവരിന്ത്യാക്കാർ
ഇനിയൊരുനാളും ഒന്നാംസ്ഥാനം
ചൈനയ്ക്കേകില്ലതു വാശി!
ഇസ്ലാം, ക്രിസ്ത്യൻ, സിക്കുകൾ, ഹിന്ദു
മത്സരമാണ് പെറീക്കാനായ്
താന്താങ്ങൾക്കുള്ളീശ്വരവര്യർ
പട്ടിണി രഹിതം വാഴാനായി!
കത്തോലിക്കരു ലേഖനമെഴുതും
കുഞ്ഞാടേറെ പ്രസവിക്കാൻ
ഇസ്ലാമുത്സാഹത്തൊടുവംശം
വർദ്ധിക്കാനായോത്തുകളും!
ഹിന്ദുവിനങ്ങനെ സെറ്റപ്പില്ലവർ
നെഞ്ചത്തടിയും നിലവിളിയും
അന്യരുവേഗമിരട്ടിക്കുമ്പോൾ
വെമ്പലു ചൊല്ലിനടക്കുന്നൂ !
ജാതികൾ പലതായ് ജീവിക്കുന്നോ-
രാണവരല്ലോഹിന്ദുക്കൾ
തമ്മിൽ സ്പർദ്ധയൊളിപ്പിക്കുന്നോർ
തമ്മിലടുക്കാതകലുന്നോർ
എങ്കിലുമെൺപതുശതമാനത്തെ
താഴതെന്നും നോക്കുന്നോർ
പ്രത്യുത്പാദന വർദ്ധനവേറ്റാൻ
ചാനലുതോറും കരയുന്നൂ
ചൈനയെയിനിയും തോല്പിക്കും
കമ്മ്യൂണിസ്റ്റുകൾ തകരട്ടെ
മറ്റുമതക്കാർ രാജ്യംവിടുവാൻ
പദ്ധതി പലതും വിടരട്ടെ
കാലനു നല്കും നീണ്ടവധി –
യീ ഭാരതമണ്ണിൽ പണിവേണ്ടാ
പട്ടിണിയാണേലെന്താ ഞങ്ങൾ
മുണ്ടുമുറുക്കിയുടുത്തോളാം!
ഓരോ ജാതിയുമുണരട്ടെ
വാശിയോടൂറ്റംപെരുമാറാൻ
നമ്മുടെ ജാതി പെരുക്കട്ടെ
മറ്റവർ പോയിത്തുലയട്ടെ!
അതിരുകൾ ഭേദിച്ചലയുന്നോർ
തൊഴിലിനു തെണ്ടിനടക്കുന്നോർ
പെരുകട്ടങ്ങനെയനുദിനവും
ഭാരത’മൊന്നിൽ’ത്തുടരട്ടെ!
ആസൂത്രണമതു തുലയട്ടെ
ആശൂത്രികളോ നിറയട്ടെ
പെറ്റുനിറയ്ക്കുക നിത്യംനമ്മൾ
ഭാരത’മൊന്നിൽ’ത്തുടരട്ടെ!