രചന : ഉണ്ണി അഷ്ടമിച്ചിറ✍

പ്രവാസിയുടെ പട്ടി ഇപ്പോൾ കുരയ്ക്കാറേയില്ല. തീർത്തും ക്ഷീണിതനാണവൻ. ഹൈദറിൻ്റെ അവസ്ഥയും മറ്റൊന്നല്ല. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയ്ക്ക് ഹെർമ്മൻ എന്നാണ് പേരെങ്കിലും നാട്ടുകാർ പ്രവാസിയുടെ പട്ടീന്നാണ് വിളിക്കാറ്. പ്രവാസം അവസാനിപ്പിച്ചെത്തിയപ്പോൾ പ്രൗഡി കൂട്ടാൻ വേണ്ടി ഹൈദർ വാങ്ങിയതാണ് ഹെർമ്മനെ. മതത്തിൻ്റെ പേരിൽ തടസ്സം പറഞ്ഞ് പിന്തിരിപ്പിക്കാനുള്ള സീനത്തിൻ്റെ ശ്രമങ്ങൾക്ക് ഹൈദർ മുഖവില പോലും കൽപ്പിച്ചില്ല. വീട്ടിനു മുന്നിൽ ആകർഷകമായ രീതിയിൽ പണിത പട്ടിക്കൂടിൽ കുഞ്ഞു ഹെർമ്മൻ വളർന്നു.

പരസ്പര സ്നേഹത്തിൻ്റേയും ബഹുമാനത്തിൻ്റേയും ഉത്തമ ഉദാഹരണമായ ആ ബന്ധവും വളർന്നു.ഒരാൾക്ക് പിടിച്ചു നിർത്താനാകാത്തത്ര ശക്തിയും തടിമിടുക്കുമുണ്ടായിട്ടും ഹൈദറിൻ്റെ മുന്നിൽ ഹെർമ്മൻ ഒരു പൂച്ചയെ പോലെ സൗമ്യനായിരുന്നു. ഹൈദറിൻ്റെ കോമ്പോണ്ടിൽ ഒരു ഇല അനങ്ങിയാൽ അവൻ കുരയ്ക്കും. അവിടമാകെ മുഴങ്ങുന്ന കുര വീട്ടുകാർക്കും പരിസരവാസികൾക്കും അരോചകമായിരുന്നെന്നാലും ഹൈദർക്ക് അത് സംഗീത സമാനമായിരുന്നു.

ഏറെക്കാലം മരുഭൂമിയിൽ കിടന്ന് പണിയെടുത്തുണ്ടാക്കിയ കാശാണ് ഈ കാണുന്നതെല്ലാം. കുറേക്കാലം മേലേക്കാവിൽ അബ്ദുള്ളയുടെ തിണ്ണ നിരങ്ങിയിട്ടാണ് ഗൾഫിലേക്ക് കടക്കാൻ പറ്റിയത്. അന്ന് ഗൾഫ് കാട്ടി കൊതിപ്പിച്ച് അബ്ദുള്ളയുടെ കെട്ട്യോള് ഹൈദറെ കൊണ്ട് കണ്ടമാനം പണിയെടുപ്പിച്ചിരുന്നു. ചന്തയിൽ പോകാനും നാളികേരം പിറക്കിക്കൂട്ടാനും എന്നു വേണ്ട അബ്ദുളേളടെ കൈയ്യും കാലും അനക്കാൻ പറ്റാത്ത ബാപ്പയെ കിണറ്റിൻകരയിൽ ചാരുകസേരയിലിരുത്തി കുളിപ്പിക്കുന്ന പണി പോലും ഹൈദറുടേതായിരുന്നു. അയാളാണെങ്കിലോ വായ തുറന്നാൽ തെറി മാത്രമേ പറയൂ. എന്തായാലും ഒരു അവധിക്ക് വന്ന അബ്ദുള്ളയുടെ പക്കൽ ഹൈദറിനുള്ള വിസയുണ്ടായിരുന്നു. മണലാരണ്യത്തിലെ ഓരോ നിമിഷത്തേയും ഹൈദർ പൈസയാക്കി. ഇടവേള നൽകാതെ പല ജോലികൾ ചെയ്യുമ്പോൾ അയാളുടെ കണ്ണുകൾ ബാങ്ക് അക്കൗണ്ടിൻ്റെ വളർച്ചയറിഞ്ഞു.

തറവാടും കുടുംബസ്വത്തും നൽകി പെങ്ങളെ കെട്ടിച്ചു വിട്ടപ്പോൾ ബാക്കിയായ ബാപ്പയെന്ന ബാധ്യതയേയും സൂത്രത്തിൽ അവൾക്കുതന്നെ നൽകി ഒഴിവാക്കി. പരസ്പര സഹകരണത്തിൻ്റെ ഒരു രീതി ഗൾഫിലെത്തിയാൽ മലയാളികൾ സ്വീകരിച്ചിരുന്നു, അതുകൊണ്ടു തന്നെ വലിയ സൗഹൃദവലയം തീർക്കാനൊന്നും ഹൈദർ തയ്യാറായിരുന്നില്ല. കാലം പോയതറിഞ്ഞില്ല, നാട്ടിൽ ആമ്പിള്ളേർ പെണ്ണുകെട്ടണപ്രായം കഴിഞ്ഞിട്ടും ഹൈദർ ആ കാര്യം ഓർത്തില്ല. ഒടുവിൽ ആരോ ഓർമ്മിപ്പിച്ചപ്പോഴായിരുന്നു നിക്കാഹ്.

എണ്ണത്തിൽ കുറവുള്ള വെളുത്തരോമങ്ങളെ ഹെയർ ഡൈയിൽ ഒളിപ്പിക്കുമ്പോൾ മതത്തിൻ്റെ എതിർപ്പ് സീനത്തിലൂടെ കേട്ടെങ്കിലും ഹൈദർ വഴങ്ങിയില്ല. ഏക സന്താനം എന്നതും ഹൈദറുടെ തീരുമാനമായിരുന്നു. കുറേക്കാലം കൂടി അവധിയിലെത്തുന്ന ഹൈദറിനോട് വെളുത്തു തുടുത്തു സുന്ദരിയായ സീനത്ത് ഇനിയും പെറണമെന്ന പൂതി മറയില്ലാതെ അവതരിപ്പിച്ചിട്ടുള്ളതാണ്. പക്ഷേ ഹൈദറുടെ മനസ്സലിഞ്ഞില്ല. ഇതിനിടെ ഗൾഫ്കാരൻ്റെ അഹങ്കാരമായ മണിമാളികയും കാറുമെല്ലാം സ്വന്തമാക്കി. പിന്നീടെപ്പഴോ സാധുജന സഹായത്തെ കുറിച്ച് സീനത്ത് അവതരിപ്പിച്ച പ്രമേയം ഹൈദർ അംഗീകരിച്ചു.

അതിന് അയാൾ എന്തെങ്കിലും സ്പെഷ്യൽ ബെനിഫിറ്റ് കണ്ടിട്ടുണ്ടാവാം, അതോ കാലം അയാളെ മറ്റൊരു ട്രാക്കിലേക്ക് മാറ്റിയതാണോ?. ഏതായാലും വല്ലപ്പോഴും ലീവിൽ എത്തുമ്പോൾ അതിൻ്റെ പ്രയോജനം അനുഭവിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നു. കവലയിലും മറ്റ് പൊതുസ്ഥലങ്ങളിലും കണ്ടുമുട്ടുമ്പോൾ ആളുകൾ ഇരുന്നിടത്തു നിന്നും ഊര പൊന്തിക്കുവാനും കൈകൂപ്പുവാനും സലാം പറയുവാനും തയ്യാറായത് മരം വെട്ടുകാരൻ പൂക്കുട്ടിയുടെ മകന് കിട്ടിയ വലിയ അംഗീകാരം തന്നെയായി. മകനെ പഠിപ്പിച്ച് ഡോക്ടറാക്കാനായിരുന്നു ഹൈദർ ആഗ്രഹിച്ചത്. പക്ഷേ വിദേശപഠനത്തിൻ്റെ മേന്മ പറഞ്ഞ് അവൻ യൂറോപ്പിലേക്ക് പറന്നു. ഇനി താൻ ഇന്ത്യയിലേക്ക് തിരിച്ചില്ലെന്ന് പറയാതെ പറഞ്ഞു പോയ അവനോട് ഹൈദർക്ക് വിരോധം തോന്നിയില്ല. താൻ ബാപ്പയോട് ചെയ്തതിൻ്റെ തനിയാവർത്തനമായി അയാൾക്കത് കാണാൻ കഴിഞ്ഞു.


” സീനാാ …. നീ കരയല്ലേ. ഇതൊക്കെ പ്രകൃതീൻ്റെ നെയമമല്ലോ. പറക്കമുറ്റിയാൽ പറത്തി വിടണം. അതുവരേ നമുക്ക് ചുമതലയുള്ളൂ” സീനത്തിൻ്റെ കരച്ചിലടങ്ങീല്ല.
” ഇനി നമുക്ക് ആരുണ്ട്…… ” അവൾ ഏങ്ങലടിച്ചു.
“ഇതൊക്കെ പ്രകൃതി നെയമമാണ് സീനാ… മക്കളെ പരിപാലിക്കാൻ മാത്രമേ പ്രകൃതി പറയുന്നുള്ളൂ. തിരിച്ച് ഉമ്മാനേം ബാപ്പാനേം പരിപാലിക്കുന്ന ഏതെങ്കിലും ജീവിയെ ഈ ഭൂമുഖത്ത് കാട്ടിത്തരാമോ അനക്ക് “. ഇതൊന്നും കേൾക്കാൻ അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒരെണ്ണത്തിനെ കൂടി പെറ്റിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എന്നവൾ ഉറച്ചു വിശ്വസിച്ചു. പിന്നീടുള്ള ദിനങ്ങളിൽ വാല്യക്കാരിയായിരുന്നു അവൾക്ക് കൂട്ട്. ക്രമേണ ദുഖങ്ങളെല്ലാം മറന്ന് സ്വാതന്ത്ര്യം അനുഭവിക്കാൻ ശീലിച്ചു. വാല്യക്കാരി മറ്റൊരിടം തേടി പോയപ്പോഴാണ് ഹൈദർക്ക് പ്രവാസം ഉപേക്ഷിക്കേണ്ടി വന്നത്.

ഇനിയുള്ള കാലത്തിനുള്ളത് തൻ്റെ പക്കലുണ്ടെന്ന് ഹൈദർ വിശ്വസിച്ചു. ഹൈദർ തിരിച്ചെത്തുന്നൂന്ന വാർത്ത അയാളുടെ മനസ്സിലുദിച്ചപ്പഴേ നാട്ടിൽ പ്രചരിച്ചു കഴിഞ്ഞിരുന്നു. തക്കം പാത്തിരുന്നവർ അത് ആഘോഷമാക്കി. ബന്ധുവായും സുഹൃത്തുക്കളായും രാഷ്ട്രീയ അഭ്യുദയകാംക്ഷികളായും അവർ അയാളെ പൊതിഞ്ഞു. കൊച്ചു കൊച്ചു സ്വീകരണ യോഗങ്ങൾ നടന്നു.

ചില പൊതുപരിപാടികളിലും ഹൈദർ ക്ഷണിതാവായി. ജന്മനാടിൻ്റെ സ്നേഹം കണ്ട് അയാളുടെ കണ്ണു നിറഞ്ഞു. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനനേതാക്കളിലൊരാളാക്കാമെന്നുവരെ വാഗ്ദാനമെത്തി. പ്രലോഭനങ്ങളിൽ വശംവദരാകാത്തവരല്ലല്ലോ മനുഷ്യർ. കവലയിലും മറ്റുമുണ്ടായിരുന്ന ഹൈദറിൻ്റെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ നിലംപൊത്തും മുമ്പ്തന്നെ വീട്ടിലെ തിരക്കും ഒഴിഞ്ഞിരുന്നു. തലയുയർത്തി നടന്നിരുന്ന അയാൾ കീഴ്പോട്ടു നോക്കി നടക്കാൻ പഠിച്ചു. നഷ്ടപ്പെട്ട ധനവും പ്രതാപവും വീണ്ടെടുക്കാനാവില്ലെന്ന സത്യം അയാളെ തളർത്തി. സീനത്തിൻ്റെ മുഖത്തും അയാൾ നോക്കാറില്ല.

ആ മുഖത്തു വിരിയുന്ന പുച്ഛവും ചില ഗോഷ്ടികളും സഹിക്കാവുന്നതിനപ്പുറമായിരുന്നു. മിക്കവാറും സമയങ്ങളിൽ നായക്കൂട്ടിനടുത്ത് കൊണ്ടിട്ട ഇരുമ്പ് കസാരയിലിരുന്ന് ഹെർമ്മനോട് സംസാരിച്ചിരിക്കുന്നതായി അയാളുടെ ശീലം. ഓൺലൈനിൽ വരുത്തി നൽകിയിരുന്ന സമീകൃത ആഹാരവും വിറ്റമിൻ ടോണിക്കുകളും നിലച്ചതോടെ ഹെർമ്മനും ഉഷാറില്ലാത്തവനായി. അവനിപ്പോൾ കുരയ്ക്കാറില്ല, ഹൈദർ പങ്കു വയ്ക്കുന്ന സങ്കടം ശ്രവിച്ച് കൈകൾക്കുമേലെ മുഖം താങ്ങി കൂട്ടിൽ നീണ്ടു നിവർന്ന് കിടക്കും. ചിന്തകളിലും പ്രവർത്തികളിലും ഹൈദറിനോടുള്ള കൂറ് നിലനിർത്തി അവൻ വാലാട്ടിക്കൊണ്ടേയിരിക്കും.

വാലാട്ടാൻ ഒരു “പട്ടിയെങ്കിലും” ബാക്കിയായത് ഹൈദർക്കും ഒത്തിരി ആശ്വാസം തന്നെയായിരുന്നു.
ഒരു ദിവസം കവല വരെ പോയി മടങ്ങിയെത്തിയ ഹൈദറിൻ്റെ കണ്ണുകൾ ചുവന്നിരുന്നു, വെളുത്തു തുടുത്ത ആ മുഖം രക്താഭമായിരുന്നു. ബാധയേറ്റവനെപ്പോലെ അയാൾ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.കുളി കഴിഞ്ഞ് മുറിയിലേക്ക് കടന്നു വന്ന സീനത്തിനെ കത്തുന്ന നോട്ടമെറിഞ്ഞയാൾ നിന്നു.
“നിങ്ങൾക്കെന്താണപ്പാ പറ്റീത്”. ഒരു മറുപടി പറയാൻ നിൽക്കാതെ ഹൈദർ അവളുടെ മുടിക്കുത്തിൽ പിടുത്തമിട്ടു.


“എടീ എരണം കെട്ടോളേ……. കുടുംബത്തിൻ്റെ മാനം കളഞ്ഞില്ലേടീ നീയ്യ്….. “. ഒരു കാലത്ത് ഹൈദറുടെ മുന്നിൽ ഓച്ചാനിച്ച് നിന്ന ആരോ, അഭ്യുദയകാംക്ഷിയുടെ വേഷം കെട്ടി ആടിയതിൻ്റെ ബാക്കി ആടിത്തീർക്കുകയായിരുന്നു ഹൈദർ. ഒരു ലൈംഗിക അപവാദം അതിൻ്റെ ഉള്ളതും ഇല്ലാത്തതും നിരത്തി അരങ്ങ് തകർത്തു. കലിയടങ്ങാത്ത ഹൈദർ സീനത്തിനെ മർദ്ദിക്കയും ചെയ്തു.


” ഇറങ്ങിപ്പോടീ… ഒരുമ്പെട്ടോളേ എൻ്റെ വീട്ടീന്ന്….. ” അതൊരു സിംഹഗർജ്ജനമായിരുന്നു. കോപം കൊണ്ട് വിറയ്ക്കുന്ന ചൂണ്ടുവിരൽ പുറത്തേക്കുള്ള വഴി ചൂണ്ടി നിന്നപ്പോൾ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. അടി കൊണ്ട് അവശയായ സീനത്ത് ചാടിപ്പിടഞ്ഞെണീറ്റ് അയാളുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടി.
” ഇറങ്ങി പോകേണ്ടത് നിങ്ങളാണ്…….. ഇതെല്ലാം എൻ്റെ പേരിലുള്ളതാണ് ” ആ സത്യം ഹൈദറെ തളർത്തി. ഗൾഫിലായിരുന്നപ്പോൾ നാട്ടിൽ വാങ്ങിക്കൂട്ടിയതെല്ലാം സീനത്തിൻ്റെ പേരിലായിരുന്നുവെന്ന യാഥാർത്ഥ്യം അയാളെ സ്തബ്ധനാക്കി. ഒരക്ഷരവും ഉരിയാടാനാകാതെ അയാൾ ഹെർമ്മൻ്റെ അരുകിലേക്ക് ചെന്നു. മനസ്സിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട അയാൾ പൊട്ടിക്കരഞ്ഞു.


“പ്രവാസിയുടെ കഥയിങ്ങിനെയാണ്. എല്ലാം നേടിയെന്ന് വിശ്വസിക്കുന്നവനും ഒടുവിൽ എല്ലാം നഷ്ടപ്പെടുന്നവനുമാണ് പ്രവാസി”. അയാളുടെ ദുഖത്തിൽ പങ്കുചേർന്ന് നിലത്ത് മുഖം ചേർത്തു കിടക്കുകയായിരുന്ന ഹെർമ്മൻ്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
” മുത്തേ….. ” അങ്ങിനെയാണ് അയാൾ ഹെർമ്മനെ വിളിക്കാറ്.
” മുത്തേ….. ഞാൻ പോണു. പ്രവാസിക്ക് സ്വന്തം മണ്ണില്ല “. അയാൾ ഹെർമ്മൻ്റെ കൂട് തുറന്നിട്ടു.


” മുത്തേ…. നിനക്കും ഇനി പ്രവാസത്തിൻ്റെ ദിനങ്ങളാണ്. എവിടെയെങ്കിലും പോയി ജീവിച്ചോളൂ”. അവൻ്റെ നെറുകയിൽ ചുംബിച്ച് ഹൈദർ റോഡിലേക്കിറങ്ങി. പാത വിജനമാണ്.വായ കീറിയവൻ വയറിനുള്ളതും തരുമെന്ന വിശ്വാസ പ്രമാണം മാത്രമാണ് കൂട്ട്. പാതയോരത്തെ പൂഴിമണ്ണിൽ പതിഞ്ഞു കിടക്കുന്ന പാദുകമുദ്രകൾ ദിശാസൂചികകളായി. ഏറെ നടന്നു തീരും മുമ്പ് യജമാനൻ ധരിക്കാൻ മറന്ന ചെരുപ്പും കടിച്ചു പിടിച്ച് ഹെർമ്മനും ഒപ്പമെത്തി.

ഉണ്ണി അഷ്ടമിച്ചിറ

By ivayana