രചന : അൻസാരി ബഷീർ✍
പഞ്ഞിമേഘം മുഖംകറുത്തൂഴിയുടെ
പഞ്ഞമാസക്കണ്ണിലൂടൊഴുകുന്നു!
കഞ്ഞിമുക്കി, കിനാവുണക്കാനിട്ട
നെഞ്ഞിലാകെ പെരുമഴപ്പെയ്ത്തുകൾ!
വറ്റുണങ്ങിപ്പിടിക്കും കലത്തിൻ്റെ
വക്കിലൊട്ടിപ്പിടിച്ച നേത്രങ്ങളിൽ
ഉപ്പുനീര് തുളുമ്പി, വിശപ്പിൻ്റെ
കയ്പു തേവിക്കളഞ്ഞൂ കുരുന്നുകൾ!
രക്തയോട്ടത്തിലണകെട്ടി,മസ്തിഷ്ക –
മൊട്ടുഭാഗം തളർന്ന പെറ്റമ്മ തൻ
നിത്യനോവിൽ കുതിർത്തിട്ട കണ്ണുകൾ
കുത്തിനോവിക്കയാണെൻ്റെ പുണ്ണുകൾ!
മാരിപെയ്തു കുതിർന്നെൻ്റെ ജീവനിൽ
ചാരിനിന്നു കിതയ്ക്കുന്നു നാലുപേർ!
നേരിടാനായ് കുതിയ്ക്കുമ്പൊളാേ മഹാ-
മാരിയെന്നെ തളച്ചിട്ടു വീടകം!
കൂട്ടമായെത്തി,ജീവശ്വാസത്തിൻ്റെ
പൂട്ടിളക്കിക്കടന്ന രോഗാണുക്കൾ
നാട്ടുജീവിതം നെയ്ത ബന്ധങ്ങളെ
ആട്ടിയോടിച്ചകറ്റുന്നു തങ്ങളിൽ!
തൊട്ടുപോയാൽ, പെരുക്കുന്ന വ്യാധിയിൽ
കെട്ടുപോകുന്ന ജീവനാളങ്ങളെ
തൊട്ടറിഞ്ഞാ,ലെനിക്കുള്ള നൊമ്പരം
ഒട്ടുമല്ലെന്നു ഞാൻ തിരുത്തുന്നിതാ.
അന്നുപോയി തൊഴിൽ ചെയ്തുനേടുന്ന
അന്നമാണെൻ കുടുംബത്തിനിന്ധനം!
ഒന്നു നിന്നിട്ടുയിർക്കാനശക്തനായ്
കൊന്നുതളളട്ടെ ഞാനെൻ കിനാക്കളെ!