രചന : ഠ ഹരിശങ്കരനശോകൻ✍

കൂടെയുണ്ടായിരുന്നൊരാളല്ലേ കൂട്ടായിരുന്നില്ലേ ചത്ത് കെട്ട് പോയില്ലേ രണ്ട് വാക്കെഴുതിക്കളയാമെന്നോർത്ത് ഓർമ്മകളിട്ട് വെച്ചിരിക്കുന്ന ചാക്ക് കുടഞ്ഞിട്ടിട്ടതും നോക്കിയിരിക്കവെ,
കൂടെയുണ്ടായിരുന്നയാൾ കൂട്ടായിരുന്നയാൾ ചത്ത് കെട്ട് പോയയാൾ തോളത്ത് കൈയിട്ടുമ്മെച്ച്,
“കൂടെയുണ്ടായിരുന്നൊരാളല്ലേ ഞാൻ, കൂട്ടായിരുന്നില്ലേ നീ, ചത്ത് കെട്ട് പോയില്ലേ ഞാൻ, നിനക്കും കൂടെ ഇങ്ങ് പോന്നൂടേ, ഇതൊക്കെ ഇത്രയൊക്കെ തന്നെ ഉള്ളടെ, വാടേ…” എന്ന് ത്രസിപ്പിക്കും വിധം ചോദിക്കുമ്പോൾ,
കൂടെയുണ്ടായിരുന്നൊരാളായിട്ടും കൂട്ടായിരുന്നിട്ടും അയാളൊപ്പങ്കൂട്ടാതെപോയോരിടങ്ങളെ കുടഞ്ഞിട്ടവയിൽ നിന്നും കൊറച്ചൊരു കെറുവോടെയോർത്തുപിടിച്ചുകൊണ്ടും,
ഒത്ത് പോയ വഴിയ്ക്കുണ്ടായോരഴുക്കത്തരങ്ങൾ ഒന്നൊന്നായോർത്തെടുത്ത് മനമ്പെരട്ടികൊണ്ടും,
ഒത്ത് പോവുന്നതെക്കാളെത്രയോ സുഖം എവിടെയും ഒറ്റയ്ക്ക് പോവുന്നതാണെന്നോർത്തുകൊണ്ടും,
എല്ലാ ഒരുപ്പോക്കുകളും അതാതിന്റെയസമയത്ത് ഒറ്റയ്ക്കാണെന്നോർത്തറിഞ്ഞുകൊണ്ടും,
“ഇല്ല ഞാൻ വരുന്നില്ല വേറെ കൊറച്ച് പരുവാടികളുണ്ട്…” എന്ന പതിവ് കള്ളം തന്നെ വീണ്ടും ഒരിക്കൽ കൂടി,
തറപ്പിച്ചും, തല താഴ്ത്തിയും, പതുക്കനെയും, ഒരുപക്ഷേ അവസാനമായും, അയാളോട് പറയുമ്പോൾ,
തോളത്ത് വെച്ച തണുത്ത കൈ തിരിച്ചെടുക്കാതെയും മരിച്ച് പോയവരുടെ സവിശേഷപദവിയോടെയും അയാൾ,
തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി തിരിഞ്ഞ് നടക്കാതെ ശരിക്കും മരിച്ച് പോവുന്നത്,
എന്തിനോടെന്നറിയാത്തൊരു അറപ്പോടെയും ജീവിച്ചിരിക്കലിന്റെ ഉദാരതയിലൂടെയും കണ്ട്,
വേറെ പരുവാടികളൊന്നുമില്ലാതെ വെറും വെറുതെ, വെറുതേ തരിച്ചിരിക്കുകയാണ്, തന്നെ തന്നെ അരിച്ചിരിക്കുകയാണ്, തനിച്ചിരിക്കുകയാണ്,
ചത്ത് കെട്ട് പോയ അയാളോട് കൂട്ടായിരുന്നൊരാൾ കൂടെയുണ്ടായിരുന്നൊരാൾ, ഒരാൾ…

ഠ ഹരിശങ്കരനശോകൻ

By ivayana