രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

കാനനച്ചോലയിൽ
കണ്ണാടി നോക്കി
കസ്തൂരി പൂശും
മാൻപേടകളേ
എൻ കൺമണിയുടെ
കവിൾത്തടത്തിൽ
കസ്തൂരി പൂശാൻ
മറന്നതെന്തേ
കാർകൂന്തലഴിച്ചിട്ടു
നറുതാളിയരച്ച് വെച്ചു
നീരാടാനിറങ്ങും
കാർമേഘങ്ങളേ
എൻ പ്രിയ സഖിയുടെ
അളകങ്ങളിൽ തേക്കാൻ
നറുതാളിയുമായി നീ
വരാഞ്ഞതെന്തേ
മാനത്തെ മണവാട്ടിക്ക-
ണിയുവാൻ തങ്കത്തിൻ
മണിമാല തീർക്കുന്ന
പൊൻനിലാവേ
എൻ മണവാട്ടിക്ക്
പുമേനി മൂടുവാൻ
പൊന്നാഭരണം നീ
തീർക്കാഞ്ഞതെന്തേ
കുന്നിൻ പുറങ്ങളിൽ
ഏകാന്ത കാമുകനായി
അനുരാഗഗാനം മൂളും
പുന്തെന്നലേ
എന്നകതാരിലെ
തമ്പുരാട്ടിക്കായൊരു
സന്ദേശകാവ്യം നീ
മൂളുകില്ലേ….മൂളുകില്ലേ..?

മോഹനൻ താഴത്തേതിൽ

By ivayana