രചന : ബിജു കാരമൂട് ✍
അരിവട്ടീലുമിയിട്ട്
വെളുത്തുള്ളി ചതച്ചിട്ട്
മുളങ്കമ്പുമൊടിച്ചിട്ട്
പഴന്താക്കോൽ പലതിട്ട്
അതിൻമീതെ
പെരുംപൂവൻ
ചവിട്ടിയ പിടയിട്ട
കുലുങ്ങാത്തപുതുമുട്ട യടുക്കിവച്ച്
കെറുവിച്ചുനടക്കുന്ന പിടക്കോഴിയടപ്പെണ്ണെ
പിടിച്ചുവന്നടവയ്ക്കും
ഇടയ്ക്കമ്മച്ചി
ചുനമാങ്ങ പഴുപ്പിക്കു
മിരുട്ടത്തെമുറി
മൂലയ്ക്കിടയ്ക്കിടെയവർ
ചെന്നുപൊരുന്നിരിക്കും
സമയംപോലടക്കോഴിക്കരിമണി പെരുംഗോത
മ്പെളുപ്പത്തിൽ കുടിക്കുവാൻ
ചിരട്ടവെള്ളം
ദിനരാത്രമിരുപത്തൊന്നണയുമ്പോൾ
പുലർകാല പ്പുതുമുട്ടയുടഞ്ഞെത്തും
കിയോ കിയോകൾ
ചിലതെല്ലാമിടനെഞ്ചി
ലടവച്ചുപിടിച്ചാലും
വിരിയാതെവിരിയാതെ
വെറും ചീമുട്ട
വിരിഞ്ഞൊന്നായിറങ്ങിയ
കലപിലക്കുതൂഹലം
തടുത്തുറ്റാൽ
കമഴ്ത്തിയ
ങ്ങൊളിച്ചുവയ്ക്കും
ഒളിച്ചാലും മറച്ചാലും
അവയ്ക്കൊപ്പംവിരിഞ്ഞിട്ടുണ്ടൊരു
വേട്ടച്ചതിക്കഥ തിരികെ റാഞ്ചാൻ
ഒരു ചക്കിപ്പരുന്തുണ്ട്
മഴച്ചോലക്കുറുക്കന്മാർ
പലരുണ്ട്
മുളങ്കാട്ടിൽ മുഴങ്ങുന്ന മലമ്പൂച്ചച്ചിരിയൊച്ച
പതികാലം പതുങ്ങുന്നയിണച്ചെങ്കീരി
ഉയിരോടെ വിഴുങ്ങുവാൻ
ഫണം വിരിച്ചിരിക്കുന്ന കരിമൂർഖൻ
കലികാലച്ചതിച്ചെന്നായ്ക്കൾ
മുറിവുകൾക്കൊരു
മരുന്നരച്ചിട്ടമരമഞ്ഞൾ
കുടംകൊട്ടിയുയിർപ്പിക്കും
പഴയ സൂത്രം
ഇതുപൂവനിതുപിട തിരിയുന്നവരെക്കാലം
അറിയില്ല
കിളിയെത്ര പിഴച്ചു ബാക്കി
അതിനൊന്നും നിലകൊടുത്തലയാതെ
വളരുന്ന
തലപ്പൂവിൽ രസംകണ്ട
ങ്ങിരുന്നമ്മച്ചി❤️