രചന : മധു മാവില✍
ഒരു ദിവസം ഉച്ചക്ക് കോളേജ് കഴിഞ്ഞ് ബസ്സ് സ്റ്റോപ്പിലെത്തിയിട്ട് കുറേ സമയമായി. നാട്ടിലേക്കുള്ള ഒരു ബസ്സ് ഒഴിവാക്കി, അടുത്ത ബസ്സിന് പോകാം എന്ന് വിചാരിച്ച് ചങ്ങാതിമാരോട് സൊറ കൂടിയിരിക്കുകയാണ്.
തിരക്കില്ലാത്ത ദിവസങ്ങൾ അങ്ങിനെയാണ് കുറെ ചുറ്റിനടന്ന് എവിടെയെങ്കിലും വട്ടം കൂടി എന്തെങ്കിലും തമാശ പറഞ്ഞ് നേരം കളയുമ്പോയും ഭാവിയെപ്പറ്റി വെറുതെയെങ്കിലും സ്വപ്നം
കാണുന്നത് പരസ്പരം പറയും.
കോളേജ് കാലം കഴിയാറായതിൻ്റെ പിരിമുറുക്കങ്ങളും സുന്ദരമായ ജീവിത സ്വപ്നങ്ങളും പ്രകാശനും രാജേഷും ബിജുവും തമാശയായ് പറയുന്നത് കേട്ട് ചിരിക്കുന്നതിനിടെ സുറുമയിട്ട ഒരു പെൺകുട്ടി നടന്ന് വന്ന് ബസ്സ് സ്റ്റോപ്പിൻ്റെ അങ്ങേ മൂലയിൽ നിന്നു.
ഗ്രാമീണ സൗന്ദര്യം.. സുന്ദരി..
തട്ടമിട്ട കുട്ടികളെ കണ്ടാൽ നജീബിൻ്റെ കണ്ണുകൾ പൂക്കാൻ തുടങ്ങും..
മറ്റുള്ളവരും ആ സൗന്ദര്യത്തെ ആസ്വദിക്കുന്നത് അവളും മനസ്സിലാക്കുന്നതിൻ്റെ ഉത്സാഹവും സ്വതവേ പുഞ്ചിരിക്കുന്ന അവളുടെ മുഖഭാവം കണ്ടാലറിയാം..
വെറെയും ആൾക്കാർ ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു.. നഗരത്തിലെ ബസ്സ് സ്റ്റോപ്പ് പരിചയമില്ലാത്തവരുടെ സംഗമകേന്ദ്രമാണ്.. സ്ഥിരം യാത്രക്കാർ രാവിലെയും വൈകിട്ടു മാത്രമേ ഉണ്ടാവാറുള്ളൂ. രാവിലെത്തെ തിരക്ക് കഴിഞ്ഞാൽ പിന്നെ ആരൊക്കെയോ വരുന്നു.. അവരുടെ ബസ്സിൽ കയറി അവരും പോകുന്നു. ഒരേ നാട്ടിലുള്ള ഒരേ ഭാഷ സംസാരിക്കുന്നവരായിട്ടും വാക്കുകൾ മറന്നു പോയവരുടെ ജീവനില്ലാത്ത നോട്ടങ്ങൾ. കണ്ണുകളിൽ നിസ്സംഗതയും പലതരം ആകുലതകളും മാത്രം. ആരും ആരെയും ശ്രദ്ധിക്കുകയോ അന്വേഷിക്കുകയോ പരസ്പരം സംസാരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത അപരിചിതരായവരുടെ പലതരം മുഖമുള്ള കാത്തിരിപ്പിൻ്റെ ലോകം.
ചിലർ നാട്ടിലേക്കുള്ള ബസ്സിനെ, ചിലർ വരാമേന്നേറ്റവരെ.. മറ്റു ചിലർ ഇതുവഴി വരുമായിരിക്കും എന്ന് കരുതുന്നവരെ.. മറ്റു ചിലർ ഒന്നും ചെയ്യാനില്ലാതെ നേരം കളയാൻവേണ്ടി വെറുതെയിരിക്കുന്നവർ ..
ആരെയെന്നില്ലാത ആരെയോ
കാത്തിരിക്കുന്നവരുടെ വിശ്രമകേന്ദ്രവും
ബസ്സ് സ്റ്റോപ്പാണ്. രാത്രികളിലും മഴക്കാലത്തും പലതും ഉണ്ടായിട്ടും എല്ലാം ഉപേക്ഷിച്ച ചിലരും … ജീവിതത്തിൽ
ഒന്നും ഇല്ലാത്തവരും ഈ കൂടാരത്തിലെ ഇരുട്ടിൽ ഒന്നാകും. അവരുടെ കൊട്ടാരമായും കിടപ്പറയായും ഇതേ ബസ്സ് സ്റ്റോപ്പ് രൂപം മാറിയാൽ ഇരുട്ടിൻ്റെ നാണത്താൽ ശബ്ദങ്ങൾ കുറുകി കുറുകി ചിരിക്കും…
പ്രകൃതിയുടെ കളങ്കമില്ലാത്ത പ്രണയതാളങ്ങൾ സ്വപ്നങ്ങളുടെ നിലാ പൊയ്കയിലുടെ ഇരുട്ടിലേക്ക് തോണി തുഴഞ്ഞ് പോകും…
അര മണിക്കൂർ കഴിഞ്ഞ് പല ദിക്കിലേക്കും ബസ്സ് പോയിട്ടും ആ സുന്ദരി അവിടെത്തന്നെ നിൽക്കുന്നത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിനിടെ നജീബിൻ്റെ കണ്ണുകളിൽ അവൾ സുറുമയിട്ടു തുടങ്ങിയിരുന്നു. ഒരു ചിരി കൂട്ടിമുട്ടുന്നത് പ്രകാശനും കണ്ടു..
അവരുടെ ചർച്ചകളും ചിരിയും കളിയും അവളുടെ ചിരിയിലെ മഴവില്ലായി
ഇത്രയും സമയമായിട്ടും അവൾ പോയിട്ടില്ല എന്ന കാര്യം മറ്റുള്ളവർ ശ്രദ്ധിച്ചതും അവൻ്റെ ചിരി കണ്ടിട്ടാണ്.
നജീബ് അങ്ങിനെയാണ്.. പെട്ടന്ന് തന്നെ ഒരാളെ ഇഷ്ടപ്പെട്ടാൽ ലൈൻ
ശരിയാക്കിക്കളയും ..പിന്നെയത് മടിയില്ലാതെ കൂടെയുള്ളവരോട് തുറന്ന് പറയുകയും ചെയ്യും.
പേരറിയാത്തവളുടെ വീടും നാടുമറിയാനുള്ള ആകാംക്ഷയായ്..
ഇവിടെ നിന്ന് ചോദിച്ചാൽ പറഞ്ഞില്ല ങ്കില്ലോ.. അതു വേണ്ട വീടെവിടെ എന്നറിയണം. ഉള്ള കൂട്ടത്തിലാണോ എന്നറിയാതെ വെറുതെ കളയാൻ സമയമില്ല.. പഠിത്തം കഴിയാറായ് ഇനി ജീവിതമാണ് ലക്ഷ്യം.
ഇഷ്ടം അന്നങ്ങിനെയാണ് പേരറിയണം നാട് അറിയണം വീട്ടുകാർ ആരൊക്കെയെന്നറിയണം..
അബദ്ധങ്ങൾ പറ്റരുതല്ലോ .
രണ്ടു മണി ആകാറായിട്ടുണ്ടാവും.
അവൾ പോകുന്ന ബസ്സിൽ നമുക്കും കയറിയാലൊ…
നജീബ് പറഞ്ഞു.
എവിടെക്കെന്ന് പറഞ്ഞ് ടിക്കറ്റ് എടുക്കും.
ലാസ്റ്റ് സ്റ്റോപ്പിലേക്ക് എടുക്കണം
നജീബ് നല്ല ഉത്സാഹത്തിലാണ്.
പോക്കറ്റ് മണി ആവശ്യത്തിന് എല്ലാവരുടെ കൈയ്യിലും ഉണ്ടാകും..പക്ഷെ ഒളിപ്പിച്ച് വെക്കുന്നതാണ് പതിവ്..
ശരി പോകാം എന്ന്
പ്രകാശൻ തലയാട്ടി ഉറപ്പിച്ചു.
നിങ്ങൾ പോയിട്ടു വരൂ ..എന്ന് പറഞ്ഞ്
ബിജുവും രാജേഷും മറ്റുള്ളവരും ഒഴിഞ്ഞുമാറി.
അഴീക്കൽഫെറി ബസ്സുവന്നു നിർത്തി.
അവൾ ആ ബസ്സിൽക്കയറി.. പിന്നാലെ നജീബും പ്രകാശനും മുന്നിലൂടെ തന്നെ ചാടിക്കയറി. അവളുടെ തൊട്ട് പിറകിലായ് നിന്നു. മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുന്നതിനിടയിൽ അവൾ ശ്രദ്ധിക്കുന്നതും , തിരിഞ്ഞു നോക്കുന്നതും പ്രകാശൻ കാണുന്നുണ്ടായിരുന്നു.
കണ്ടക്ടർ വന്നു.
അവൾക്ക് പാസ്സ് ഉണ്ടായിരുന്നത് കൊണ്ട് ഇറങ്ങേണ്ട സ്ഥലത്തിൻ്റെ പേര് പറയുന്നത് രണ്ടാളും കേട്ടില്ല.
ലാസ്റ്റ് സ്റ്റോപ്പിലേക്ക് 10 കിലോമീറ്ററേയുള്ളൂ.
അഴിക്കൽഫെറിയിലേക്ക് രണ്ട് ടിക്കറ്റ് നജീബ് എടുത്തു.
പെൺകുട്ടി ഇറങ്ങാൻ സാധ്യതയുള്ള
ഒരോ സ്റ്റോപ്പിലും ബസ്സ് നിർത്തുമ്പോൾ ഇറങ്ങാൻ രണ്ടാളും റെഡിയായ് നിൽക്കുകയാണ്.
ചാലാടും , അലവിലും കഴിഞ്ഞു.
ക്ഷമ ആകാംക്ഷയായ് മാറുന്നു.
ഇവരുടെ ലക്ഷ്യം അവൾക്ക് മനസ്സിലായത് കൊണ്ടാണോന്നറിയില്ല
അടുത്ത സ്റ്റോപ്പിൽ എത്തുന്നതിന് മുന്നെ അവൾ ഇടക്കിടെ തിരിഞ്ഞ് നോക്കുന്നത് നജീബ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഇഷ്ടങ്ങൾ പൂക്കാലമാകുന്നത് അങ്ങിനെയാണ്.
മറ്റൊന്നുമറിയാത്തവരുടെ കണ്ണുകളിൽ
അവർ മാത്രം തിളങ്ങുന്ന ലോകം.
ബസ്സ് നിർത്തി.
ഒന്നുരണ്ട് പേർ വേറെയും ഇറങ്ങാനുണ്ടായിരുന്നു. അവരുടെ പിന്നാലെ അവളും ഇറങ്ങി. മെല്ലെ മുന്നോട്ട് നടക്കാൻ തുടങ്ങിയിരുന്നു.
പ്രകാശനും നജീബും അവിടെ ഇറങ്ങി..
ബസ്സ്സ്റ്റോപ്പിൽ തന്നെ നിന്നു.
മുടിയൊക്കെ വാരിയൊതുക്കി പിന്നാലെ . മറ്റാരും ശ്രദ്ധിക്കാത്ത രീതിയിൽ മെല്ലെ നടന്നു.റോഡിൽ വേറെയാരും ഉണ്ടായിരുന്നില്ല
മുന്നോട്ടുള്ള രണ്ടാമത്തെ വീട്ടിൻ്റെ ഗേറ്റിൽ എത്തിയപ്പോൾ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് ഗേറ്റ് തുറന്ന് അവൾ വീട്ടിലേക്ക് പോയി.
ഗേറ്റ് കഴിഞ്ഞിട്ടും രണ്ടാളും കുറച്ച് കുടി മുന്നോട്ട് നടന്നു. അവിടെ നിന്ന് പരിസരം ശ്രദ്ധിച്ചു. ഉച്ചയായത് കൊണ്ട് കൂടുതൽ ആളുകൾ റോഡിലില്ല.
ഇനിയെന്ത് ചെയ്യും
പഴയതാണങ്കിലും വലിയ വീടാണ്.
ഇവിടം വരെ വന്നിട്ട് തിരിച്ച് പോകുന്നതിന് മുന്നെ
പേരെങ്കിലും അറിയണം.
വീട്ടിലേക്ക് കയറിപോകാം നീ വാ..
പ്രകാശൻ പറഞ്ഞു..
പഠിക്കുന്ന കാലത്തും തലപ്പൊക്കം ഉള്ള
രണ്ടാളുടെ കൈയ്യിലും നോട്ട് പുസ്തകം ഉണ്ടായിരുന്നു. ഗേറ്റ് തുറന്ന്
വീട്ടിലേക്ക് ക്കയറി .മുൻവശത്തൊന്നും ആരുമില്ല.. ആണുങ്ങളുടെ ചെരിപ്പും കാണുന്നില്ല. കോളിങ്ങ് ബെൽ അടിച്ചു.
മധ്യവയസ്കയായ ഒരു സ്ത്രി വാതിൽപടിയും പിടിച്ചു പുറത്തേക്ക് എത്തി നോക്കുന്നതിനിടയിൽ
പ്രകാശൻ പറഞ്ഞു.
സെൻസസ് എടുക്കാൻ പഞ്ചായത്തിൽ നിന്ന് വന്നവരാണ്.. നിങ്ങളുടെ
റേഷൻ കാർഡ് എടുക്കാമോ…?
അകത്തേക്ക് പോയിട്ടവർ
റേഷൻ കാർഡ് എടുത്തു കൊണ്ടുവന്നു. പ്രകാശൻ വാങ്ങി.
എന്താണ് നടക്കുന്നത് എന്ന് മനസിലാവാതെ ചുറ്റിലും പരതിക്കൊണ്ടിരിക്കുന്ന
നജീബിനോട് എഴുതിയെടുക്കാൻ കണ്ണ് കൊണ്ടു പറഞ്ഞു.
കാർഡിലുള്ള 7 പേരിൽ
എത്ര പേർ ഇവിടെ താമസം ഉണ്ട്..?
വിദേശത്തുള്ളവർ ആരൊക്കയാണ്…?
സ്കൂളിൽ പഠിക്കുന്നവർ..
കോളേജിൽ പഠിക്കുന്നവർ ഉണ്ടോന്ന് ചോദിക്കുന്നതിനിടെ
നസീമാ …. ന്ന് നീട്ടി വിളിച്ചു.
പഞ്ചായത്തീന്ന് രണ്ടാള് വന്നിട്ടാ….
അവൾ പുറത്ത് വരുമ്പോൾ തന്നെ ഞെട്ടിത്തരിച്ചു പോയി.
ബസ്സ് സ്റ്റോപ്പിൽ കണ്ട രണ്ടു പേരും മുറ്റത്തും ഉമ്മറത്തുമായ് നിൽക്കുന്നു.. നജീബും നസീമയും പരസ്പരം കണ്ടു.. കണ്ണിൽ
ആശ്ചര്യച്ചിരിയും.. അത്ഭുതവും.
ഉമ്മാനോട് റേഷൻ കാർഡിൽ നോക്കി ഒരാൾ എന്തൊക്കയോ ചോദ്യങ്ങൾ ചോദിക്കുകയാണ്.
മുസ്തഫ ഗൾഫിൽ എത്ര കാലമായ്..
നസീമ ഏത് കോളേജിലാ.ഏതാ കോഴ്സ്..
എല്ലാം നോട്ട് ചെയ്യാൻ ഭാവമാറ്റമില്ലാതെ നജീബിനോട് പറഞ്ഞു.
പശു ,ആട് ഉണ്ടോ…?
പഞ്ചായത്തിൽ നിന്ന് കണക്കെടുക്കാൻ വന്നവർ ,അവളുടെ കണ്ണുകളിൽ വല്ലാത്ത അത്ഭുതവും ആശ്ചര്യവുമായിരുന്നു. ചിരിയടക്കിപ്പിടിച്ച് രണ്ടുപേരും കൺനിറയെ അത്തർ മണത്തിൽ കുളിച്ചു . അപ്പോഴും
പഞ്ചായത്തിൽ നിന്ന് സെൻസസിന് വന്ന പ്രകാശൻ റേഷൻ കാർഡിൽ നോക്കി ഉമ്മാനോട് ഒരോ വിവരങ്ങളും ചോദിച്ചറിയുകയായിരുന്നു.