രചന : സന്ധ്യ ഇ ✍
ആദ്യമൊക്കെ കുരയ്ക്കുമായിരുന്നു
ഇലയനങ്ങിയാൽ
എലിയോടിയാൽ
അയലത്തെ ചേട്ടൻ ബീഡി കൊളുത്തിയാൽ
മച്ചിങ്ങ വീണാൽ
നിരത്തിലൂടെ അസമയത്ത്
ഒരു സൈക്കിൾ നീങ്ങിയാൽ.
കുരക്കലാണ് ധർമ്മമെന്നാരോ
ചെവിയിൽ പറയാറുണ്ടായിരുന്നു.
സ്വൈര്യം കെടുത്തുന്നുവെന്നും
സ്വകാര്യത നഷ്ടപ്പെടുന്നുവെന്നും പറഞ്ഞ്
പൊതിരെ തല്ലു കിട്ടിയപ്പോഴാണ് മിണ്ടാതായത്.
അതിക്രമിച്ചു കയറുന്നവരെ
കടിക്കാറുണ്ടായിരുന്നു മുമ്പ്.
അതുമിതും വിൽക്കാൻ വരുന്നവരെ
സംഭാവനക്കാരെ
രാഷ്ട്രീയ പിരിവു കാരെ
അപരിചിതരെ…
വേണ്ടപ്പെട്ട ചിലരെ കടിച്ചെന്നാരോപിച്ചാണ് കാലു തല്ലിയൊടിച്ചത്.
കടി നിർത്തി.
മൂക്കിൻ തുമ്പത്തു വന്നിരിക്കുന്ന ഈച്ചയുടെ
വ്രണങ്ങളെ ചുറ്റിപ്പറക്കുന്ന
പ്രാണികളുടെ
സ്ഥലം കയ്യടക്കുന്ന പൂച്ചയുടെ
കല്ലെറിയുന്നവരുടെ
നേർക്കുള്ള പ്രതിഷേധമായിരുന്നു മുരളൽ
തിളച്ച വെള്ളമാണ് മുഖത്തൊഴിച്ചത്.
രാവും പകലും കഴുത്തിൽ തൊടലിട്ടു കെട്ടി
പരാതിയോ പരിഭവമോ പറയാനാകാതെ
കിട്ടുന്ന ഭക്ഷണം കഴിച്ച്
ഇങ്ങനെ കഴിഞ്ഞുകൂടാൻ തുടങ്ങിയപ്പോഴാണ്
പട്ടിയെന്ന പേരുമാറി
ഞാനൊരു മനുഷ്യനായത്.
■■■
വാക്കനൽ