രചന : എസ്.എൻ.പുരം സുനിൽ✍

ഒടുവിൽ പൊടിഞ്ഞ മഴയിൽ കുതിർന്ന
മനമേറും വേഴാമ്പലെന്ന പോലെ
ഒരുവരിച്ചന്തമുറവ പൊട്ടീടുവാൻ
മഴയെത്തി, മാമയിൽ നൃത്തമാടി.

തനു തണുത്തുള്ളം തുളുമ്പും തെളിനീരി-
ലുറയുന്ന മോഹന വർണ്ണജാലം
പകരുന്ന കാമനയിക്കിളിക്കൂട്ടിലെ
കിരുകിരുപ്പിൻ സർഗ്ഗ മധു പൊഴിച്ചു.

വിരിയുന്നതൊക്കെയും പ്രണയമാണപ്പൊഴും
പ്രണയിനി കാണാക്കരയിലെങ്ങോ
നിനവിൻ പുതപ്പിലെ ചൂടേറ്റു തേടുന്ന
പ്രണയാസവത്തിലെ ചേരുവകൾ

തൂലികത്തുമ്പാൽ വരച്ചുണർത്തീടുവാ-
നാവാതെയുഴലുന്ന ന്യൂനതകൾ
മറികടന്നാർദ്രം കവിത്വമായി മാറുവാൻ
കയറിച്ചരിക്കേണ്ട സൗഭഗങ്ങൾ

അക്ഷരജാലങ്ങൾ നെയ്യുന്ന മാന്ത്രിക –
പ്പട്ടണിഞ്ഞെത്തും ദിനങ്ങളെന്തേ
അന്യമായീടുവാനെന്നു നിനച്ചേറെ
നീലനിശീഥിനി ചാഞ്ഞുറങ്ങെ,

നീലക്കടമ്പുകൾ മൊട്ടിട്ട സൗരഭ്യ –
ച്ചേരുവ കാവ്യത്തിലേറ്റുവാങ്ങി
പ്രേയസീഭാഷ്യം രചിച്ചു പവനനെ
ദൂതുമായി കാണാക്കരയിലേറ്റി.

മുഖതാവിൽ കാണാതെ, മുറയറിഞ്ഞീടാതെ
മുഖപുസ്തകത്തിന്റെയിരു കരയിൽ
മുളയിട്ട പ്രണയം തുളുമ്പിത്തുടിക്കുവാൻ
കനവുകൾ പൂത്തൂ… സഖിയുറങ്ങീ..!!!

By ivayana