രചന : പി.ഹരികുമാർ✍

വിഷു കഴിഞ്ഞൂ,വിഷുക്കണി കഴിഞ്ഞൂ,
കണിക്കൊന്നക്കൊഴിച്ച്,വിഷമോം കഴിഞ്ഞൂ.
മുഴുക്കണിയായിരുന്നന്തിയോളം.
ആഘോഷമേളവും,ആശംസാവർഷവും;
പങ്കാളി,ബംഗാളി,
ബന്ധുക്കൾ,ശത്രുക്കൾ,
ബഹുവിധമവരുടെ സങ്കരങ്ങൾ—-
ലഹരിയുറക്കാത്ത രാത്രിയാമങ്ങൾ——
2
ഉറക്കമുണരാതിന്ന്,
കൺമിഴിക്കുമ്പോൾ,
കണിത്തട്ടമുണ്ടയ്യോ,
വാടിയ പൂക്കളെ കാട്ടാതെ,
തീൻമുറിക്കോണിലൊളിച്ചിരിപ്പൂ.
പോയിരിക്കുന്നൂ,വാടാത്ത;
കറൻസി,കസവുപുടവ,
ലോഹക്കണ്ണാടി,സിന്ദൂരച്ചെപ്പ്,
സ്വർണബിസ്ക്കറ്റ് ——!
വാടുന്ന സ്വർണപ്പൂവാർക്കും വേണ്ടിനിയൊന്നിനും;
പിറവി,പേരിടീൽ,ചോറൂണ്,തെരുണ്ടുകുളി,
മനസമ്മതമൊപ്പന,പൂത്താലി,പുളികുടി,
കാവിലെപാട്ട്,തെയ്യം,തിറ,ഉത്സവമാറാട്ട്,
പെരുന്നാള്,തിരുവോണം,തിരുവാതിര,
തൈപ്പൂയം,ദസറ,ദീവാളി.
പാല്കാച്ചൽ,മാമ്മോദിസ,
ചിരകാലകാമുകിയുടെ നിക്കാഹ്.
വേണ്ടാ,
കൊടിയുയർത്താനുമിറക്കാനും,
ഒക്കെക്കഴിഞ്ഞുള്ള പ്രതിജ്ഞകൾക്കും.
വേണ്ടവേണ്ടാ,
ബഹുനീളൻ വോട്ടിടാനുള്ള ക്യൂവിലൊരിക്കലും!
ഒഴിവാക്കാനാവില്ലൊരിക്കൽമാത്രം;
വാർഷികക്കൈനീട്ട വിഷുദിനത്തിൽ!
കവിക്കാവതില്ലേ ഓർക്കാതിരിക്കാൻ;
സ്വർണമല്ലായിരുന്നീ കണിപ്പൂവിലെങ്കിലോ?!
———–

പി.ഹരികുമാർ

By ivayana