രചന : S. വത്സലജിനിൽ✍

രാത്രി,
നിനച്ചിരിക്കാതെ,പെയ്ത
വേനൽമഴയിൽ
ആകേ കുതിർന്നു പോയ
മണ്ണിൽ അമർത്തി
ചവിട്ടി
ധൃതിയിൽ അയ്യാൾ നടന്നു.
തൊടിയിലാകെ
തുടിച്ചു കുളിച്ചു തോർത്തി നിൽക്കുന്ന
മരങ്ങളിൽ നിന്നും അപ്പോഴും നീർതുള്ളികൾ നാണത്തോടെ, ഇറ്റ് വീണ് ഭൂമിയോട് ചേരാൻ വെമ്പി മൗനമായൊരു പ്രാർത്ഥന പോലെ നില്പുണ്ടായിരുന്നു!
നേർത്തൊരു കാറ്റ്, ഒളിച്ചൊളിച്ചു
വന്നു,
ചെറുങ്ങനെ
മരചില്ലകളെ
പിടിച്ചുലച്ചു കളിയാക്കിക്കൊണ്ടിരുന്നു.
പറമ്പിനോട്‌ ചേർന്നുള്ള,
നാട്ടുമാവിന്റെ അടുക്കലെത്തിയതും
അതിൽ പടർന്നു പന്തലിച്ചു കിടന്ന മുല്ലവള്ളിയിൽ നിന്നും പൊടുന്നനെ
കുറച്ചു തുള്ളികൾ പൂക്കളോടൊപ്പം ഊർന്ന് കുസൃതിച്ചിരിയുടെ:
ആലിപ്പഴങ്ങൾ വിതറും പോലെ
അയാളുടെ നിറുകിലേയ്ക്ക്
വന്നു വീണു!
‘ഹാ ‘അയ്യാൾ ശരിക്കും
കുളിർന്നു പോയി.
ലേശം , പിന്നോട്ട് മാറി,
ദേഹത്തെ നീർ തുള്ളികൾ തട്ടിക്കളയുമ്പോൾ,,
ആ മുല്ലപ്പടർപ്പിനെ നോക്കി,
ഏതോ ഓർമ്മകൾ പൂത്തു
മണത്തപോലെ,,
ഓടിച്ചെന്നതിനെ
പാടെ പിടിച്ചൊന്നു കുലുക്കി,
ഒന്നൂടിയൊന്നു
നനയുവാൻ
അയാളപ്പോൾ
വളരെ മോഹിച്ചു പോയി.
തന്റെ ദേഹത്താകേ,
അപ്പോൾ
നനഞ്ഞ മുല്ലപ്പൂവിന്റെ സുഗന്ധം
നിറഞ്ഞു നിൽക്കുന്നതായി അയാൾക്ക്‌ തോന്നിപ്പോയി.
ഇവിടെ ഇങ്ങിനെ,
നിന്നാൽ മതിയോ..?
മഴ പെയ്തതോടെ ഏറെ ചാഞ്ഞു വന്ന് നിന്ന ചെമ്പരത്തി ദേഹത്തേയ്ക്ക് മുട്ടിയുരുമ്മി കൊണ്ടു ചോദിച്ചു
ശരിയാണല്ലോ..?
രാവിലെ ബാങ്ക് തുറക്കും മുൻപേ,
അവിടെ ചെന്ന് നിന്നാൽ
പെട്ടെന്ന്
പണയം വച്ച് മടങ്ങാം
എന്നിട്ട് വേണം,
എൻട്രൻസ് കോച്ചിംഗ് ക്ലാസ്സിന്
മകനെ കൊണ്ട് പോയി ചേർക്കാൻ!!!
അവിടെ അഡ്മിഷൻ എടുക്കുമ്പോൾ തന്നെ ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് :
ഇന്നലേം കൂടി വിളിച്ചപ്പോൾ
പ്രിൻസിപ്പൽ അറിയിച്ചിരുന്നു!!
അതാണിപ്പോ കുരിശ് ആയത്!!
പണയം വയ്ക്കൽ അല്ലാതെ
മറ്റ് മാർഗം ഒന്നും ഇല്ലായിരുന്നു!
അവളുടെ താലി മാല!
രണ്ട് വളകൾ
പിന്നെ രണ്ടാളുടേം വിവാഹമോതിരങ്ങൾ!!
“ഇത്രേം മതിയാകും!ട്ടോ..”
ഒക്കെ ഭദ്രമായി പൊതിഞ്ഞു
കൈയിൽ വച്ചു തരുമ്പോൾ
നിസ്സംഗതയോടവൾ പറയുന്നുണ്ടായിരുന്നു.
എന്ത് ചെയ്യും!!
എല്ലാ നിവർത്തികേടും വന്നത്,
കോവിഡിന്റെ രൂപത്തിൽ ആയിരുന്നു.
ഗൾഫിലെ ജോലി ഞാണിന്മേൽ കളി ആയിരുന്നെങ്കിലും കൃത്യമായി ശമ്പളം കിട്ടിയിരുന്നു.
പക്ഷേ കോവിഡ് പ്രതിസന്ധികൾ വന്നതോടെ ആ ജോലി എന്നന്നേക്കുമായി
നഷ്ടപ്പെട്ടു., അങ്ങിനെ
നാട്ടിലേയ്ക്ക്‌ പോരേണ്ടിയും വന്നു.
നാട്ടിൽ വന്നതോടെ
പ്രതീക്ഷ ആകേ നഷ്ടപ്പെട്ടു.
ജോലിയൊന്നും കിട്ടുവാനില്ലാതെ
വിഷമിച്ചു മാസങ്ങൾ
തള്ളി നീക്കി.
അതിനിടയിൽ കൈയിൽ ഉണ്ടായിരുന്ന മിച്ചമെല്ലാം തീരുകയും ചെയ്തു!!
ഇപ്പോ ചെറിയൊരു ജോലി തരായി
അത്രന്നെ!
ശമ്പളം!!
ഒന്നും പറയാണ്ടിരിക്ക്യ ഭേദം,
ബംഗാളിക്കായാലും,
മലയാളിക്കായാലും
ഒന്നിനും
ഒട്ടും തികയില്ല ‘ന്നെ.!!!
മൂന്ന് മക്കൾ!
എല്ലാരും പഠിക്കുന്നു!
പ്ലസ് ടു കഴിഞ്ഞ മകന് ഒരേ നിർബന്ധം എൻട്രൻസിന് ചേരണം’ന്ന്!
അവനെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ.
കുട്ടിക്കാലം മുതൽ
അതും പറഞ്ഞു പറഞ്ഞു പഠിപ്പിക്ക്യ തന്നായിരുന്നില്ലേ
എപ്പോഴും, തങ്ങൾ ചെയ്തതും!!!
കാലം മാറി മറിയും എന്നാരും
അപ്പോൾ ഓർത്തില്ല!!
അവൻ പഠിക്കും,,
പക്ഷേ പൈസയ്ക്ക്
പൈസ തന്നെ വേണോല്ലോ!!
ഇല്ല്യാച്ചാൽ എന്താ ചെയ്ക!!
മാനത്തു നല്ല മഴക്കാറുണ്ടല്ലോ
പെയ്യട്ടെ!അങ്ങട്
മണ്ണിനല്പം ആശ്വാസം കിട്ടട്ടെ.
ഭാര്യ ഓർത്തെടുത്തു,കൊണ്ടു വന്നു
നൽകിയ കുട
വലത്തേകൈയിൽ മുറുകെ പിടിച്ചയാൾ
നടന്നു……..
വേഗത്തിൽ…

അല്ല!
റോഡിൽ ആകെയൊരു
ഒച്ചപ്പാടും, ബഹളോം
എന്താപ്പോ സംഭവിച്ചേ!!
എല്ലാരും ഓടുകയാണല്ലോ!!
രാഘവേട്ടൻ അല്ലേ അത്..മാധവനും
ഒപ്പം ഉണ്ടല്ലോ.
“എന്താ സംഭവിച്ചേ അവിടെ!!
‘ചോദ്യം കേട്ടിട്ടും,,ഒന്ന് മിണ്ടാനാകാത്ത വിധം അയ്യാൾ എങ്ങിയേങ്ങി കരയുകയാണല്ലോ!
ഇനി അപകടം!
അദ്ദേഹത്തിന്റെ ആർങ്കിലും ആവോ..?
എല്ലാരും,
സംഭവം മൊബൈലിൽ പകർത്തുന്നത് കാരണം ഒന്നുമൊട്ട് കാണാനും പറ്റുന്നില്ല!!
തിരക്കോട് തിരക്ക്!
കുറച്ചു മുൻപ്,
എത്ര സന്തോഷത്തോടെ,
ചായയും കുടിച്ചു,
തമാശയും പറഞ്ഞു ചിരിച്ചു
ഇതിലൂടെ നടന്നു പോയ മനുഷ്യനാണ്.
ഇത്രേ ഉള്ളൂ!!
മനുഷ്യന്മാരുടെ കാര്യം!!
വീണ്ടും,തോളത്തിയിട്ടിരുന്ന തോർത്തെടുത്തു കണ്ണീരൊപ്പിക്കൊണ്ട് തളർന്ന ശബ്‌ദത്തിൽ രാഘവേട്ടൻ
പറഞ്ഞത് നിർന്നിമേഷനായി
അയ്യാളും കേട്ട് നിന്നു!!
അതാ,
ആളുകൾ പിന്നിം പിന്നിം ഓടി വരുന്നുണ്ടല്ലോ.
ഇതിനകം തന്നെ
റോഡ് ആകേ ബ്ലോക്കായിക്കഴിഞ്ഞിരുന്നു.
പോലീസും, അമ്പുലൻസും
ആകേ കൂടി ബഹളം
“കൈയിലെ സ്വർണ്ണം!
ഓ മടിക്കുത്തിൽ
ഭദ്രമായിരിപ്പുണ്ട്!
ഇന്നിനി
ബാങ്കിൽ പോവണ്ട!
ഇവിടെയാകെ ബഹളവും വേവലാതിയുമാണ്!
ആംബുലൻസിന് പിന്നാലെ
കുറച്ചു നാട്ടാരും ആസ്പത്രിയിലേയ്ക്ക് പോകുകയാണല്ലോ..
ഇതുവരേം ഒരു ബസും വന്നില്ലല്ലോ!
ഇനി,കാത്ത്നിൽക്കണ്ട!
വീട്ടിലേക്ക് തന്നെ മടങ്ങാം!!
അല്ല!അതിനകം
എല്ലായിടത്തും കരിങ്കൊടിയും നാട്ടിക്കഴിഞ്ഞോ
കടകളെല്ലാം വേഗത്തിൽ അടച്ചു പൂട്ടുന്നു.
‘വീണ്ടും,മഴ പെയ്തു തുടങ്ങീല്ലോ ‘
അല്ലല്ലാ
നിറുത്താണ്ട് കോരി ചൊരിയുകയാണല്ലോ!!
അയ്യോ!!
തിക്കിലും തിരക്കിലും പെട്ട്
എങ്ങിനെയോ തന്റെ കുട നഷ്ടപ്പെട്ടു പോയീല്ലോ!
ആകേ നനഞ്ഞു കുളിച്ചു
അയ്യാൾ ഓടി………..വീട്ടിലെത്തി!
‘ഇവിടെ, എന്താ
അതിലും വല്യഒരാൾക്കൂട്ടം!
“ങേ
ഇതിപ്പോ ന്താ ഇവിടെ ഇങ്ങിനെ ഒരാൾക്കൂട്ടം!
അയ്യാൾ എല്ലാരേം വകഞ്ഞു മാറ്റിക്കൊണ്ട് ഓടി അകത്തു കയറി.
പരിഭ്രാന്തിയോടെ എല്ലായിടത്തും
ആരെയൊക്കെയോ തിരഞ്ഞു!!
അമ്മ!
ഭാര്യ!
മക്കൾ മൂന്ന് പേരും!!
എല്ലാരും ഉണ്ടല്ലോ
അയ്യാൾക്ക്‌ ശ്വാസം നേരെ വീണു!
ഹാവു “
ആർക്കും ഒരു കുഴപ്പവും ഇല്ല!
എന്നിട്ടും എന്തിനാ ഇവർ ഇങ്ങിനെ കരയുന്നത്!!
ദേ നോക്കൂ!!
ഞാൻ ഇവിടെ തടിവടി പോലെ
നിൽക്കുന്നത് കണ്ടില്ലേ
ഈ മുറവിളി ഒന്ന് നിറുത്തൂ!!
കാര്യം,എന്താച്ചാൽ പറയൂ!!
അയ്യാൾ ഗതികെട്ട പോലെ ഭാര്യയോടും മക്കളോടുമായി പുലമ്പി!!
അവരെല്ലാം
പക്ഷേ അതൊട്ടും കേൾക്കാതെ
കാണാതെ
മുറ്റത്തേയ്ക്ക് നിലവിളിച്ചു കൊണ്ട് ഓടുകയാണ് ചെയ്തത്.!!
അയ്യാളും പിറകേ ഓടി
അവിടെ കണ്ട കാഴ്ച
മറ്റാരേക്കാളും
അയാളെയാണ് ഏറ്റവും ഞെട്ടിച്ചത്!
സ്മശ്രുക്കൽ വളർന്ന, തന്റെ മുഖത്ത് കൈയമർത്തി
അറിയാതെ അയ്യാൾ ഒന്ന് നിലവിളിച്ചു പോയി!
അതെ!
അവിടെ കച്ചപുതച്ചു കിടത്തിയിരുന്ന
ആ ഒരാൾ!
അത്,
അയ്യാൾ തന്നെയായിരുന്നു.!!
വഴിയിലൂടെ നടന്നു പോകവേ
നിയന്ത്രണം വിട്ട്
പാഞ്ഞു വന്ന
ട്രാൻസ്‌പോർട് ബസിടിച്ചു
തൽക്ഷണം മരിച്ച-
ആ ഒരാൾ!!

S. വത്സലജിനിൽ

By ivayana